കോഴിക്കോട്: മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം വന്‍അഴിമതിക്ക് വഴിവെക്കുമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി. സുരേഷ്കുമാര്‍ ആരോപിച്ചു. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ഒരു തരത്തിലുമുള്ള മാനദണ്ഡവൂം പാലിക്കാതെയാണ് മിക്ക വകുപ്പുകളിലും സ്ഥലം മാറ്റം നടത്തുന്നത്.
ഭരണാനുകൂല സര്‍വ്വീസ് സംഘടനാ നേതാക്കന്മാരുടെ താത്പര്യത്തിന് വഴങ്ങിയാണ് ഈ സ്ഥലം മാറ്റങ്ങള്‍ നടത്തുന്നത്. സ്ഥലം മാറ്റത്തിന് പൊതുമാനദണ്ഡം എന്ന തത്വം കാറ്റില്‍ പറത്തിയാണ് ഇതെല്ലാം നടക്കുന്നത്. ഇത് സര്‍വ്വീസ് മേഖലയില്‍ അഴിമതിക്ക് വഴിവെക്കുമെന്നും, അതിനാല്‍ സ്ഥലം മാറ്റത്തിന് പൊതുമാനദണ്ഡം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന് യോഗം ഉദ്ഘാടനം ചെയ്തു. അന്തരിച്ച ആര്‍എസ്എസ് പ്രചാരകനും ബിഎംഎസ് മുന്‍ അഖിലേന്ത്യാ വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്ന രാ. വേണുഗോപാലിന് അദ്ദേഹം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. രാ. വേണു ഏട്ടനെ പോലുള്ളവരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്‍ജിഒ സംഘിന് മുതല്‍ക്കൂട്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ സി. സുരേഷ്കുമാര്‍ അദ്ധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍. രമേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. മധുസൂദനന്, സി. ബാബുരാജ്, സംസ്ഥാന സെക്രട്ടറി ടി. ദേവാനന്ദന്, ജോയിന്റ് സെക്രട്ടറി മുരളി, പി. അജിത് കുമാര്‍, ഗോപാലകൃഷ്ണന്, സജീവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: