അടിമാലി: കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയുടെ പണം തട്ടിയെടുത്ത സംഭവത്തില്‍ അഭിഭാഷകന് ബെന്നി മാത്യുവിന് കോടതി രണ്ടു ദിവസത്തെ ജാമ്യം അനുവദിച്ചു.
മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ടാണ് കോടതി ജാമ്യം അനുവദിച്ചത്. അടിമാലി ബാറിലെ അഭിഭാഷകനായ അടിമാലി ചാറ്റുപാറ മറ്റപ്പിള്ളില്‍ ബെന്നി മാത്യു (56), പടികപ്പ് പരിശകല്ല് ചവറ്റു കുഴിയില്‍ ഷൈജന്‍ (43), പടി കപ്പ് തട്ടായത്ത് ഷെമീര്‍ (38), കല്ലാര്‍കൂട്ടി കത്തിപ്പാറ പഴക്കാളിയില്‍ ലതാ ദേവി (32) എന്നിവരെയാണ് അടിമാലി സിഐ അനില്‍ ജോര്‍ജിന്റെ നേത്യത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തിതിരുന്നത്. അടിമാലിയില്‍ ചെരുപ്പ് കട നടത്തുന്ന വിജയനെയാണ് കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ഭീഷണിപ്പെടുത്തി 1.37 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി 27ന് ഒന്നാം പ്രതി ലത വിജയന്റെ വീട്ടില്‍ എത്തി.
വിജയന്റെ ബന്ധുവിന്റെ 9.5 സെന്റ് സ്ഥലം വാങ്ങാന്‍ എന്ന പേരിലാണ് ലത അവിടെ എത്തിയത്. സ്ഥലം വില്പന സംസാരിക്കുന്നതിനിടെ വിജയനുമായി അടുത്തിടപഴകുന്ന ചിത്രങ്ങള്‍ ലത വിജയന് അറിയാതെ തന്റെ ഫോണില്‍ തന്ത്രപൂര്‍വ്വം പകര്‍ത്തി. തുടര്‍ന്ന് ലത വീട്ടില്‍ നിന്ന് പോയി. ഫെബ്രുവരി 4-ന് റിട്ടയേഡ് ഡിവൈഎസ്പി എന്ന് പരിചയപ്പെടുത്തി ഷൈജന്‍ വിളിച്ച് വിജയനെ ഭീഷണിപ്പെടുത്തി. വീട്ടില്‍ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും അതിനുള്ള തെളിവ് കൈവശം ഉണ്ടെന്നും അറിയിച്ചു. ഈ സംഭവം ഒതുക്കി തീര്‍ക്കുന്നതിന് ഏഴര ലക്ഷം രൂപ വേണമെന്നും പറഞ്ഞു.
അല്ലാത്ത പക്ഷം പീഡന കേസില്‍പ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഈ തുക രണ്ടാം പ്രതി ബെന്നിയെ ഏല്പിക്കുവാനും നിര്‍ദ്ദേശിച്ചു. ഫെബ്രുവരി 5-ന് എഴുപതിനായിരം രൂപയുമായി വിജയന് ബെന്നിയുടെ ഓഫീസില്‍ എത്തി. ഡിവൈഎസ്പി വിളിച്ച് പറഞ്ഞ പണമല്ലെ എന്ന് പറഞ്ഞ് ബെന്നി പണം വാങ്ങിയതായി പോലീസ് പറഞ്ഞു. പിന്നീട് പലപ്പോഴായി പ്രതികള്‍ വിജയനെ ഭീഷണിപ്പെടുത്തി ആകെ 1.37 ലക്ഷം രൂപ വാങ്ങിയെടുത്തതായി പോലീസ് പറഞ്ഞു. ഫെബ്രുവരി 10ന് കേസിലെ മറ്റൊരു പ്രതിയായ ഷെമീറിന്റെ വാഹനത്തില്‍ വിജയനെ കൊണ്ടുവന്ന് ബെന്നിയുടെ ഓഫീസില്‍ വെച്ച് മൂന്നു ചെക്കിലായി ഏഴ് ലക്ഷം രൂപയും ബലമായി എഴുതി വാങ്ങിയതായും പോലീസ് പറഞ്ഞു. ഭീഷണി തുടര്‍ന്നതോടെ വിജയന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
ഇതിനിടെ പതിനാലാം മൈല്‍ സ്വദേശിയെ പീഡന കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഈ സംഘം വാളറ സ്വദേശിയായ പാപ്പാടി ജോസില്‍ നിന്നും ഇരുപത്തയ്യായിരം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2017 സെപ്റ്റംബര്‍ 18-ന് കല്ലാര്‍കുട്ടിയില്‍ പോസ്റ്റ്മാനെ ഭീഷണിപ്പെടുത്തി എഴുപതിനായിരം രൂപ തട്ടിയെടുത്തത് ലതയും, ഷൈജനും ചേര്‍ന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: