കുമളി: കൊറോണ മഹാമാരി കുമളി പട്ടണത്തിന്റെ മുഖഛായ മാറ്റുമോ?. മാറാതെ മറ്റ് വഴിയില്ലെന്നാണ് വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നല്‍കുന്ന സൂചന. അര നൂറ്റാണ്ടിലധികമായി അന്താരാഷ്‌ട്ര വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയുടെ കമ്പോളമായിരുന്നു ഹൈറേഞ്ചിലെ ഈ അതിര്‍ത്തി പട്ടണം.
മഹാഭൂരിപക്ഷം വ്യാപാര സ്ഥാപനങ്ങളും സഞ്ചാരികളെ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവയായിരുന്നു. ഏറെയും സുഗന്ധവ്യഞ്ജന, കരകൗശല വില്‍പന ശാലകള്‍. കഥകളി, കളരി പയറ്റ്, ആയുര്‍വേദ മര്‍മ്മ ചികിത്സ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ വ്യാപാര സ്ഥാപനങ്ങളും ലക്ഷ്യമാക്കിയിരുന്നത് വിനോദ സഞ്ചാരികളെ തന്നെ. ഇക്കാരണത്താല്‍ നാട്ടുകാരായ ഉപഭോക്താക്കള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് കട്ടപ്പനയുള്‍പ്പെടെ മറ്റ് പ്രധാന പട്ടണങ്ങള്‍ കണ്ടെത്തി. പൊതുഗതാഗത സംവിധാനങ്ങളിലുണ്ടായ
പുരോഗതി അണക്കര പോലെയുള്ള ചെറുപട്ടണങ്ങളുടെ വളര്‍ച്ചക്ക് വേഗത കൂട്ടി. അപ്പോഴൊക്കെയും വിനോദ സഞ്ചാരികളും ശബരിമല ഭക്തതരും കുമളിയുടെ കച്ചവടമേഖലയെ സജീവമായി തന്നെ നിലനിര്‍ത്തി കൊണ്ടു പോന്നു. എന്നാല്‍ കൊറോണ രോഗബാധ ഹൈറേഞ്ചിലെ മറ്റ് പട്ടണങ്ങളെക്കാല്‍ കുമളിയിലെ വ്യാപാര മേഖലയെ സാരമായി ബാധിച്ചു. കൊറോണ ലോകത്തെ പിടിമുറുക്കിയ ശേഷം ഒരു സഞ്ചാരിയും ഇങ്ങോട്ടെത്തുമില്ല.
ഇനി എന്നു വരുമെന്ന് ആര്‍ക്കും നിശ്ചയമില്ല. രണ്ട് പതിറ്റാണ്ടായി തേക്കടിയില്‍ താമസിച്ച് കരകൗശല വ്യാപാരം നടത്തിയിരുന്ന കാശ്മീര്‍ സ്വധേശികളായ നൂറോളം പേര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി. ഇതോടെ നിരവധി കടമുറികള്‍ക്ക് പൂട്ട് വീണു. വണ്ടന്മേട് കവല മുതല്‍ കുളത്തുപാലം വരെയുള്ള ദേശീയ പാതയിലെ മഹാഭൂരിഭാഗം സുഗന്ധവ്യഞ്ഞ ജന വ്യാപാരശാലകളും അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മൂന്ന് മാസം കഴിഞ്ഞു. ദേശീയ-രാജ്യന്തര വിനോദ സഞ്ചാരികള്‍ എത്തിയാല്‍ മാത്രം സജീവമാകുന്ന ഇത്തരം കച്ചവട സ്ഥാപനങ്ങളുടെ ഭാവിയെന്തെന്ന് ആര്‍ക്കും വ്യക്തതയില്ല.
അനിശ്ചിതത്വം തിരിച്ചറിഞ്ഞവര്‍ നാട്ടുകാര്‍ക്ക് വേണ്ടി തങ്ങളുടെ സ്ഥാപനത്തിന്റെ മുഖം മാറ്റാന്‍ തുടങ്ങിയതിന്റെ തെളിവാണ് ഒന്നിലേറെ പലവ്യജ്ഞന, പച്ചക്കറി വ്യാപാര കേന്ദ്രങ്ങള്‍ കുമളി പുതിയതായി പ്രവര്‍ത്തനം ആരംഭിച്ചത്. വസ്ത്ര -ആഭരണശാലകള്‍, ചെരുപ്പുകടകള്‍, മാംസ- മത്സ്യ മാര്‍ക്കറ്റുകള്‍ അങ്ങനെ എല്ലാം വിഭാഗം ഉപഭോക്താക്കള്‍ക്കും സമീപിക്കാവുന്ന കൂടുതല്‍ കച്ചവട സ്ഥാപനങ്ങള്‍ ഭാവിയില്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ മാത്രമേ കുമളിയെ തദ്ദേശീയരുടെ വിപണിയാക്കി മാറ്റി സജീവമാക്കാന്‍ കഴിയുകയുള്ളുവെന്നാണ് വ്യാപാരികളും, നാട്ടുകാരും ഒരേ സ്വരത്തില്‍ പറയുന്നത്. ചിലര്‍ ഇതിനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: