കട്ടപ്പന: മാനദണ്ഡങ്ങള്‍ മൂലം അര്‍ഹത ഉണ്ടായിട്ടും ലൈഫ് പദ്ധതിയില്‍ വീട് നിക്ഷേധിക്കപ്പെട്ട് ഇപ്പോഴും പ്ലാസ്റ്റിക് കൊണ്ട് മറച്ച ഷെഡില്‍ കഴിയുകയാണ് ഒരു കുടുബം.
ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍പ്പെട്ട ചെമ്പകപ്പാറ താന്നിക്കല്‍ ജോസ് ലൂക്കോസാണ് സ്വന്തമായി അടച്ചുറപ്പുള്ള വീട് നിര്‍മ്മിക്കാന്‍ സാധിക്കാതെ താല്കാലികമായി ഉണ്ടാക്കിയ ഷെഡില്‍ ജീവിതം മുന്‍പോട്ടു കൊണ്ടു പോകുന്നത്.
14 വര്‍ഷമായി ജോസും ഭാര്യയും മകനും താമസിക്കുന്നത് ഇവിടെയാണ്. കൂലി വേല ചെയ്ത് കുടുംബം പുലര്‍ത്തുന്ന ആളാണ് ജോസ്. ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോദനയ്ക്ക് എത്തിയപ്പോള്‍ സ്വന്തമായി 50 സെന്റ് സ്ഥലം ഉണ്ടെന്ന കാരണത്താല്‍ വീട് നിഷേധിക്കുകയാണ് ഉണ്ടായത് ലൈഫ്മിഷന് ഭവന പദ്ധതിയുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങളാണ് ഇദ്ദേഹത്തിന് വീട് ലഭിക്കാന്‍ തടസമായത്.
വലിയ നഗരങ്ങളിലും മറ്റും ഭൂമിക്ക് ലഭിക്കുന്ന വില ഹൈറേഞ്ച് പോലുള്ള പ്രദേശത്തെ ചെറു ഗ്രാമങ്ങളില്‍ ലഭിക്കുക ഇല്ല എന്ന തിരിച്ചറിവ് മനസിലാക്കി ഇതുമായി ബന്ധപ്പെട്ടുള്ള നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാണ് പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് അംഗം മാത്യു തോമസ് പറയുന്നത്.
നിലവിലെ കൂര തകരാറിലായതോടെ സമീപത്ത് മറ്റൊരു ഷെഡ് നിര്‍മ്മിച്ച താമസം മാറ്റുവാന്‍ തയ്യാറെടുക്കുകയാണ് ജോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: