കൊല്ലം: സംസ്ഥാനത്തെ 14,600 സ്കൂള്‍ പാചകത്തൊഴിലാളികള്‍ പട്ടിണിയില്‍. കൊറോണ കാരണം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടുകയും ഓണ്‍ലൈന്‍ പഠനം വ്യാപകമാക്കുകയും ചെയ്തതോടെയാണ് ഇവരുടെ ഉപജീവനം വഴിമുട്ടിയത്. 12,700 സര്‍ക്കാര്‍ സ്കൂളുകളിലായാണ് ഇത്രയും തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. 500 കുട്ടികള്‍ക്ക് ഒരു പാചകത്തൊഴിലാളിയെന്ന നിലയിലാണ് ഇപ്പോള്‍. 95 ശതമാനം പേരും സ്ത്രീകളാണ്.
തൊഴിലാളികളുടേത് എന്നവകാശപ്പെടുന്ന ഇടതു സര്‍ക്കാര്‍ ഈ വിഭാഗത്തോട് കടുത്ത അവഗണനയാണ് തുടരുന്നത്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് 2016 ജൂണ്‍ മുതല്‍ 2019 ജൂലൈ വരെ ജോലി ചെയ്ത ഇനത്തില്‍ തൊഴിലാളികള്‍ക്കുള്ള ശമ്പള കുടിശിക നല്‍കാത്തത്. ഇതില്‍ പല തവണ പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും വിവിധ കാരണങ്ങള്‍ പറഞ്ഞ് തുക നല്‍കുന്നത് നീട്ടി. കൊറോണക്കാലത്തെ സമാശ്വാസവേതനമായി പ്രഖ്യാപിച്ച 2000 രൂപയും ഇതുവരെയും പിണറായി സര്‍ക്കാര്‍ വിതരണം ചെയ്തിട്ടില്ല. തൊഴില്‍നഷ്ടത്തിന്റെ സാഹചര്യത്തില്‍ കുടിശിക വേതനം അടിയന്തരമായി നല്‍കണമെന്നും സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.
ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ 66 കോടി രൂപയാണ് ഈ വിഭാഗം തൊഴിലാളികള്‍ക്കായി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് വഴി അധികമായി കേരളത്തിന് അനുവദിച്ചത്. ഈ തുകയും സംസ്ഥാനസര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചതായാണ് സൂചന. ഇതോടൊപ്പം വേതന നിഷേധത്തിന് കൊറോണ സാഹചര്യത്തിന്റെ ഭാഗമായുള്ള സാമ്പത്തിക ഞെരുക്കവും സര്‍ക്കാര്‍ എടുത്തുപറയുന്നു.
കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന പാചകത്തൊഴിലാളികള്‍ കഴിഞ്ഞ മൂന്നു മാസമായി പട്ടിണിയിലായിട്ടും ഈ നീതിനിഷേധം കണ്ടില്ലെന്ന മട്ടിലാണ് വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും മുന്നോട്ടു പോകുന്നത്. ചെറിയ രീതിയില്‍ പോലും പ്രതിഷേധമുയര്‍ത്താനുള്ള സംഘടനാബലം ഇവര്‍ക്കില്ലെന്നതാണ് വാസ്തവം. ഒരായുസ്സ് മുഴുവനും സ്കൂള്‍ കുട്ടികള്‍ക്ക് മാതൃവാത്സല്യത്തോടെ ഉച്ചഭക്ഷണം തയാറാക്കി നല്കുന്നവര്ക്കാണ് ഈ ദുര്‍ഗതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: