നമ്മുടെ രാജ്യം, കഴിഞ്ഞ അനേകം വര്‍ഷങ്ങളായി പാല് ഉല്പാദനത്തില് ലോകത്തു തന്നെ ഒന്നാം സ്ഥാനത്താണ്. മാംസ ഉത്പാദനത്തിലും കയറ്റുമതിയിലും ഇന്ത്യ മുന്‍പന്തിയിലാണ്. മൃഗസംരക്ഷണ ക്ഷീരവികസന മേഖലകള്‍ സ്ഥിരവരുമാന സാധ്യത നല്കി, ഇന്ത്യയുടെ സമഗ്ര കാര്‍ഷിക വികസനത്തില്‍ എല്ലാ കാലവും വലിയ പങ്ക് വഹിച്ചിട്ടുമുണ്ട്. ജീവിതശൈലിയിലെ മാറ്റങ്ങളും വരുമാന വര്‍ദ്ധനവും, രാജ്യത്തെ പാലിന്റെയും മാംസത്തിന്റെയും ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായി. ഗുണമേന്മയുള്ള ഫാം ഫ്രഷ് ഉല്പന്നങ്ങള്ക്കും, വൈവിധ്യമാര്‍ന്ന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കും ആവശ്യകത കൂടിവരുന്നു. അതുകൊണ്ടു തന്നെ ഈ മേഖലകളില്‍ സംരംഭകര്‍ക്ക് ഏറെ പ്രതീക്ഷയാണുള്ളത്.
മൃഗങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും മൃഗങ്ങള്‍ക്ക് സന്തുലിതവും പോഷകവുമായ ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യയിലെ കര്‍ഷകര്‍ കൂടുതല്‍ ബോധവാന്മാരാകുന്നത്, കാലിത്തീറ്റ നിര്‍മ്മാണ മേഖലയിലെ നിക്ഷേപ സാധ്യതകളും വര്‍ധിപ്പിക്കുന്നു. മികച്ച പദ്ധതി അസൂത്രണങ്ങളിലൂടെ നമ്മുടെ രാജ്യത്തെ മൃഗസംരക്ഷണ മേഖലയ്ക്ക്, കര്‍ഷകരുടെ സാമ്പത്തിക ഉന്നമനത്തിനായി കൂടുതല്‍ നിര്‍ണായക സ്ഥാനം വഹിക്കാന്‍ കഴിയും. കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയില്‍ പോലും കര്‍ഷകര്‍ക്ക്, വരുമാനം നല്കാന് കഴിഞ്ഞ മേഖല കൂടിയാണിത്. കൊറോണ പ്രതികൂലമായി ബാധിച്ച ദരിദ്രര്‍, തൊഴിലാളികള്‍, കുടിയേറ്റക്കാര്‍ എന്നിവരെ ശാക്തീകരിക്കുന്നതിനായും, ആഗോള വിതരണ ശൃംഖലയിലെ കടുത്ത മത്സരത്തിനെതിരെ രാജ്യത്തെ സ്വതന്ത്രമാക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് പ്രധാനമന്ത്രി 20 ലക്ഷം കോടി രൂപയുടെ (ഇന്ത്യയുടെ ജിഡിപിയുടെ 10%ന് തുല്യമായ) പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.
ഇതില്‍ ഉള്‍പ്പെട്ട, മൃഗപരിപാലന അടിസ്ഥാനസൗകര്യ വികസന നിധി രൂപീകരണത്തിന്, കേന്ദ്ര മന്ത്രിസഭാ അംഗീകാരവും നല്‍കിക്കഴിഞ്ഞു. 15,000 കോടി രൂപയാണ് മൃഗപാലന അടിസ്ഥാന സൗകര്യ വികസന നിധിയ്ക്ക് വകയിരുത്തിയിരിക്കുന്നത്. ക്ഷീരമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ക്ഷീര സഹകരണ മേഖല നടത്തുന്ന നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികളും സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ ഈ മേഖലയിലെ സംസ്കരണം, മൂല്യവര്‍ദ്ധനവ് എന്നിവയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി, എംഎസ്എംഇകളേയും സ്വകാര്യ സംരംഭകരെയും കൂടി പ്രോത്സാഹിപ്പിക്കുകയും, അവര്‍ക്ക് ആവശ്യമായ ഇന്‍സെന്റീവുകള്‍ നല്‍കുകയും വേണമെന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നു. സംസ്കരിച്ച പാല്, മാംസ ഉല്‍പ്പന്നങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന ആവശ്യകത നിറവേറ്റുന്നതിനും, മൃഗസംരക്ഷണ മേഖലയിലെ ഫാം ഫ്രഷ് ഉല്‍പ്പന്ന വൈവിധ്യവത്കരണത്തിനും, തൊഴില്‍ വരുമാന വര്‍ധനവിനും, സ്വകാര്യ മേഖലയ്ക്ക് വലിയ പ്രസക്തിയുണ്ട്.
ഈ സാഹചര്യത്തില്‍, മൃഗപാലന അടിസ്ഥാനസൗകര്യ വികസനനിധി വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പാല്, മാംസ സംസ്കരണം എന്നിവയിലെ മൂല്യവര്‍ദ്ധനവ്, സ്വകാര്യ മേഖലയില്‍ കാലിത്തീറ്റ പ്ലാന്റ് സ്ഥാപിക്കല്‍ എന്നിവയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്, ഈ പദ്ധതി സഹായിക്കും. കര്‍ഷക ഉത്പാദക സംഘടനകള്‍, എംഎസ്എംഇകള്‍, സെക്ഷന്‍ 8 കമ്പനികള്‍, സ്വകാര്യ കമ്പനികള്‍, വ്യക്തിഗത സംരംഭകര്‍ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
വികസനത്തിനാവശ്യമായ 90 ശതമാനം തുക ഷെഡ്യൂള്‍ഡ് ബാങ്കുകളിലെ വായ്പകള്‍ വഴി ലഭ്യമാക്കും. ബാക്കിയുള്ള 10 ശതമാനം തുക ഗുണഭോക്താക്കള്‍ നിക്ഷേപിക്കണം. ഇത്രയും മികച്ച ക്രെഡിറ്റ് സൗകര്യം സ്വകാര്യ സംരംഭകര്‍ക്ക് നല്‍കുന്നത്, മൃഗസംരക്ഷണ മേഖലയിലെ മൂല്യവര്‍ധനവിനും ഉല്പാദന വര്‍ധനവിനും വഴിതെളിക്കും. ‘ആസ്പിരേഷണല്‍ ജില്ല’ കളിലെ അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ക്ക് നാല് ശതമാനവും മറ്റുജില്ലകളിലെ ഗുണഭോക്താക്കള്‍ക്ക് മൂന്ന് ശതമാനവും പലിശയിളവ് ഈ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കുന്നുണ്ട്. വായ്പകള്‍ക്ക് രണ്ടുവര്‍ഷത്തെ മൊറട്ടോറിയം കാലാവധി ഉണ്ടായിരിക്കും. അതിനുശേഷം, ആറുവര്‍ഷം കൊണ്ട് മാത്രം, ഗുണഭോക്താക്കള്‍ വായ്പകള്‍ തിരിച്ചടച്ചാല്‍ മതി. നബാര്‍ഡിന്റെ നിയന്ത്രണത്തില്‍ 750 കോടിയുടെ ഒരു വായ്പ ഉറപ്പ് നിധിയ്ക്കും, കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കുന്നുണ്ട്. എംഎസ്എംഇ, നിര്‍വചിക്കപ്പെട്ട പരിധിയില്‍ വരുന്ന അനുവദനീയമായ പദ്ധതികള്‍ക്ക് നല്കിയ വായ്പയുടെ 25 ശതമാനത്തിന് വരെ ഇതിലൂടെ ഉറപ്പ് നല്‍കും.
സ്വകാര്യമേഖലയിലൂടെ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള വലിയ സാധ്യതയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ പാല് ഉല്പാദനത്തിന്റെ അന്തിമ മൂല്യത്തിന്റെ 50-60 ശതമാനവും കര്‍ഷകരിലേക്ക് തന്നെ തിരികെ എത്തുന്നതിനാല്‍, ഈ മേഖലയിലെ വളര്‍ച്ച കര്‍ഷകന്റെ വരുമാനത്തില്‍ നേരിട്ടുള്ള സ്വാധീനം ചെലുത്തും. പാല് വിപണിയുടെ വലുപ്പവും പാല് വില്‍പ്പനയില്‍ നിന്നുള്ള ലാഭം കര്‍ഷകര്‍ തിരിച്ചറിയുന്നതും, സഹകരണ, സ്വകാര്യ ഡെയറികളുടെ സംഘടിതമായ വികസനവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, മൃഗപാലന അടിസ്ഥാനസൗകര്യ വികസനനിധിയിലൂടെയുള്ള നിക്ഷേപ പ്രോത്സാഹനം, സ്വകാര്യ നിക്ഷേപത്തിന്റെ ഏഴ് ഇരട്ടി പ്രയോജനപ്പെടുത്തുകയാണ്.
ദശലക്ഷക്കണക്കിന് വരുന്ന ചെറുകിട, നാമമാത്ര കര്‍ഷകരാണ്, ഇന്ത്യയിലെ മൃഗസംരക്ഷണ-ക്ഷീര മേഖലയുടെ നട്ടെല്ല്. നിക്ഷേപകരെ പാല് മാംസ സംസ്കരണത്തിലും കാലിത്തീറ്റ നിര്‍മ്മാണത്തിലും ആകര്‍ഷിക്കുന്നത്, കര്‍ഷകരുടെ വരുമാന വര്‍ദ്ധനവിന് അനുകൂലമായ വികസന തന്ത്രങ്ങള്‍ കൂടിയാണ്. മൃഗസംരക്ഷണ മേഖല, സ്ഥിര വരുമാനമാണ് കര്ഷകന് നല്‍കുന്നത്. അതേസമയം കൃഷിയില്‍ നിന്നുള്ള വരുമാനം കാലാനുസൃതവും. വര്‍ഷം മുഴുവനും തൊഴിലും വരുമാനവും നല്കുന്ന മൃഗസംരക്ഷണ ക്ഷീര വികസന മേഖലകളിലെ ഏതു സര്‍ക്കാര്‍ ഇടപെടലും സാമ്പത്തിക വികസനത്തിലേക്കുള്ള മികച്ച ചുവടുവയ്പ്പ് കൂടിയാണ്. കൊറോണ ഏല്‍പ്പിച്ച സാമ്പത്തിക ആഘാതം മറികടക്കാനും, സംരംഭകര്‍ക്ക് ആത്മവിശ്വാസത്തോടെ മൃഗസംരക്ഷണ ക്ഷീരവികസന രംഗത്തു ചുവടുറപ്പിക്കാനും, 15,000 കോടിയുടെ മൃഗപാലന അടിസ്ഥാനസൗകര്യ വികസനനിധി സഹായകരമാകുമെന്നതില് സംശയമില്ല.
ഹര്‍ഷ. വി.എസ്
(സീനിയര്‍ ക്ഷീര വികസന ഓഫീസര്‍, ചമ്പക്കുളം ബ്ലോക്ക്, ആലപ്പുഴ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: