ന്യൂദല്‍ഹി: ചൈനയ്ക്ക് വ്യക്തമായ സന്ദേശം നല്‍കിയും സൈനികര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ലഡാക്ക് സന്ദര്‍ശനം വന്‍വിജയമെന്ന് വിലയിരുത്തല്‍. ചൈനയുടെ പ്രതികരണം തന്നെ ഇതിന് തെളിവ്. രാജ്യസുരക്ഷയിലും അതിര്‍ത്തി കാക്കുന്നതിലും ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് വ്യക്തമാക്കുന്നതായി സന്ദര്‍ശനം. മുന്നില്‍ നിന്ന് നയിക്കുന്ന നായകനാണ് താനെന്ന് ശത്രുസൈന്യത്തെയും അയല്‍രാജ്യത്തെയും ബോധിപ്പിക്കാനും ഇതിലൂടെ കഴിഞ്ഞു. മോദിയുടേത് നിര്‍ണ്ണായക നീക്കമാണെന്നാണ് നയതന്ത്ര വിദഗ്ധരുടെ അഭിപ്രായം.
അടുത്താഴ്ച നടക്കുന്ന സൈനിക ചര്‍ച്ചകളില്‍ എല്‍എസിയില്‍ നിന്ന് പിന്മാറാന് ചൈനയ്ക്ക് അന്ത്യശാസനം നല്‍കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടുതല്‍ സംഘര്‍ഷത്തിലേക്ക് പോകണോ അതോ സൈനിക പിന്മാറ്റം പ്രഖ്യാപിക്കണോയെന്ന് ചൈനയ്ക്ക് തീരുമാനിക്കാമെന്ന കര്‍ക്കശ നിലപാടിലേക്ക് ഇന്ത്യ മാറുകയാണെന്നാണ് സൂചന. പാങ്ങ്ഗോങ്ങ് തടാകക്കരയില്‍ അടക്കം എല്‍എസി പുനര്‍നിര്‍വചിക്കാന്‍ ചൈന നടത്തിയ ശ്രമങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് സന്ദര്‍ശനം.
ഇന്ത്യന്‍ സൈന്യം ഇനി ഒരടിപോലും പിന്നോട്ട് മാറില്ലെന്നും ചൈനീസ് സൈന്യം അവരുടെ പഴയ പോസ്റ്റുകളിലേക്ക് പോകണമെന്നുമുള്ള സൈന്യത്തിന്റെ ആവശ്യത്തിന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ കൂടുതല്‍ വ്യക്തതയും ദൃഢതയും കൈവന്നു. ഇക്കാര്യം ചൈനയെ നേരിട്ട് ബോധ്യപ്പെടുത്താന്‍ കൂടിയാണ് മോദി നേരിട്ട് രംഗത്തിറങ്ങിയത്. അധിനിവേശ ശക്തികള്‍ ഒരിക്കലും വിജയിച്ചിട്ടില്ലെന്ന മോദിയുടെ പ്രസ്താവന അന്താരാഷ്ട്ര തലത്തില്‍ ചൈനയ്ക്ക് നാണക്കേടുണ്ടാക്കി.
ചൈനയുമായി അതിര്‍ത്തി സംഘര്‍ഷമുള്ള മറ്റു രാജ്യങ്ങളും ഇന്ത്യക്കൊപ്പം അണിനിരന്നതും അമേരിക്കയും ജപ്പാനുമടക്കമുള്ള രാജ്യങ്ങള്‍ ചൈനയ്ക്കെതിരെ സൈനിക നീക്കത്തിന് ഒരുക്കങ്ങള്‍ നടത്തുന്നതും മോദിയുടെ നയതന്ത്ര വിജയമാണ്. ചൈനയ്ക്കൊപ്പം പാക്കിസ്ഥാന് മാത്രമാണുള്ളത്. മറ്റു ലോക രാജ്യങ്ങളെയെല്ലാം അതിര്‍ത്തി സംഘര്‍ഷ വിഷയത്തില്‍ ഒപ്പം നിര്‍ത്താന്‍ ഇന്ത്യക്കായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: