Categories: Kerala

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധം; മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ ജോലി നല്‍കിയത് നിയമങ്ങള്‍ ലംഘിച്ച്

സ്വപ്നയ്ക്കായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളി പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് സ്വപ്‌നയുമായി അടുത്ത ബന്ധം

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും ബന്ധം. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഐടിയുടെ ചുമതലയുള്ള എം. ശിവശങ്കറിന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധം. അനധികൃതമായി നടക്കുന്നത് കോടികളുടെ വ്യാപാരം. സ്വപ്‌ന സുരേഷിന്റെ സ്വര്‍ണക്കടത്തിനു മുഖ്യമന്ത്രിയുടെ ഓഫീസ് സഹായിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്‌വന്നതോടെ ഐടി വകുപ്പിന് കീഴിലെ കെഎസ്‌ഐടിയില്‍ ജോലി നോക്കിയിരുന്ന സ്വപ്നയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു.  

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയരുന്നത്.  തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ ആയിരുന്നു സ്വപ്ന. ഇതിനു ശേഷമാണ് സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതി  കോണ്‍സുലേറ്റില്‍ പിആര്‍ഒ ജോലിയില്‍ പ്രവേശിക്കുന്നത്. ഇയാള്‍ രണ്ടു മാസം മുമ്പ് പുറത്തായി.  

യുഎഇ കോണ്‍സുലേറ്റിലേക്കു വന്ന  നയതന്ത്ര ബാഗേജ് സംശയം തോന്നിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് കസ്റ്റംസ് വിഭാഗം തടഞ്ഞിട്ടു. ബാഗേജ് തുറന്ന് പരിശോധിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട്  അനുമതി തേടി. ഇതിനിടെ തടഞ്ഞു വച്ച ബാഗേജ് വിട്ടു നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിരവധി തവണ ഇടപെട്ടിരുന്നു.   നയതന്ത്ര ബാഗേജ് വിട്ട് നല്‍കണമെന്ന് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാരിന്  അധികാരമില്ലെന്നിരിക്കെയാണ് ഇടപെടല്‍. ഇത് കസ്റ്റംസിന് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു. ഇതോടെയാണ് ബാഗേജ് തുറന്ന് പരിശോധിക്കുകയും സരിതിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് സ്വര്‍ണക്കടത്തിന്റെ ചുരുള്‍ അഴിച്ചത്.  

ആറ് മാസത്തെ കരാര്‍ കാലാവധി അവസാനിച്ചിരുന്നിട്ടും ഐടി വകുപ്പില്‍ തന്നെ ജോലി നോക്കുകയായിരുന്നു സ്വപ്ന. ഐടി വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. അതിനാല്‍ മുഖ്യമന്ത്രി അറിയാതെ സ്വപ്‌ന സുരേഷിനെ നിയമിക്കാന്‍ സാധിക്കില്ല.  ക്രൈംബ്രാഞ്ച് അന്വേഷണം നേരിട്ടയാളാണ് സ്വപ്‌ന സുരേഷ്. ഇവര്‍ക്കെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും ഉണ്ട്.  സെക്രട്ടേറിയറ്റുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും അടുത്ത് ഇടപഴകുന്ന ഐടി  ഓഫീസില്‍ ജോലി നല്‍കാനും പാടില്ല. എന്നിട്ടും ഉന്നത സ്വാധീനത്താലാണ് ജോലിനല്‍കിയത്.  

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക