കോഴിക്കോട്: ജില്ലയിലെ കോട്ടൂര്‍, മൂലാട്, കായണ്ണ, നൊച്ചാട്, അവിടനല്ലൂര്‍ തുടങ്ങിയ ഗ്രാമങ്ങളുടെ പാരിസ്ഥിതികമായ നിലനില്‍പ്പിനും ജനങ്ങളുടെ ജീവിതത്തിനും ഭീഷണിയായ ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനത്തിനു പാരിസ്തികാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ചരിത്ര, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.
ഡോ. എം.ജി.എസ്. നാരായണന്‍, സച്ചിദാനന്ദന്‍, കെ.ജി. ശങ്കരപ്പിള്ള, ടി.ഡി. രാമകൃഷ്ണന്‍, യു. കെ. കുമാരന്‍, അംബികാസുതന്‍ മങ്ങാട്, ടി.പി. രാജീവന്‍, വി.ആര്‍. സുധീഷ്, ഒ.പി. സുരേഷ്, വീരാന്‍ കുട്ടി, എസ്. ജോസഫ്, പി.കെ. പാറക്കടവ് എന്നിവരാണ് സര്‍ക്കാറിന് ഭീമഹര്‍ജി നല്‍കിയത്. പാരിസ്ഥിതികാനുമതി നല്‍കുന്ന കാര്യം നേരത്തെ പഠിച്ച ശാസ്ത്രീയ സമിതികളെല്ലാം ഇവിടെ ഖനനം പാടില്ല എന്ന നിഗമനത്തില്‍ എത്തിയിരുന്നു. ഇത്തരം പഠനങ്ങളെല്ലാം മറികടന്നുകൊണ്ടാണ് ഇപ്പോള്‍ അനുമതി നല്‍കാന്‍ പോകുന്നത്. ചെങ്ങോടുമല പാറ ഖനനത്തിന് അനുമതി നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
പാരിസ്ഥിതികാനുമതി നല്‍കരുത്: ബിജെപി
പേരാമ്പ്ര: ചെങ്ങോടുമല ഖനനത്തിന് പാരിസ്ഥിതികാനുമതി ബന്ധപ്പെട്ടുള്ള എസ്ഇഎസി, എസ്ഇഐഎഎ കമ്മറ്റികള്‍ ജൂലൈ ഏഴിന് ചേരാനിരിക്കെ ക്വാറി മുതലാളിയുടെ താത്പര്യം മാത്രം മുന്‍നിര്‍ത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഖനനത്തിന് അനുമതി നല്‍കരുതെന്ന് ബിജെപി കോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടേയും തദ്ദേശവാസികളുടേയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ പോലും തയ്യാറാകാതെ ഏകപക്ഷീയമായി തയ്യാറാക്കിയ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും നിഷ്പക്ഷമായ സമിതി പരിസ്ഥിതി പഠനം നടത്തണമെന്നും ബിജെപി അവശ്യപ്പെട്ടു. കൂട്ടാലിടയില്‍ ആരംഭിക്കുന്ന സര്‍വ്വകക്ഷി അനിശ്ചിതകാല ഉപവാസത്തിന് ബിജെപിയുടെ പൂര്‍ണ്ണ പിന്തുണ നല്‍കാനും യോഗം തീരുമാനിച്ചു. ഉത്തരമേഖല സെക്രട്ടറി സുഗീഷ് കൂട്ടാലിട ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് എന്‍.ആര്‍. ശ്രീജിത്ത് അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി എസ്.എല്‍. കിഷോര്‍കുമാര്‍, സജി പാറക്കല്‍, പൊന്നൂര്‍ ഉണ്ണികൃഷ്ണന്‍, അരുണ്‍. വി.കെ, രാകേഷ് പുതിയോത്ത്, സോമന്‍ നരയംകുളം, ഷാജു കാഞ്ഞാട്ടില്‍, ഉമേഷ് നടുവത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: