മുക്കം: യാത്രക്കാരിയുടെ ആഭരണവും പണവും കവര്‍ന്ന് റോഡരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കൈകാലുകള്‍ കെട്ടിയിട്ട് ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചതായി വയോധിക മൊഴി നല്കി. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന വയര്‍ ഉപയോഗിച്ച് കൈയും സമീപത്തെ ചെടിയുടെ വള്ളി ഉപയോഗിച്ച് കാലും കെട്ടിയിട്ടാണ് പ്രതി ദേഹോപദ്രവം നടത്തിയതെന്ന് മജിസ്ട്രേറ്റിന് നല്കിയ മൊഴിയില്‍ വയോധിക പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു.
ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ഇവരുടെ വസ്ത്രങ്ങള്‍ കീറിമുറിക്കുകയും ശബ്ദിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ വയോധികയുടെ ബോധം നഷ്ടപ്പെട്ടു. ബോധം വന്നപ്പോഴേക്കും പ്രതി ഓട്ടോറിക്ഷയുമായി രക്ഷപ്പെട്ടിരുന്നു. എങ്ങനെയോ കാലിലെ കെട്ടഴിച്ച് വേദന സഹിച്ച് കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി കുറച്ച് അകലെ കണ്ട വീട്ടിലെത്തി.
കയ്യിലെ കെട്ടഴിച്ചു തരാന്‍ വീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും പോലീസ് കേസ് ഭയന്ന് അവര്‍ തയ്യാറായില്ല. ഒടുവില്‍ വീടിന്റെ പിന്നില്‍ നിന്ന് ഇറങ്ങി വന്ന സ്ത്രീയാണ് കയ്യിലെ കെട്ടഴിച്ചതെന്നും മൊഴിയില്‍ പറയുന്നു. ഈ വീട്ടില്‍ നിന്നിറങ്ങി മെയിന്‍ റോഡില്‍ എത്തി സമീപത്തെ കടക്കാരനോട് ചോദിച്ചപ്പോഴാണ് സ്ഥലമേതെന്ന് തിരിച്ചറിഞ്ഞത്.
മുത്തേരി സ്വദേശിനിയായ യശോദ (65)യാണ് ആക്രമണത്തിന് ഇരയായത്. സ്വര്‍ണ്ണ മാലയും കമ്മലും പണമടങ്ങിയ പേഴ്സും ഓട്ടോ ഡ്രൈവര്‍ അപഹരിച്ചു. മോഷ്ടാവിന്റെ ആക്രമണത്തില്‍ ഇവര്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വ്യാഴാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. താമരശ്ശേരി ഡിവൈഎസ്പി ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. ഉയരം കുറഞ്ഞ തടിയുള്ള ആളാണ് ഓട്ടോറിക്ഷ ഡ്രൈവറെന്ന് മൊഴിയില്‍ പറയുന്നു. മുക്കം ഇന്‍സ്പെക്ടര്‍ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: