ശ്രീകൃഷ്ണപുരം: കരിമ്പുഴ ആറ്റാശ്ശേരി കിഴക്കേപ്പുരക്കല്‍ കോളനിയിലേക്കുള്ള റോഡ് സ്വകാര്യവഴിയാണെന്ന് പറഞ്ഞ് വാര്‍ഡ് മെമ്പര്‍ കെ.പി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കമ്പിവേലി കെട്ടിയടച്ചത് തുറന്നുനല്‍കാന്‍ ഒറ്റപ്പാലം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു. ഒറ്റപ്പാലം സബ്കളക്ടറായ അര്ജുന് പാണ്ഡ്യനാണ് ഉത്തരവിറക്കിയത്.
പ്രദേശവാസികള്‍ നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. പരാതിക്കാര്‍ നാളുകളായി ഉപയോഗിച്ചിരുന്ന വഴിയാണ് രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കമ്പിവേലി കെട്ടി അടച്ചത്. വാഹനഗതാഗതം തടസപ്പെടുത്തിയതിനാലും, പരാതിയില്‍ പറയുന്ന കമ്പിവേലിയും ഗെയ്റ്റും നോട്ടീസ് കൈപ്പറ്റി മൂന്ന് ദിവസത്തിനകം നീക്കം ചെയ്യാനാണ് ഉത്തരവ്.
ഇത് പൊതുവഴിയാന്നെന്നും ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്തു നിര്‍മിച്ച റോഡാണെന്നും പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയ പഞ്ചായത്ത്മെമ്പറെ സിപിഎം പിന്തുണക്കുകയായിരുന്നു. സംഭവം വിവാദമായപ്പോഴാണ് ലീഗ് മെമ്പറായ രാധാകൃഷ്ണന് സിപിഎമ്മിലേക്ക് വന്നത്.
വഴിതുറന്നുകൊടുക്കാനുള്ള ഉത്തരവ് സ്വാഗതാര്‍ഹമെന്ന് ബിജെപി കരിമ്പുഴ പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു. കമ്പിവേലിയും, ഗെയ്റ്റും ഉടന്‍ പൊളിച്ചു നീക്കിയില്ലെങ്കില്‍ സമരവുമായി രംഗത്ത് വരുമെന്നും ബിജെപി കരിമ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. മണികണ്ഠന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: