മലയാളിക്കു സ്വന്തമായ വാദ്യകലാരംഗത്ത് സുഷിരവാദ്യമായ കൊമ്പുവാദനത്തില്‍ സ്വപ്രയത്നത്തിലൂടെയും ആത്മാര്‍ഥത നിറഞ്ഞ അവതരണത്തിലൂടെയും തന്റേതായ ഇടം കണ്ടെത്തിയ പ്രതിഭയാണ് ചെങ്ങമനാട് അപ്പു നായര്‍ എന്ന വാദ്യകേരളത്തിന്റെ അപ്പുവാശാന്‍. പഞ്ചവാദ്യത്തിലും മേളങ്ങളിലും കൊമ്പ് വാദ്യത്തില്‍ കണിമംഗലം, മച്ചാട്, നായത്തോട്, വടക്കന്‍ എന്നീ ശൈലികളില്‍ നായത്തോടന്‍ ശൈലിയുടെ നായകനായിരുന്നു ആശാന്. എടയാക്കുടി നാരായണന് നായരുടേയും കോച്ചേരി ജാനകിയമ്മയുടേയും മകനായി നെടുമ്പാശ്ശേരിക്കടുത്ത് തുരുത്തിശ്ശേരി ഗ്രാമത്തിലാണ് അച്ച്യുതന്‍ എന്ന അപ്പുനായര് ജനിച്ചത്. വാദനകലയുടെ സുകൃതമാകാനുള്ള ജന്മമായിരുന്നു അദ്ദേഹത്തിന്റേത്. തുരുത്തിശ്ശേരി പ്രൈമറി സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയപ്പോള്‍ അത് നാദവൈഭവത്തിന്റെ നാലുകെട്ടിലേക്കുള്ളതാണെന്ന് ആരും കരുതിയില്ല. അന്നൊന്നും കൊമ്പിനെ പറ്റി ചിന്തിച്ചിട്ടുമുണ്ടായില്ല. ചെങ്ങമനാട്ട് ക്ഷേത്രത്തില്‍ അന്ന് നിത്യശീവേലി യുണ്ടായിരുന്നു. ചെണ്ടയും തിമിലയും കൊമ്പും താളവും ചേര്‍ന്ന് മൂന്ന് ശീവേലി. ചെങ്ങമനാട്ട് കുട്ടപ്പന് മാരാരായിരുന്നു അടിയന്തിര മാരാര്‍. 14 വയസ്സായപ്പോള്‍ ചെങ്ങമനാട് മഹാദേവക്ഷേത്രത്തിലെ കൊമ്പ് അടിയന്തിരക്കാരനായിരുന്ന പിതാവിന്റെ കീഴില്‍ കൊമ്പ് വാദ്യത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. 16-ാം വയസ്സില്‍ ചെങ്ങമനാട്ടപ്പന്റെ സന്നിധിയില്‍ അപ്പു അരങ്ങേറി. അന്നൊക്കെ തെക്കന്‍ കേരളത്തില്‍ കൊമ്പ് വാദനക്കാര്‍ കുറവായിരുന്നു. വൈപ്പില്‍ രാമന്നായര്, ഓടക്കാലി ശങ്കരന് നായര്‍ എന്നിവരായിരുന്നു അന്നത്തെ പ്രധാന കൊമ്പുകാര്‍. തൃശൂരും പരിസരങ്ങളിലും അന്ന് മച്ചാട് അപ്പുനായരായിരുന്നു അമരക്കാരന്. ഊരകം ശങ്കുണ്ണി നായരും മംഗലം ഗോവിന്ദന് നായരും പതിയാന കൃഷ്ണന് നായരും അറിയപ്പെടുന്ന കൊമ്പുകാരായിരുന്നു.
ചെങ്ങമനാട്ടപ്പന്റെ എല്ലാ വിശേഷങ്ങള്‍ക്കും അപ്പുനായര് പതിവായിരുന്നു. പതിന്നാലാം വയസ്സില്‍ ഉത്സവപ്പറമ്പുകളിലെ അറിയപ്പെടുന്ന കലാകാരനായി അദ്ദേഹം മാറി. കുഴൂര്‍ നാരായണമാരാര്‍ക്കൊപ്പം കേരളത്തിന്റെ തെക്കും വടക്കും നടുക്കും വാദ്യരംഗത്ത് അപ്പുനായരും പങ്കെടുത്തു. കുഴൂരാശാന്റെ മരണം വരെ ആ കൂട്ടുകെട്ട് തുടര്‍ന്നു. കുറേക്കാലം പാറക്കടവ് അപ്പുവും ഉണ്ടായിരുന്നു. കുഴൂരാശാന്റെ നിര്‍ദ്ദേശങ്ങളും ഓര്‍മപ്പെടുത്തലുകളും അപ്പുനായര് ശിരസാവഹിച്ചു. ഗുരുനാഥന് വൈപ്പില്‍ രാമന്‍നായര്‍ക്കും കുഴൂര്‍ നാരായണമാരാര്‍ക്കുമൊപ്പം അനവധി വേദികള്‍ പങ്കിട്ടു. അന്നത്തെ ജീവിതസാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാണ് പിതാവിന്റെ പാത തെരഞ്ഞെടുത്തതെങ്കിലും ആ തീരുമാനം സുഷിരവാദ്യത്തിന്റെയും ഭാഗ്യമാവുകയായിരുന്നു. അര്‍പ്പണബോധവവും കഠിന പരിശ്രമവും സ്വഭാവത്തില്‍ അലിഞ്ഞുചേര്‍ന്ന അപ്പുനായര് വാദ്യരംഗത്തെ അതികായര്‍ക്കൊപ്പം അനവധി വേദികളില്‍ നിറസാന്നിധ്യമായി. പുഞ്ചിരിയും വിനയവുമാണ് അപ്പുനായരുടെ മുഖമുദ്ര. ഒന്നരപ്പതിറ്റാണ്ടിലേറെക്കാലം പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ ഇലഞ്ഞിത്തറമേളത്തിന്റെ കൊമ്പ് നിരയുടെ അമരക്കാരനായി. അപ്പുവാശാനും ശിഷ്യനായ ചെങ്ങമനാട് ശങ്കരനും പാറക്കടവ് അപ്പുവും ചേര്‍ന്നവതരിപ്പിച്ച കൊമ്പ്പറ്റ് പഴയ തലമുറയ്ക്ക് ഇന്നും മറക്കാനാവില്ല. അന്ന് നാല്‍പ്പതു മിനിറ്റായിരുന്നു ആ പറ്റ്. അന്നമനട സീനിയര്‍ പരമേശ്വരമാരാര്‍ നേതൃത്വം നല്കിയ പഞ്ചവാദ്യശബ്ദലേഖനത്തിലെ പ്രധാന കൊമ്പുകാരനായിരുന്നു അപ്പുനായര്. ആകാശവാണിയിലൂടെ ആ നാദം അനവധി വര്‍ഷം അനുരണനമായി ശ്രോതാക്കളിലെത്തി. അനുകരണനീയമായ സ്വഭാവ മഹിമയും വിപുലമായ ശിഷ്യസമ്പത്തും കൈമുതലായ ഇദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കെല്ലാം അപ്പുവാശാനാണ്.
കാഹളത്തില്‍ നിന്നും കലയിലേക്കുള്ള കൊമ്പിന്റെ പരിണാമത്തില്‍ കൊമ്പുവാദനരംഗത്തെ മഹാമനീഷി മച്ചാട് അപ്പുനായര്‍ക്കൊപ്പം പ്രവര്‍ത്തികാനായത് എന്നും മഹാഭാഗ്യമായാണ് അപ്പുനായര് കണ്ടിരുന്നത്. ആറ് ദശകങ്ങള്‍ പിന്നിട്ട വാദ്യകലാസപര്യയില്‍ അപ്പുനായരില്ലാത്ത അരങ്ങുകള്‍ വിന്ധ്യഹിമാചലത്തിനപ്പുറവും ഇപ്പുറവും വിരളമായിരുന്നു. തൃശൂര്‍ പൂരത്തിന് ആദ്യം ചെല്ലുമ്പോള്‍ പരിയാരത്ത് കുഞ്ഞന്‍ മാരാരുടെ മേളവും അന്നമനട പരമേശ്വര മാരാരുടെ പഞ്ചവാദ്യവുമാണ്. അപ്പുനായര് കൊമ്പ് പ്രമാണിയായപ്പോള്‍ മേളത്തിന് പല്ലാവൂര്‍ അപ്പുമാരാരും പഞ്ചവാദ്യത്തിന് കുഴൂര്‍ നാരായണ മാരാരുമായിരുന്നു അമരക്കാര്‍. അന്നമനട, പള്ളത്താംകുളങ്ങര, എറണാകുളം, തൃപ്പൂണിത്തുറ, പെരുവനം, ആറാട്ടുപുഴ, ഊരകം, നെന്മാറ, കുറ്റിയങ്കാവ്, ഉത്രാളിക്കാവ് തുടങ്ങി വാദ്യകലയുടെ വിശേഷവേദികളിലെല്ലാം അപ്പുനായരുടെ കൊമ്പുവാദനവുമുണ്ടായി. കൊമ്പ് വാദ്യത്തിന്റെ കേദാരമായ മച്ചാട് മാമാങ്കത്തിനും
കൊമ്പ് നിരയെ നയിച്ചു. കുഴൂര്‍, അന്നമനട,പല്ലാവൂര്‍ എന്നിവര്‍ക്കൊപ്പവും വേദി പങ്കിട്ടു. ജീവിതശൈലിയിലും വാദനരീതികളിലും കണിശതയുടെ കാവലാളായ അപ്പുനായരെ തേടി അനവധി പുരസ്കാരങ്ങളെത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ വാദ്യകലാപുരസ്കാരമായ പല്ലാവൂര്‍ പുരസ്കാരം, വാദ്യലോകത്തിന്റെ വീരശൃംഖല, ഫോക്ലോര് അക്കാദമി അവാര്‍ഡ്, പാറമേക്കാവ് ദേവസ്വം സുവര്‍ണഹാരം, തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പൂര്‍ണത്രയീശമുദ്ര, പൊറത്തുവീട്ടില്‍ നാണുമാരാര്‍ ട്രസ്റ്റ് പുരസ്കാരം, ചാലക്കുടി നമ്പീശന് പുരസ്കാരം, മാരാര്‍ ക്ഷേമസഭയുടെ വാദിത്രരത്നം പുരസ്കാരം, ചോറ്റാനിക്കര നാരായണമാരാര്‍ ട്രസ്റ്റിന്റെ വാദ്യകലാകേസരി പുരസ്കാരം, അന്നമനട ത്രയം സ്മൃതിപുരസ്കാരം, ക്ഷേത്രവാദ്യകലാ അക്കാദമി പുരസ്കാരം എന്നിവ ഇതില്‍ ചിലതുമാത്രം. ചെങ്ങമനാട് ശങ്കരന്,നായത്തോട് മോഹനന്, ചിറ്റൂര്‍ അയ്യപ്പന്, നായത്തോട് ശശി തുടങ്ങി അനവധി ശിഷ്യരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: