ലണ്ടന്‍: ലോകത്ത് 52.7 ദശലക്ഷം ടണ്‍ ഇലക്ട്രോണിക് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്. ഉപേക്ഷിച്ച ഫോണുകള്‍, പ്രിന്ററുകള്‍, ടിവികള്‍, ഇലക്ട്രിക് ടൂത്ത് ബ്രഷുകള്‍, മറ്റ് പല ഇലക്ട്രോണിക് വസ്തുക്കളും ഇ -മാലിന്യങ്ങളുടെ പട്ടികയില്‍പെടുന്നു. 53.6 ദശലക്ഷം മെട്രിക് ടണ്‍ ഇലക്ട്രോണിക്ക് മാലിന്യങ്ങളാണ് 2019 ല്‍ ലോകമെമ്പാടും ഉല്‍പാദിപ്പിക്കപ്പെട്ടത്. അതില്‍ അഞ്ചിലൊന്നില്‍ താഴെ മാത്രമാണ് പുനരുപയോഗം ചെയ്തതെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്.
ആഗോള ഇ-മാലിന്യങ്ങള്‍ വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍ 21 ശതമാനം ഉയര്‍ന്നു, 2014 ലെ 43.6 ദശലക്ഷം ടണ്ണില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഇത് 52.7 ദശലക്ഷം ടണ്ണായി. 2030 ഓടെ ഇത് 72.8 ദശലക്ഷം ടണ്ണിലെത്തും. വെറും 16 വര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയാകുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇ-മാലിന്യങ്ങള്‍ ചൂടാക്കിയാല്‍ അന്തരീക്ഷത്തെ നശിപ്പിക്കുന്ന വിഷ രാസവസ്തുക്കളാണ് വായുവിലേക്ക് പുറത്തുചാടുന്നത്. ഉപേക്ഷിക്കപ്പെട്ട ഈ മാലിന്യങ്ങള്‍ ഭൂഗര്‍ഭജലത്തിലേക്ക് വിഷ വസ്തുക്കളെ കടത്തിവിടുകയും മൃഗങ്ങളെയും സസ്യങ്ങളെയും നേരിട്ടു ബാധിക്കുകയും ചെയ്യും.
മനുഷ്യന്റെ തലച്ചോറിനെ തകര്‍ക്കുന്ന വിഷ അഡിറ്റീവുകളോ മെര്‍ക്കുറി പോലുള്ള അപകടകരമായ വസ്തുക്കളോ അടങ്ങിയിരിക്കുന്ന ആരോഗ്യപാരിസ്ഥിതിക അപകടമാണ് ഇ-മാലിന്യങ്ങള്‍.
കഴിഞ്ഞ വര്‍ഷത്തെ മൊത്തം ഇ-മാലിന്യങ്ങളില്‍ 46.4 ശതമാനം ഏഷ്യയിലാണ്. അമേരിക്ക (24.4 ശതമാനം), യൂറോപ്പ് (22.3 ശതമാനം), ആഫ്രിക്ക (5.4 ശതമാനം), ഓഷ്യാനിയ (1.3 ശതമാനം). ഇ-മാലിന്യത്തിനെതിരെ പോരാടുന്ന രാജ്യങ്ങളുടെ എണ്ണം 61 ല്‍ നിന്ന് 78 ആയി വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: