കൊല്ലം: അന്താരാഷ്‌ട്ര നീതിന്യായക്കോടതിയിലെ ഇന്ത്യ വിജയം നേടിയ കടല്‍ക്കൊലക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഉന്നത മത, രാഷ്‌ട്രീയ ഇടപെടലുകളും നടന്നിരുന്നു. ഇറ്റാലിയന്‍ കപ്പലായ എന്റിക ലക്സിയിലെ 2 നാവികരാണ് സെന്റ് ആന്റണീസ് മത്സ്യബന്ധന ബോട്ടിലെ അജീഷ് ബിങ്കി, വാലന്റൈന്‍ എന്നീ മത്സ്യത്തൊഴിലാളികളെ നീണ്ടകര തുറമുഖത്തുനിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ തോട്ടപ്പള്ളി കടലില്‍ വച്ച് 2012 ഫെബ്രുവരിയില്‍ വെടിവച്ചുകൊന്നത്. തുടര്‍ന്നു യാത്ര ചെയ്ത കപ്പലിനെ കൊച്ചിയില്‍ വിളിച്ചുവരുത്തി നാവികരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് സോണിയാ ഗാന്ധിയുടെ ജന്മനാട്ടിലെ നാവികരെ രക്ഷിച്ചെടുക്കാന്‍ പല ശ്രമങ്ങളും നടന്നു.കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി നേരിട്ട് ഒത്തുതീര്‍പ്പിന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രിയും വൈദികരും എത്തിയത് അന്ന് വാര്‍ത്തയായിരുന്നു. ഇറ്റാലിയന്‍ വിദേശകാര്യ ഉപമന്ത്രിയായിരുന്ന സ്റ്റെഫാന്‍ ഡി.മിസ്തുരയാണ് ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കൊല്ലത്തെത്തിയത്.
സര്‍ക്കാരിനെയോ പോലീസിനെയോ അറിയിക്കാതെയുള്ള മിസ്തുരയുടെ വരവ് സോണിയയുടെയും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെയും അറിവോടെയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. തേവള്ളിയിലെ സ്വകാര്യ ഹോട്ടലില്‍ തങ്ങിയാണ് മിസ്തുര ഒത്തതീര്‍പ്പ് നീക്കങ്ങള്‍ നടത്തിയത്. തങ്കശ്ശേരി ആംഗ്ലോ ഇന്ത്യന്‍ ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ സന്ദര്‍ശിക്കുകയും ഇറ്റാലിയന്‍ ഭാഷയില്‍ പാണ്ഡിത്യമുള്ള ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ ഫാ. റെജിസണിന്റെ സഹായം തേടുകയും ചെയ്തിരുന്നു.
വെടിയേറ്റു മരിച്ച ജലസ്റ്റിന്റെ കുടുംബത്തെ കാണാനുള്ള മിസ്തുറയുടെ ശ്രമം പക്ഷേ പാളി. ഇറ്റാലിയന്‍ സംഘത്തിന്റെ രഹസ്യസന്ദര്‍ശനം ചില ചാനലുകള്‍ വാര്‍ത്തയാക്കിയതിനെത്തുടര്‍ന്ന് കടലോരം പ്രക്ഷുബ്ധമാകാനുള്ള സാധ്യത കണക്കിലെടുത്താണ് വീട് സന്ദര്‍ശിക്കാനുള്ള നീക്കം സംഘം ഉപേക്ഷിക്കുകയായിരുന്നു
അതിന് ശേഷം ഇതേ ദൗത്യത്തോടെ ഇറ്റാലിയന്‍ വൈദികസംഘം രണ്ടുതവണ മൂതാക്കരയിലുള്ള ജലസ്റ്റിന്റെ വീട്ടിലെത്തിയിരുന്നു. കൊല്ലം രൂപതയ്‌ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്വയിലോണ്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മേധാവിയായിരുന്ന ഫാ.രാജേഷ് മാര്‍ട്ടിന്റെ സഹായത്തോടെയാണ് ഇവര്‍ എത്തിയത്. 2012 മാര്‍ച്ച് 31ന് രാത്രി ജലസ്റ്റിന്റെ ഭാര്യ ഡോറയുമായും കുടുംബാംഗങ്ങളുമായും ആശയവിനിമയം നടത്തിയ വൈദികര്‍ പിന്നീട് ഒരിക്കല്‍ കൂടി ഇവരുമായി സംസാരിച്ചു. തിരുവനന്തപുരത്ത് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികര്‍ക്ക് ആത്മീയോപദേശവും മനക്കരുത്തും നല്‍കാനാണ് വൈദികരെത്തിയതെന്നാണ് അന്ന് പറഞ്ഞ ന്യായം.
നേരത്തെ നാവികരുമായി സംസാരിച്ച ഇറ്റാലിയന്‍ വൈദികരായ ഫാ. മാര്‍ക്ക്, ഫാ. ജേക്കബ് എന്നിവര്‍ ജലസ്റ്റിന്റെ ഭാര്യ ഡോറയുമായി കണ്ടുമുട്ടിയത് മാര്‍ച്ച് 31നാണ്. തലേദിവസം ഡോറയുടെ മൂത്തമകന്‍ ഡെറിക്കിന്റെ പിറന്നാളാണെന്നത് സംഭാഷണത്തിലൂടെ മനസ്സിലാക്കിയ വൈദികര്‍ പിന്നീട് പിറന്നാള്‍ സമ്മാനവുമായാണ് ഇവരുടെ വീട്ടിലെത്തിയത്. തിരുവനന്തപുരം-കൊല്ലം രൂപതകളുടെ അറിവോടെയാണ് ഇറ്റാലിയന്‍ വൈദികരുടെ സന്ദര്‍ശനവും ഒത്തുതീര്‍പ്പു ചര്‍ച്ചകളും നടന്നതെന്നവാര്‍ത്തകളും വന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: