Categories: Travel

രാമന്റെ വഴിയെ-5 പഞ്ചവടി

‘അഗസ്ത്യാശ്രമത്തിലെത്തി അനുഗ്രഹം വാങ്ങി തിരിച്ചു പോകുന്ന ശ്രീരാമനോട് അഗസ്ത്യന്‍ പറഞ്ഞു.’ ഇവിടെ നിന്ന് രണ്ടു യോജന അപ്പുറത്തായി പഞ്ചവടി എന്നൊരു സ്ഥലമുണ്ട്. അവിടെ കായ്്കനികളും കിഴങ്ങുകളും സുലഭമായി ലഭിക്കും. അടുത്തു തന്നെ ജലാശയവും. സീതയെ സന്തോഷിപ്പിക്കാന്‍  മാന്‍കൂട്ടവും ധാരാളമുണ്ടാകും. പഞ്ചവടിയിലെ താമസം ആനന്ദകരമായിരിക്കും. അവിടെ ആശ്രമം പണിയാം’. മുനിയെ രാമന്‍ നമസ്‌കരിച്ച് അനുഗ്രഹം വാങ്ങി പഞ്ചവടിയിലേക്ക് പുറപ്പെട്ടു. യാത്രക്കിടയില്‍ ജടായുവിനെ കണ്ടുമുട്ടി. രാക്ഷസനായിരിക്കുമെന്നു കരുതി നീയാരാണെന്ന ചോദ്യവുമായാണ് രാമന്‍ ജടായുവിനെ സമീപിച്ചത്. നിന്റെ പിതാവിന്റെ മിത്രമാണെന്നും വേണമെങ്കില്‍ വനവാസത്തില്‍  സഹായിക്കാമെന്നും ജടായു മറുപടി പറഞ്ഞു.ജയായുവിന്റെ മധുരവചസ്സുകളില്‍ സന്തുഷ്ടനായ രാമന്‍  ഉചിതമായ ആദരസത്കാരങ്ങള്‍ നല്‍കിയശേഷം യാത്രതുടര്‍ന്ന് ഗോദാവരീ തീരത്ത് എത്തി. പുണ്യനദിയെന്ന് ദേവന്മാര്‍പോലും വാഴ്‌ത്തുന്ന ഗോദാവരീതീരത്ത് മന്ദം മന്ദം വീശുന്ന കുളിര്‍തെന്നലില്‍ ഉന്മേഷഭരിതരായി വിശ്രമിച്ചു. ഗോദാവരിയുടെ തെക്കേതീരത്താണ് പഞ്ചവടി.  

അഞ്ചുവടം (പേരാല്‍) ഒരേവലുപ്പത്തില്‍ ഒരേരൂപത്തില്‍ വൃത്താകൃതിയോടുകൂടി ഇവിടെ സ്ഥിതിചെയ്യുന്നു. അതുകൊണ്ടാണ് പഞ്ചവടി എന്ന പേരുണ്ടായത്. ഒരിക്കല്‍ യുവാക്കളായ അഞ്ച് ഗന്ധര്‍വന്മാര്‍ അഗസ്ത്യ മഹര്‍ഷിയെ  എങ്ങോട്ടും പോകാന്‍ കഴിയാത്ത വിധത്തില്‍  തടഞ്ഞ് നിര്‍ത്തി. കോപിഷ്ഠനായ മഹര്‍ഷി അവരെ അഞ്ച് വടങ്ങളായിത്തീരട്ടെയെന്ന് ശപിച്ചു. രാമന്റെ നിര്‍ദ്ദേശപ്രകാരം പഞ്ചവടിയില്‍ വാഴ, പ്ലാവ്, മാവ് മുതലായ ഫലവൃക്ഷങ്ങളാല്‍ ചുറ്റപ്പെട്ടതും ജനവാസം കുറഞ്ഞതുമായ സ്ഥലത്ത് പര്‍ണ്ണശാലകള്‍ തീര്‍ത്തു.  ഗോദാവരിയില്‍പോയി സ്‌നാനം ചെയ്തു പൂക്കളും, പഴങ്ങളും, കൊണ്ട് വന്ന് പുഷ്പ ബലിയും ശാന്തിക്രിയയും നടത്തിയശേഷം അവിടെ താമസം തുടങ്ങി. ദിവസവും പ്രഭാതത്തില്‍  ഗോദാവരിയില്‍ പോയി കുളിച്ച് പ്രഭാതവന്ദനാദികള്‍ നടത്തും. തിരിച്ചു പോരുന്ന സമയത്ത്  അന്നേക്കുള്ള വെള്ളവും നദിയില്‍ നിന്ന് സംഭരിച്ച് കൊണ്ടുപോരും. ഇങ്ങനെ ഗോദാവരിയില്‍ സ്‌നാനം ചെയ്തും കാനന ഭംഗികള്‍ ആസ്വദിച്ചും. ആനന്ദപൂര്‍ണ്ണമായിത്തന്നെ ദിവസങ്ങള്‍ നീങ്ങി.’

കാനനവാസത്തില്‍ സീതാരാമലക്ഷമണന്മാര്‍ താമസിച്ച പഞ്ചവടിയാണ് ഇന്നത്തെ നാസിക്. രാവണന്‍ സീതയെ അപഹരിക്കുന്നത് ഇവിടെ നിന്നാണ്. ഇവിടെവച്ചാണ് ലക്ഷ്മണന്‍ രാവണ സഹോദരിയായ ശൂര്‍പ്പണഖയുടെ മൂക്കും മുലയും ഛേദിച്ചത്. മൂക്ക് എന്നര്‍ത്ഥം വരുന്ന നാസിക എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് നാസിക് എന്ന സ്ഥലപ്പേരിന്റെ ഉല്‍പ്പത്തി.  മഹാരാഷ്‌ട്രയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നാണ് നാസിക്. വ്യാവസായം, വിദ്യാഭ്യാസം, നഗരവികസനം തുടങ്ങിയ രംഗങ്ങളിലെല്ലാം നാസികിന്റെ കുതിപ്പ് സ്തുത്യര്‍ഹമാണ്.

രാമന്റേയും സീതയുടേയും ലക്ഷ്മണന്റേയും പ്രതിഷ്ഠയുള്ള, കരിങ്കല്ലില്‍ കെട്ടിയുണ്ടാക്കിയ കാലാരാം ക്ഷേത്രം നിരവധി തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്ന  തീര്‍ത്ഥാടന കേന്ദ്രമാണ്. ഇതിനടുത്താണ് സീതാഗുഫ. രാവണന്‍ തട്ടി്കൊണ്ടുപോകുന്ന സമയത്ത സീത ഈ ഗൂഹയിലായിരുന്നു താമസിച്ചിരുന്നത്. സീതയ്‌ക്ക് സംരക്ഷണം ഒരുക്കാന്‍ വരച്ച ലക്ഷ്മണരേഖ അടുത്തായി കാണാം.

ത്രയംബകേശ്വര ക്ഷേത്രമാണ് നാസിക്കിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്ന്. 12 ജജ്യോതിര്‍ലിംഗങ്ങളിലൊന്ന്  ത്രയംബകേശ്വര ക്ഷേത്രത്തിലാണ്.  ജ്യോതിര്‍ലിംഗം തൊഴുന്നത് മോക്ഷദായകമാണ്. ഭഗവത് ഗീതയിലെ അധ്യായങ്ങള്‍ ഈ ക്ഷേത്രച്ചുവരുകളില്‍ ആലേഖനം ചെയ്തിരിക്കുന്നു. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കുംഭമേളയാണ് നാസ്സിക്കിന്റെ ദേശീയോത്സവം. നാസിക്കിന്റെ ഹൃദയഭാഗത്ത് നിന്നും എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മുക്തിധാം ക്ഷേത്രത്തിലെത്താം. വെള്ളനിറത്തില്‍ മനോഹരമായി നിര്‍മിക്കപ്പെട്ട ക്ഷേത്രമാണിത്. വ്യത്യസ്തമായ രീതിയാണ് ശ്രീകോവില്‍ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ശ്രീമദ് ഭഗവത് ഗീതയിലെ പതിനെട്ട് അധ്യായങ്ങള്‍ ക്ഷേത്രച്ചുമരുകളിലും തൂണുകളിലുമായി ആലേഖനം ചെയ്തിരിക്കുന്നു. പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളെയും ഇവിടെ വരച്ചുവച്ചിരിക്കുന്നും കാണാം.

നാസിക്കിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് രാംകുണ്ഡ് ടാങ്ക്. മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്തറാവു ഖണ്ഡാര്‍ക്കറാണ് രാംകുണ്ഡ് നിര്‍മിച്ചത്. ഭീമാകാരനായ ഈ ടാങ്ക് 27 + 10 മീറ്റര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു.  വനവാസക്കാലത്ത് ശ്രീരാമനും ഭാര്യ സീതയും ഇവിടെ കുളിച്ചിരുന്നതായാണ് ഐതിഹ്യം.  ചിതാഭസ്മം ഇവിടയൊഴുക്കി മോക്ഷത്തിനായി ആളുകള്‍ ഇവിടെയെത്തുന്നു.  രാംകുണ്ഡില്‍ മുങ്ങിനിവരാനായി മാത്രമായി വരുന്നവരും നിരവധിയാണ്

രാമനും സീതയും കുളിച്ചിരുന്നത് എന്നു കരുതുന്ന രണ്ട് കുളങ്ങള്‍ നഗരത്തിന്റെ തെക്കു ഭാഗത്തായി ഇപ്പോഴും ഉണ്ട്. നഗരത്തില്‍ നിന്ന് എട്ട് കീലോമീറ്റര്‍ ദൂരത്താണ് ഗോദവരി -കപില നദികളുടെ സംഗമ സ്ഥാനമായ ജനസ്ഥാന്‍. ലക്ഷ്മണന്‍ ശൂര്‍പ്പണഖയുടെ അംഗങ്ങള്‍ ഛേദിച്ച യഥാര്‍ത്ഥ സ്ഥലമായി കരുതുന്നത് ഇവിടമാണ്. നാസിക്ക് നഗരത്തില്‍നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള മലയാണ് രാംജി പര്‍വതം. രാമന്‍ വിശ്രമകേന്ദ്രമായി ഉപയോഗിച്ചിരുന്ന കുന്നാണിത്. ഇവിടെ രണ്ട് കുളങ്ങളുമുണ്ട്. മുള്ളുകളുള്ള ചെടികള്‍ ഇവിടെ വളരില്ല. മാത്രമല്ല പച്ച പട്ടുവിരിച്ചതുപോലെ പുല്ലു വളര്‍ന്നു നില്‍ക്കുയും ചെയ്യുന്നു. ശ്രീരാമന്‍ ദശരഥന് ശ്രാദ്ധം നടത്തി എന്നു കരുതുന്ന കുശ്വന്ത് തീര്‍ത്ഥം, രാമന്‍ അഗസ്ത്യമുനിയെ കണ്ടു എന്നു കരുതുന്ന അഗസ്താശ്രമം എന്നിവയും നാസിക് ജില്ലയിലാണ്. രാമനെ ഭയന്ന് മാരീചന്‍ ഒളിച്ചിരുന്ന സ്ഥലം (സിദ്ദേശ്വര്‍), മാരീചനെതിരെ അമ്പുകുലയ്‌ക്കാന്‍ രാമന്‍ നിന്ന സ്ഥലം(സ്ഥാന്‍), അപ്പോള്‍ മാരീചന്‍ നിന്നിരുന്ന സ്ഥലം (ബനേസ്വര്‍), അമ്പുകൊണ്ട് മാരീചന്റെ തലചെന്നു വീണ സ്ഥലം(ടോക് വില്ലേജ്). ഛിന്നിചിതറിയ ശരീരം പതിച്ച സ്ഥലം(മൃഗവൈദേശ്വര്‍), മാരിചന്റെ വിളികേട്ട് ഓടിയെത്തിയ ലക്ഷ്മണനും രാമനും കണ്ടുമുട്ടിയ സ്ഥലം(മധ്യമേശ്വര്‍) ഇവയൊക്കെ നാസിക്ക് ജില്ലയിലെ അടുത്തടുത്ത ഗ്രാമങ്ങളാണ്. ഏകദേശം ഒരേ രീതിയിലുള്ള കല്‍ ക്ഷേത്രങ്ങള്‍ ഇവിടെയെല്ലാം ഉണ്ട്.  

നാസിക്കിനു പുറമെ മഹാരാഷ്ടയില്‍ നാഗപ്പൂര്‍, യവത്മാള്‍ അമരാവതി, ബുല്‍ധാന, അഹമ്മദ് നഗര്‍, ജാല്‍ന, വാസിം, ബീഡ്, നന്ദീദ്, ഒസമാബാദ്, സോളാപൂര്‍ എന്നീ ജില്ലകളായിരുന്നു രാമന്റെ സഞ്ചാരപഥം അടയാളപ്പെടുത്തിയ സ്ഥലങ്ങള്‍. രാമന്‍ ശിവ പൂജനടത്തിയതോ ദശരഥന് ശ്രാദ്ധം ഊട്ടിയതോ ആയ സ്ഥലങ്ങളാണ് ഏറെയും

മാരീച വധത്തിനുശേഷം രാമന്‍ ശിവപൂജ നടത്തിയ ഘടേശ്വര്‍, മാരീചന്‍ മോക്ഷം നല്‍കിയ മുക്തേശ്വര്‍ ഖണ്ഡ് എന്നീ സ്ഥലങ്ങള്‍ അഹമ്മദ് നഗര്‍ ജില്ലയിലാണ്. രാക്ഷസന്മാരെ ഉന്മൂലനം ചെയ്യുമെന്ന് പ്രതിജ്ഞ എടുത്ത സ്ഥലമാണ് ഇന്നത്തെ നാഗപ്പൂര്‍. അഗസ്താശ്രമം ഇതിനടുത്തായിരുന്നു. മറ്റ് മുനിമാരുടെ ആശ്രമങ്ങളും സമീപത്തുണ്ടായിരുന്നു. രാക്ഷസന്മാരുടെ ശല്യം സഹിക്ക വയ്യാതായപ്പോള്‍ അവര്‍ രാമന്റെ സഹായം തേടി. അപ്പോളാണ് വില്ലുയര്‍ത്തിക്കൊണ്ട് രാമന്‍ ശപഥം ചെയ്തത്. റാംടക് എന്നാണീ സ്ഥലം അറിയപ്പെടുന്നത്. ഇപ്പോള്‍ ഇവിടൊരു വലിയ ശ്രീരാമക്ഷേത്രം ഉണ്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts