കോഴിക്കോട്: വീട്ടില്‍ വീണ് എല്ലൊടിഞ്ഞ വയോധികക്ക് ആവശ്യമായ ചികിത്സയും സംരക്ഷണവും നല്‍കാത്ത സംഭവത്തില്‍ വയോജന സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ഡിഒ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. മടവൂര്‍ സ്വദേശിനി കദീജ (75) യുടെ ദുരവസ്ഥയെ കുറിച്ച് അന്വേഷിക്കാനാണ് കമ്മീഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടത്. കദീജയുടെ മക്കള്‍ വിദേശത്താണ്. മരുമകള്‍ക്കൊപ്പമാണ് താമസം.
കഴിഞ്ഞ 29 ന് വീണ് പരിക്കേറ്റ കദീജക്ക് വിദഗ്ദ്ധ ചികിത്സ നല്കാന് മരുമകള്‍ തയ്യാറായില്ല. നാട്ടുകാരാണ് അവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. മാതാപിതാക്കളെ മക്കള്‍ സംരക്ഷിച്ചില്ലെങ്കില്‍ ആര്‍ഡിഒക്ക് ആവശ്യമായ നിയമനടപടി സ്വീകരിക്കാവുന്നതാണെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. ആര്‍ഡിഒ അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: