കോഴിക്കോട്: സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട പോലീസുകാരന് യുവാവിനെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിച്ചത് പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ. കഴിഞ്ഞദിവസം ചിന്താവളപ്പ് ജംഗ്ഷനിലാണ് സംഭവം. ബാലുശ്ശേരി പനങ്ങാട് കിഴക്കെ കുറങ്ങാട്ട് ദേവദാസ് (54) ആണ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിന് സമീപം അലിയോട്ട് വീട്ടില്‍ താമസിക്കും ഗിരീഷ്(44)നെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ വാക്കേറ്റം കത്തിക്കുത്തിലെത്തുകയായിരുന്നു.
ഗിരീഷും ദേവദാസും തമ്മില്‍ ചിന്താവളപ്പില് വെച്ച് രാവിലെ വാക്കേറ്റമുണ്ടായി. കസബ പോലീസ് സ്റ്റേഷനില്‍ നിന്ന് പോലീസുകാര്‍ അവിടെ എത്തുകയും ഇരുവരെയും തര്‍ക്കം പരിഹരിക്കുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയില്‍ കയറ്റി വിടുകയുമായിരുന്നു. പിന്നാലെ പോലീസുകാരും. ജയില്‍ റോഡിലെത്തിയപ്പോള്‍ ബാഗില്‍ കരുതിയ കത്തിയെടുത്ത് ദേവദാസ് ഗിരീഷിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പോലീസാണ് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടരവര്‍ഷം മുമ്പ് ഗിരീഷില്‍ നിന്ന് ദേവദാസ് പതിനായിരം രൂപ കടം വാങ്ങിയിരുന്നു. ഇത് നല്‍കാതെ അവധി പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു. അവിചാരിതമായാണ് കഴിഞ്ഞ ദിവസം ഇരുവരും നേരില്‍ കണ്ടത്.
ഗിരീഷിന്റെ ഭാര്യ വീടിന് സമീപമാണ് ദേവദാസിന്റ ഭാര്യവീട്. അങ്ങനെയാണ് ഇരുവരും അടുപ്പത്തിലായത്. 2012 ലാണ് ദേവദാസിനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടത്. ഇയാള്‍ക്കെതിരെ വ്യാപകമായി വന്ന പരാതികള്‍ പരിഗണിച്ചാണ് നടപടി. 2009 ല്‍ സര്‍വ്വീസില്‍ ചേര്‍ന്ന ഇയാള്‍ ട്രാഫിക് പോലീസിലായിരുന്നു. കൊലപാതകശ്രമമടക്കമുള്ള കുറ്റം ചുമത്തിയാണ് ദേവദാസിനെതിരെ കസബ പോലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്റിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: