Categories: Kozhikode

ആശുപത്രികളിലെ തിരക്ക് കുറയ്‌ക്കാന്‍ ഇ-ഹെല്‍ത്ത്, 3000 പേരെ ചികിത്സിക്കാന്‍ സൗകര്യമൊരുക്കും, ബീച്ച് ജനറല്‍ ആശുപത്രി കോവിഡ് ആശുപത്രിയാക്കും

നിലവില്‍ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസാണ് എഫ്എല്‍ടിസിയായി പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ ആശുപത്രികളുള്‍പ്പെടെ കുറച്ച് ആശുപത്രികളെ കൂടി എഫ്എല്‍ടിസി ആക്കി മാറ്റും. മഴക്കാലമായതിനാല്‍ ആശുപത്രികളിലെ ഒപി തിരക്ക് നിയന്ത്രിക്കാന്‍ ഇ-ഹെല്‍ത്ത് പ്രോഗ്രാം ഉടന്‍ നടപ്പാക്കും.

Published by

കോഴിക്കോട്:  കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ 3000 പേരെ ചികിത്സിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. കലക്ടറേറ്റില്‍ നടന്ന ജില്ലാതല കോവിഡ് അവലോകനയോഗത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ബീച്ച് ജനറല്‍ ആശുപത്രി കോവിഡ് ആശുപത്രിയായി ഉയര്‍ത്തും. മറ്റുരോഗങ്ങളുടെ ചികിത്സയോടൊപ്പം കോവിഡ് ഗുരുതര കേസുകള്‍ക്ക് മാത്രം മെഡിക്കല്‍ കോളേജ് ആശുപത്രി ഉപയോഗപ്പെടുത്തും. മറ്റു കോവിഡ് രോഗികളെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലായിരിക്കും ചികിത്സിക്കുക. 

നിലവില്‍ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസാണ് എഫ്എല്‍ടിസിയായി പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ ആശുപത്രികളുള്‍പ്പെടെ കുറച്ച് ആശുപത്രികളെ കൂടി എഫ്എല്‍ടിസി ആക്കി മാറ്റും. മഴക്കാലമായതിനാല്‍ ആശുപത്രികളിലെ ഒപി തിരക്ക് നിയന്ത്രിക്കാന്‍ ഇ-ഹെല്‍ത്ത് പ്രോഗ്രാം ഉടന്‍ നടപ്പാക്കും. രോഗികള്‍ക്ക് വീട്ടിലിരുന്ന് തന്നെ ചികിത്സ ലഭ്യമാക്കും. എല്ലാവരും ടെലി മെഡിസിന്‍ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ജില്ലയിലെ 25 ആശുപത്രികളെ ബന്ധപ്പെടുത്തി ഇ ഹെല്‍ത്ത് സംവിധാനം ഒരുക്കും. സജ്ജീകരണചെലവിലേക്കായി എംഎല്‍എമാര്‍ 25 ലക്ഷം രൂപ നല്‍കും.  

ആളുകളില്‍ കോവിഡ് രോഗപ്രതിരോധ ജാഗ്രത കുറഞ്ഞുവരുന്ന സാഹചര്യമുണ്ട്. പൊതു ഇടങ്ങളില്‍ പലരീതിയിലുള്ള കൂടിച്ചേരലുകളും നടക്കുന്നു. ഇത് ഒരിക്കലും അനുവദിക്കാന്‍ കഴിയില്ല. വ്യാപാര സ്ഥാപനങ്ങളില്‍ നിയന്ത്രണത്തിനതീതമായി ആളുകള്‍ കയറുന്നതും ദോഷം ചെയ്യും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി എടുക്കും. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില 50 ശതമാനമാക്കിയതിനാല്‍ ബാക്കിയുള്ള ജീവനക്കാര്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവണം. ബന്ധപ്പെട്ട മേലുദ്യോ ഗസ്ഥര്‍ ഇത് ഉറപ്പുവരുത്തണം. വളണ്ടിയര്‍മാരുടെ ലഭ്യതകുറവ് പരിഹരിക്കാന്‍ ജീവനക്കാരുടേയും അധ്യാപകരുടേയും സേവനം ഉപയോഗിക്കും.

എംഎല്‍എമാരായ പി.ടി.എ. റഹിം, പുരുഷന്‍ കടലുണ്ടി, കാരാട്ട് റസാക്ക്, പാറക്കല്‍ അബ്ദുള്ള, സി.കെ. നാണു, ഇ.കെ. വിജയന്‍, കെ. ദാസന്‍, എ. പ്രദീപ് കുമാര്‍, വി.കെ.സി. മമ്മദ് കോയ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ എസ്.സാംബശിവ റാവു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ എന്നിവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by