ഹിമാലയന്‍ അതിര്‍ത്തി തര്‍ക്കമാണ് 1962 ലെ ഇന്ത്യാ ചീനായുദ്ധത്തില്‍ കലാശിച്ചതെന്ന് പറയുന്നു. അത് മാത്രമല്ല. ദലൈലാമയ്ക്ക് ഇന്ത്യ അഭയം നല്കിയതും ചൈനയെ ചൊടിപ്പിച്ചത്രേ. ഇന്ത്യ എന്തിനാണ് ദലൈലാമയ്ക്ക് അഭയം നല്കി ഏടാകൂടം വരുത്തിവച്ചതെന്ന് ചോദിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ഇന്ത്യയ്ക്ക് അപ്രിയമുള്ള പലര്‍ക്കും പല രാജ്യങ്ങളും സംരക്ഷണം നല്കുന്നു. അതിന്റെ പേരില്‍ ഒരു യുദ്ധത്തിലേക്ക് പോകുന്ന പതിവുണ്ടോ? അഭയമൊന്നുമല്ല ചൈനയുടെ പ്രശ്നം. അത്യാര്‍ത്തി. മര്‍മപ്രധാനമായ ഇന്ത്യന്‍ മണ്ണ് ലക്ഷ്യം വച്ചുള്ള നീക്കം.
1962 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 21 വരെയാണ് അന്നത്തെ യുദ്ധം. ഒരു തയ്യാറെടുപ്പുമില്ലാതിരുന്നിട്ടും ഇന്ത്യ പിടിച്ചു നിന്നു. ജനങ്ങളുടെ ഇച്ഛാശക്തിയും ധാര്‍മികതയും ആത്മബലവും കൊണ്ട് യുദ്ധം നേരിട്ടപ്പോള്‍ ഒരുമാസം തികയാന്‍ കാത്തുനിന്ന പോലെ ചൈന പിന്മാറി. 43 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം അവര്‍ സ്വന്തമാക്കുകയും ചെയ്തു.
ഇന്ത്യ, ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന ഭൂമി എന്നാണ് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ അന്നത്തെ ന്യായം. ഇന്നും സ്ഥിതി മാറിയിട്ടൊന്നുമില്ല. ഇന്ത്യയും പ്രകോപനമുണ്ടാക്കിയെന്നാണ് പ്രകാശ് കാരാട്ട് ഇപ്പോഴും പറയുന്നത്. ചൈനാ വിഷയം വന്നാല്‍ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും തമ്മില്‍ ഒരു തര്‍ക്കവും സംശയവുമില്ല. ചക്കിക്കൊത്ത ചങ്കരന് എന്നപോലെയാണ്.
ചൈന ഇന്ത്യന്‍ മണ്ണ് കൈവശപ്പെടുത്തിയതിനെ ചൊല്ലി പാര്‍ലമെന്റിനകത്തും പുറത്തും പൊടിപാറിയ ചര്‍ച്ച നടന്നപ്പോള്‍ ”ചൈന കൈവശപ്പെടുത്തിയത് പുല്ലുപോലും മുളയ്ക്കാത്ത സ്ഥല”മെന്നാണ് അന്നത്തെ പ്രധാനമന്ത്രി നെഹ്റു ആശ്വസിച്ചത്. പുല്ലുപോലും മുളയ്ക്കാത്ത ഒരു പ്രയോജനവുമില്ലാത്ത ഭൂമിയാണെങ്കില് എന്തിനാ സാര്‍, കഷ്ടപ്പെട്ട് ബുദ്ധിമുട്ടി അദ്ധ്വാനവും ആള്‍നാശവുമെല്ലാമുണ്ടാക്കി ചൈന ആ സ്ഥലം കൈവശപ്പെടുത്തിയത്?
നെഹ്റുവിന്റെ പിന്മുറക്കാര് ഇപ്പോഴുമുണ്ടല്ലോ. അവരുടെ നിലപാടും ചോദ്യങ്ങളും കേട്ടാല്‍ പശു ചത്തിട്ടും മോരിന്റെ പുളി മാറിയില്ലെന്ന് ആരും ചിന്തിച്ചുപോകും. ഈസ്റ്റ് ലഡാക്കില്‍ നിന്ന് ചൈനയെ എപ്പോള്‍ തുരത്തുമെന്ന് നരേന്ദ്രമോദി പറയണമെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ചോദിച്ചത്. ചൈനയെ എപ്പോള്‍ തുരത്തണം, എങ്ങനെ തുരത്തണമെന്ന് വ്യക്തമായ ധാരണയുള്ള നേതൃത്വമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. അച്ഛന്റെയും വലിയപ്പൂപ്പന്റെയൊന്നും പേരിലുള്ള ഫൗണ്ടേഷനുകളില്‍ കോടിക്കണക്കിന് രൂപ അച്ചാരം പറ്റിയ പ്രധാനമന്ത്രിയോ, മന്ത്രിമാരോ അല്ല രാജ്യം ഭരിക്കുന്നത്. ഓരോ ദിവസവും ചൈനയെ വരിഞ്ഞുമുറുക്കുന്ന നടപടികള്‍ ശ്രദ്ധിക്കുന്ന ആര്‍ക്കുമത് ബോധ്യമാകും. ഇന്നത്തെ നേതൃത്വത്തിന്റെ ലെവല്‍ ഒന്നുവേറെയാണ്. അതില്‍ കടിച്ച് പല്ല് കളയാതിരിക്കാന്‍ നോക്ക്. കണ്ടില്ലെ ടിക് ടോക് ഉള്‍പ്പെടെയുള്ള ആപ്പുകളെ കെട്ടുകെട്ടിക്കാനെടുത്ത തീരുമാനം.
ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പുറമെ ചൈനയ്ക്കെതിരായ വ്യാപാരയുദ്ധം ഇന്ത്യ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി 5 ജി സംവിധാനത്തിന് ഉപയോഗിക്കുന്ന ചൈനീസ് ഉപകരണവും എസി അടക്കമുള്ള പന്ത്രണ്ടിലേറെ വസ്തുക്കളുടെ ഇറക്കുമതിയും വിലക്കാനുള്ള ആലോചനയും നടക്കുന്നു.
അതിവേഗ ഇന്റര്‍നെറ്റിന് ഹുവാവെ അടക്കമുള്ള ചൈനീസ് കമ്പനികളുടെ ഉപകരണം ഇനി വാങ്ങേണ്ടെന്നാണ് ചര്‍ച്ചകളില്‍ ഉയരുന്ന അഭിപ്രായം. രാജ്യമാകെ 5 ജിയിലേക്ക് മാറാന്‍ ഒരുങ്ങുന്ന പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. 59 ചൈനീസ് ആപ്പുകള്‍ വിലക്കാന്‍ തീരുമാനിച്ചത് കഴിഞ്ഞ തിങ്കളാഴ്ചത്തെ യോഗത്തിലായിരുന്നു.
കൊറോണയുടെ പശ്ചാത്തലത്തില്‍ 5 ജി സ്പെക്ട്രം ലേലം ഒരു വര്‍ഷത്തേക്ക് മാറ്റിവച്ചിരുന്നു. ലേലം പുനരാരംഭിക്കുന്നതോടെ ചൈനീസ് ഉപകരണത്തിന് വിലക്ക് വരും. 4 ജി സ്പെക്ട്രം ടെന്‍ഡറുകളില്‍ ചൈനീസ് കമ്പനികളെ ഒഴിവാക്കാന്‍ കേന്ദ്രം ബിഎസ്എന്‍എല്ലിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ചൈനീസ് ഉപകരണങ്ങള്‍ വാങ്ങരുതെന്ന് സ്വകാര്യ ടെലികോം കമ്പനികളോടും നിര്‍ദ്ദേശിച്ചിരുന്നു.
ഇതിനുപുറമേ എയര്‍ കണ്ടീഷണറുകള്‍, അവയുടെ ഘടകഭാഗങ്ങള്‍, ടി.വി.സെറ്റുകളുടെ ഭാഗങ്ങള്‍, ഉരുക്ക്, ലിഥിയം അയണ്‍ ബാറ്ററികള്‍, ആന്റി ബയോട്ടിക്കുകള്‍, പെട്രോ കെമിക്കലുകള്‍, വാഹനങ്ങളുടെ സ്പെയര്പാര്ട്ടുകള്, മൊബൈല്‍ പാര്‍ട്ടുകള്‍, കളിപ്പാട്ടങ്ങള്‍ സ്പോര്‍ട്സ് ഗുഡ്സ്, സോളാര്‍ ഉപകരണങ്ങള്‍ ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍, അലുമിനിയം ചെരുപ്പുകള്‍, ഉരുളക്കിഴങ്ങ്, ഓറഞ്ച് എന്നിവയടക്കമുള്ള വസ്തുക്കളുടെ ഇറക്കുമതിക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. അഗര്‍ബത്തി, ടയറുകള്‍, പാം ഓയില്‍ എന്നിവയുടെ ഇറക്കുമതിക്കാകും ആദ്യം വിലക്ക് വരിക. ഇതുവഴി എ.സിയുടെയും ഘടകഭാഗങ്ങളുടെയും മറ്റും ആഭ്യന്തര ഉല്‍പ്പാദനം കൂട്ടാന്‍ കഴിയും.
ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനു പുറമേ ഇവയുടെ ഇറക്കുമതിത്തീരുവ കൂട്ടുന്നതും പരിഗണനയിലുണ്ട്. തീരുവ കൂട്ടിയാല്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ രാജ്യങ്ങളേയും ബാധിക്കും. എന്നാല്‍, ലൈസന്‍സിംഗ് വന്നാല്‍ തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്നു മാത്രമുള്ള ഇറക്കുമതി വിലക്കാമെന്നതാണ് സൗകര്യം. ഇറക്കുമതി ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ കഴിയുന്ന വസ്തുക്കളുടെ പട്ടിക തയ്യാറാക്കാന്‍ വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍ ഓഫീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതിവര്‍ഷം ഇന്ത്യ 70 ലക്ഷം എസികളാണ് ഇറക്കുമതി ചെയ്യുന്നത്. 90 ശതമാനം എസി കംപ്രസറുകളും ചൈനയില്‍ നിന്നും തായ്ലാന്ഡില് നിന്നുമാണ് എത്തുന്നത്. മറ്റൊരു ഭരണകൂടത്തിനും അത് ചിന്തിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.
വെള്ളിയാഴ്ച പുലര്‍ച്ചെ നമ്മുടെ പ്രധാനമന്ത്രി ലഡാക്കിലെത്തിയതില്‍ ചൈന മാത്രമല്ല ഇന്ത്യയിലെ ചൈനാ ഏജന്റന്മാരും വല്ലാതെ വിയര്‍ക്കുന്നുണ്ടാകും. 11000 അടി ഉയരത്തിലായിരുന്നു ഇന്നലെ നരേന്ദ്രമോദി. സൈന്യത്തിന് ആത്മവിശ്വാസവും ധൈര്യവും പകര്‍ന്ന മോദി. നിങ്ങളെ വിന്യസിച്ച അത്രയും ഉയരത്തിലാണ് രാജ്യം നിങ്ങള്‍ക്ക് നല്കുന്ന സ്ഥാനമെന്ന് പറയുമ്പോള്‍ ഉയരുകയല്ലേ രാജ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: