കണ്ണൂര്‍: കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ഏയര്‍പോര്‍ട്ടില്‍ തൊഴിലാളികളെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ജോലി ചെയ്യിപ്പിക്കുന്നതായി കണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഏയര്‍പോര്‍ട്ട് വര്‍ക്കേഴ്സ് സംഘ് (ബിഎംഎസ്) ജില്ലാ ഭാരവാഹി യോഗം ആരോപിച്ചു. വിഷയത്തില്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ ഇടപെട്ട് ജീവനക്കാരുടെ സുരക്ഷ ഉറപ്പ വരുത്തണമെന്ന് യോഗം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.
എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡമനുസരിച്ചുള്ള സുരക്ഷ ഒരുക്കുന്നില്ല. ഹൗസ് കീപിങ് തൊഴിലാളികള്‍ക്ക് പിപിഇ കിറ്റ്, മാസ്ക് തുടങ്ങിയ അത്യാവശ്യ പ്രതിരോധ സാമഗ്രികള്‍ ലഭ്യമാക്കുന്നില്ല. വന്ദേഭാരത് മിഷന്റെ ഭാഗമായി നിരവധി വിമാനങ്ങള്‍ വന്ന് പോകുന്ന വിമാനത്താവളത്തില്‍ ക്ലീനിങ് വിഭാഗത്തിലെ തൊഴിലാളികളെ പീഡിപ്പിക്കുകയാണ്.
യാത്രക്കാര്‍ ഇറങ്ങിയതിന് ശേഷം സാനിറ്റാസേഷന് ചെയ്ത് നിശ്ചിത സമയം അനുവദിക്കാതെ ഫ്ളൈറ്റ് ഉള്‍പ്പടെ ശുചീകരിക്കാന്‍ ടെര്‍മിനല്‍ മാനേജര്‍ നിര്‍ബന്ധിക്കുന്നു. യാത്രക്കാര്‍ ഉപേക്ഷിച്ച പിപിഇ കിറ്റുകള്‍ ഉള്‍പ്പടെ നീക്കം ചെയ്യേണ്ടത് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഇത്തരം ജോലികള്‍ പോലും സുരക്ഷാമാനദണ്ഡമില്ലാതെ ക്ലീനിങ് തൊഴിലാളികളെ ഉപയോഗിച്ചാണ് ചെയ്യിക്കുന്നത്.
യോഗത്തില്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി. തമ്പാന് അധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ മേഖലാ പ്രസിഡണ്ട് വി.വി. മനോഹരന്, മേഖലാ സെക്രട്ടറി മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: