ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പോലീസ് ചോദ്യം ചെയ്യുന്നു. എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറി കെ. കെ. മഹേശന്റെ ആത്മഹത്യയെ തുടര്‍ന്നാണ് വെള്ളാപ്പള്ളിയെ പോലീസ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. വെള്ളാപ്പള്ളിയുടെ സഹായി കെ എല്‍ അശോകനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. രണ്ടുപേരുടെയും മൊഴി പൂര്‍ണ്ണമായും രേഖപ്പെടുത്തിയ ശേഷം മാത്രമേ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കുന്ന കാര്യത്തില്‍ പോലീസ് അന്തിമ തീരുമാനമെടുക്കുക. ആരോഗ്യപരമായ കാരണണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവായത്. കണിച്ചുകുളങ്ങരയിലെ വസതിയിലാണ് വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യുന്നത്.
വെള്ളാപ്പള്ളിയുടെയും അശോകന്റെയും പേര് പരാമര്‍ശിക്കുന്ന മഹേശന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നതിന് പിന്നാലെയാണ് ഇരുവരെയും ചോദ്യം ചെയ്യുന്ന നടപടികളിലേയ്ക്ക് പോലീസ് കടന്നത്. തന്റെ ജീവിതം വെള്ളാപ്പള്ളി നടേശനും സുഹൃത്ത് കെ.എല്‍. അശോകനും, പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യൂണിയന് നേതാക്കന്മാര്ക്കും വേണ്ടി ഹോമിക്കുന്നു എന്നാണ് കുറിപ്പിലുള്ളത്. മഹേശന് മരിക്കുന്നതിന് മുന്‍പ് സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിപ്പിച്ച കത്തുകളില്‍ അശോകന്റെ പേര് പല തവണ പരാമര്‍ശിച്ചിരുന്നു. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അശോകനില്‍ നിന്ന് ലഭ്യമാകുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം.
മഹേശന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളാപ്പള്ളിയേയും, അശോകനെയും അറസ്റ്റ് ചെയ്യണമെന്നാണ് മഹേശന്റെ ബന്ധുക്കള്‍ ആവശ്യപ്പടുന്നത്. വെള്ളാപ്പള്ളി കേസില്‍ കുടുങ്ങുമെന്ന് കണ്ടപ്പോള്‍ മഹേശനെ മോശക്കാരനാക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ പരാതിപ്പെടുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ല. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: