പത്തനാപുരം: വ്യാജ വാറ്റ് കേന്ദ്രത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗൃഹനാഥന് മരണപ്പെട്ട സംഭവത്തില്‍ രണ്ടുപേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
മാങ്കോട് തൊണ്ടിയാമണ്‍ തെക്കേക്കര ചരുവിളവീട്ടില്‍ പ്രദീപി(40)ന്റെ മരണത്തിലാണ് സുഹൃത്തുക്കളായ പൂങ്കുളഞ്ഞി അനീഷ് ഭവനില്‍ അനീഷ്(32), ചിതല്‍വെട്ടി എസ്എഫ്സികെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരനായ പൊടിയന്(54) എന്നിവരാണ് പിടിയിലായത്. ഏപ്രില്‍ 19നാണ് ഫാമിങ് കോര്പ്പറേഷന് എസ്റ്റേറ്റിലെ വ്യാജവാറ്റ് കേന്ദ്രത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടന്ന പ്രദീപ് തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
18ന് രാത്രിയില്‍ വീട്ടില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്നും സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രദീപിന്റെ കുടുംബം റൂറല്‍ എസ്പി ഹരിശങ്കറിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസ് അന്വേഷിച്ച പുനലൂര്‍ ഡിവൈഎസ്പി അനില്‍ദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
തെങ്ങില്‍ കയറി കാല്‍വഴുതിവീണ് ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിക്കാതെ സുഹൃത്തുക്കളായ അനീഷും പൊടിയനും സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു. രാത്രിയേറെക്കഴിഞ്ഞിട്ടും പ്രദീപ് തിരിച്ചുവരാതായതോടെ ഭാര്യ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. സുഹൃത്തിനെ വിളിച്ചപ്പോള്‍ ഒരു മണിക്കൂറിനകം എത്തുമെന്ന് പറഞ്ഞു.
തിരച്ചിലിനൊടുവില്‍ പിറ്റേദിവസം രാവിലെ അബോധാവസ്ഥയിലാണ് പ്രദീപിനെ കണ്ടെത്തുന്നത്. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: