തിരുവല്ല: പ്രളയകാല മുന്നൊരുക്കത്തിന്റെ ഭാഗമായി നദികളിലെ മണലെടുപ്പ് സര്‍ക്കാരിന് നഷ്ടക്കച്ചവടമാകുന്നു. കോടികള്‍ ചെലവഴിച്ച് നദികളില്‍ നിന്ന് വാരുന്ന മണല്‍ നീക്കം ചെയ്യാന്‍ നടപടിയില്ല. ഈ മണല്‍ ചെളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്തെങ്കില്‍ മാത്രമെ നിര്‍മാണ മേഖലയ്ക്ക് ഉപയോഗിക്കാന്‍ കഴിയൂ. എന്നാല്‍, വാരിയിട്ട മണല്‍ നദി തന്നെ തിരിച്ചെടുക്കുന്നു. കനത്ത മഴയില്‍ മണല്‍ നദിയിലേക്ക് ഒലിച്ചിറങ്ങുന്നു.
ഇതിനിടെ, മണല്‍ വിപണയിലെത്താതെയിരിക്കാന് പാറമട ലോബിയും കരുനീക്കം തുടങ്ങി. നദീമണല്‍ വിപണിയിലെത്തിയാല്‍ നിര്‍മാണ മേഖലയില്‍ വ്യാപകമായി ഉപയോഗിക്കുന്ന എം സാന്‍ഡിന്റെ ആവശ്യം കുറയും. ഇത് പാറമട ലോബിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കും.
പ്രളയത്തിന്റെ ആഘാതം കുറയ്ക്കാന്‍ പമ്പ, മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നിവടങ്ങളിലെ 44 സ്ഥലങ്ങളില്‍ നിന്നാണ് മണലെടുക്കാന്‍ അനുമതിയായത്. വിവാദമായ പമ്പാ ത്രിവേണിയിലെ മണലെടുപ്പ് റവന്യു വകുപ്പ് നേരിട്ടാണ് ചെയ്യുന്നത്. ഇതിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നിട്ടും മണലെടുപ്പുമായി മുന്നോട്ട് പോവുകയാണ്. പമ്പയിലെ ശേഷിക്കുന്ന സ്ഥലങ്ങള്‍, മണിമല, അച്ചന്‍കോവിലാര്‍ എന്നിവടങ്ങളിലെ മണലെടുപ്പിന് 2.25 കോടി രൂപയ്ക്കാണ് കരാര്‍ നല്‍കിയത്. ഇതോടപ്പം ഡാമുകളിലെ മണലും വാരുന്നുണ്ട്.
നദികളിലെ മണല്‍ സംസ്കരിച്ച് വിപണയില്‍ എത്തിച്ചാല്‍ മാത്രമെ ഏറ്റെടുക്കൂയെന്ന് ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് അറിയിച്ചു. ഇതിനായി ചെളിയും മാലിന്യവും കളയണം. കൂടാതെ പായ്ക്കറ്റുകളിലാക്കണമെന്നാണ് ആവശ്യം. നേരത്തെ, ഡാമുകളില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് മണല്വാരിയെങ്കിലും ചെളിയും മാലിന്യവും നീക്കം ചെയ്യാതെയിരുന്നതിനാല് ആരും ഏറ്റെടുത്തില്ല.
സമാനമായ അവസ്ഥയാണ് ഇപ്പോള്‍ നദികളിലെ മണല്‍വാരലിനും സംഭവിക്കുന്നതെന്നാണ് വിമര്‍ശനം. അതേസമയം, മാനദണ്ഡങ്ങള്‍ പാലിച്ച് മണല്‍ വിപണിയിലെത്തിച്ചാല്‍ സര്‍ക്കാരിന് പ്രതിവര്‍ഷം 1000-1500 കോടി രൂപ വരെ ഖജനാവിലേക്ക് ലഭിക്കുമെന്നാണ് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: