മാനന്തവാടി: പ്രളയ മുന്നൊരുക്ക പ്രവര്‍ത്തനത്തിന്റെ ഭാഗമായി നാടെങ്ങും പുഴകള്‍ ശുചീകരിക്കുമ്പോള്‍ മഴ പെയ്താല്‍ വെള്ളം കയറുന്ന ഭാഗം ഒഴിവാക്കിയതിനെതിരെ നാട്ടുകാര്‍ രംഗത്ത്. തലപ്പുഴ പൊയിലില്‍ മഴ പെയ്താല്‍ വീടുകള്‍ വെള്ളത്തിനടിയിലാവുന്ന ഭാഗം ഒഴിവാക്കിയതിനെതിരെയാണ് നാട്ടുകാര്‍ രംഗത്ത് എത്തിയത്.
തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ പൊയില്‍, താഴെ പൊയില്‍ ഭാഗത്തെ ഏകദേശം 350 മീറ്റര്‍ പുഴയോരമാണ് പദ്ധതികള്‍ ഏറെ നടപ്പാക്കിയിട്ടും ശുചീകരണ പ്രവര്‍ത്തിയില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. ഇവിടെ പുഴയ്ക്ക് അക്കരെയിക്കരെയായി മുപ്പതോളം കുടുംബങ്ങള്‍ ഇപ്പോള്‍ പ്രളയഭീതിയിലാണ് കഴിയുന്നത്. മഴ പെയ്താല്‍ പ്രദേശത്തെ നിരവധി വീടുകള്‍ വെള്ളത്തിനടിയിലാവും. ഇതിലൂടെ ഒഴുകുന്ന പുഴയുടെ മറ്റ് ഭാഗങ്ങള്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയപ്പോള്‍ ഇവരുടെ വീടിനോട് ചേര്‍ന്നുള്ള 350 മീറ്റര്‍ പുഴ ശുചീകരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് ഇവിടത്തുകാരുടെ പരാതി.
പുഴ ശുചീകരിക്കാത്തതിനാല്‍ ഇത്തവണത്തെ മഴ കാലവും ഇവിടുത്തെ വീടുകള്‍ വെള്ളത്തിനടിയിലാകുമെന്ന് ഉറപ്പ്. പുഴ നന്നാക്കാത്തതിനെതിരെ പരാതി നല്‍കിയിട്ടും അധികൃതര്‍ക്ക് അനക്കമില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. അതെ സമയം പരാതിക്ക് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: