വടകര: കോറോത്ത് റോഡ് കേന്ദ്രീകരിച്ച് വാഹനം തടഞ്ഞു പണപ്പിരിവ് നടത്തിയ സിപിഎമ്മുകാരില്‍ ഒരാള്‍ അറസ്റ്റില്‍. പൂണംകണ്ടിയില് വിപിന്‍(20) ആണ് അറസ്റ്റിലായത്. കൂട്ടുപ്രതി ആശാരിതാഴെ കുനിയില്‍ അഞ്ജിത്തി(22)നായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബുധനാഴ്ച രാത്രി ദേവരാജ് എന്നയാള്‍ കാറില്‍ വീട്ടിലേക്കു പോകുന്നതിനിടയില്‍ വിപിനും അഞ്ജിതും ചേര്‍ന്ന് കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന നാലായിരം രൂപ ബലമായി പിടിച്ചെടുക്കുകയും വണ്ടിയുടെ താക്കോലുമായി കടന്നുകളയുകയും ചെയ്തു. ഇതിനിടയില്‍ ദേവരാജന്റെ കഴുത്തിലെ സ്വര്‍ണമാല പൊട്ടിച്ചെടുക്കാനും ശ്രമിച്ചു. കണ്ണിനും കഴുത്തിനും പരിക്കേറ്റ ഇയാള്‍ ഒച്ച വച്ചതോടെ ഇരുവരും ഓടിമറയുകയായിരുന്നു. ഓടിമറയവെ ഒളിച്ചിരുന്ന വീടിന്റെ ചില്ലുകളും അടിച്ചു തകര്‍ത്തു. സംഭവത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് വിപിന്‍ പിടിയിലായത്.
ഇരുപ്രതികളും കോറോത്ത് റോഡ് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തതടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്ന് ചോമ്പാല്‍ പോലീസ് പറഞ്ഞു. രാത്രി കാലങ്ങളില്‍ വണ്ടി തടഞ്ഞു നിര്‍ത്തി പണപ്പിരിവ് പതിവായിരുന്നു. മറ്റു പ്രദേശങ്ങളില്‍ നിന്നും വരുന്ന വാഹന ഉടമകളാണ് പലപ്പോഴും ഇവര്‍ക്ക് ഇരയാകുന്നത്. ഇവര്‍ പരാതിയൊന്നും കൊടുക്കാത്തത് ഇത്തരം സംഘങ്ങള്‍ക്കു സഹായകമായി മാറിയിരിക്കുകയാണ്. സിപിഎമ്മിലും പോലീസിലും ഇവരെ സഹായിക്കുന്നവരുണ്ടെന്ന ആരോപണമുണ്ട്. ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചപ്പോള്‍ വീട്ടില്‍ നിന്നും പണവും മോഷണം പോയിരുന്നു. എന്നാല്‍ ഭരണ സ്വാധീനത്തില്‍ അതൊക്കെ തേച്ചുമായ്ച്ചു കളയുകയായിരുന്നു.
മംഗലാപുരം ദേശീയപാതയില്‍ മാസങ്ങള്‍ക്കുമുമ്പ് സമാനമായ രീതിയില്‍ നടന്ന പിടിച്ചുപറി കേസില്‍ ജയിലായ പ്രതികളും ഇവരുടെ കൂട്ടാളികളാണ്. ക്വട്ടേഷന്‍, പലിശക്ക് പണം നല്കല്, മദ്യകടത്തു തുടങ്ങി വലിയൊരു വലയം ഇവര്ക്കുപിന്നിലുണ്ടെന്നും ഭയത്തിനാലാണ് ആരും പ്രതികരിക്കാത്തതെന്നും നാട്ടുകാര്‍ പറയുന്നു.
കോറോത്ത് റോഡ് കേന്ദ്രികരിച്ചു വാഹനം തടഞ്ഞ് ഗുണ്ടാപിരിവ് നടത്തുകയും യാത്രക്കാരനെമര്ദിക്കുകയും ചെയ്ത സംഭവത്തില്‍ ബിജെ പി അഴിയൂര്‍ പഞ്ചായത്തു കമ്മറ്റി പ്രതിഷേധിച്ചു.
അക്രമികളെ നിലയ്ക്കുനിര്‍ത്താന്‍ അധികാരികള്‍ ശ്രമിക്കണമെന്നും ഇല്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: