അടുപ്പമുള്ളവര്‍ക്കു സുഹൃത്ത്, മാര്‍ഗ്ഗദര്‍ശി, തത്വചിന്തകന്‍ ഇത് മാത്രമാണോ വേണുവേട്ടന്! അച്ഛന്? ജ്യേഷ്ഠ സഹോദരന്? നൂറു കണക്കിന് കുടുംബങ്ങളിലെ കണ്ണീരൊപ്പി, അവിടെ പ്രതീക്ഷയുടെ കൈത്തിരി നീട്ടിയ സാമൂഹ്യ പ്രവര്ത്തകന്! താന്‍ ചെയ്യുന്ന സത്കര്‍മ്മങ്ങള്‍ ഒരു മഞ്ഞുമലയുടെ അഗ്രമായി പോലും ആരും കാണാന്‍ താല്‍പ്പര്യം ഇല്ലാത്ത നിഷ്കാമകര്‍മ്മി! നല്ല ഭാഷയില്‍ എഴുതാന്‍ കഴിവുള്ളപ്പോഴും സാധാരണക്കാരന്റെ ഭാഷയില്‍ മാത്രം സംവദിക്കുന്ന കര്‍മ്മയോഗി. പഠിക്കാന്‍ കഴിവുണ്ടായിട്ടും സാമ്പത്തിക സ്ഥിതി അനുവദിക്കാത്തതിനാല്‍ വഴി മുടങ്ങിയപ്പോള്‍ ഈ മനുഷ്യന് കണ്ടെത്തിയ സ്പോണ്‍സറിന്റെ സഹായത്തോടെ പ്രൊഫഷണല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജീവിതത്തില്‍ കര കയറിയ മിടുക്കന്മാരുടെയും മിടുക്കികളുടെയും എണ്ണം ആര്‍ക്കറിയാം!
1997ല്‍, ശക്തമായി മഴ പെയ്യുന്ന ഒരു മണ്‍സൂണ്‍ സന്ധ്യയില്‍ വേണുവേട്ടന് അന്ന് കുരുക്ഷേത്ര പ്രകാശന്റെ ജനറല്‍ മാനേജറായിരുന്ന ഇ.എന്‍. നന്ദകുമാറിനെയും സംഘത്തിന്റെ കൊച്ചി ജില്ലാ സഹകാര്യവാഹായിരുന്ന എന്നെയും, അദ്ദേഹം സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമത്തിലേക്കു ‘ഒരു കപ്പ് ചായ കുടിക്കാന്‍’ ക്ഷണിച്ചു. കേരളത്തില്‍ ചില സ്ഥലങ്ങളില്‍ നടന്നു വരുന്ന പുസ്തകോത്സവത്തെ കുറിച്ച് വേണുവേട്ടന് വാചാലനായി. എറണാകുളത്തും അത്തരത്തിലൊരു പുസ്തകോത്സവത്തിനുള്ള ശോഭനമായ സാധ്യതയെ കുറിച്ച് ഞങ്ങളെ ബോധ്യപ്പെടുത്തി. ആ ആശയം വളര്‍ന്നാണ് ഭാരതത്തിനു പുറത്ത് പോലും ശ്രദ്ധ പിടിച്ച കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവമായി മാറിയത് എന്ന് അറിയുന്നവര്‍ ചുരുക്കമായിരിക്കും. അദ്ദേഹം നല്കിയ ആശയം ഞങ്ങളെല്ലാം ഏറ്റെടുക്കുകയും ആ വര്‍ഷാവസാനം സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജ്യൂബിലി ആഘോഷത്തിന്റെ ഭാഗമായി ആ മഹത്തായ പ്രസ്ഥാനത്തിന്റെ തുടക്കം കുറിക്കപ്പെടുകയും ചെയ്തു. ആശയം തന്ന് മാറി നില്ക്കുകയല്ല അദ്ദേഹം ചെയ്തത്. അഹോരാത്രം ഞങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം ചെയ്തിരുന്ന സാഹസികമായ അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ ഞങ്ങളെ പോലുള്ള ഇളമുറക്കാര്‍ക്ക് പ്രദാനം ചെയ്ത പ്രചോദനം എത്രയോ മഹത്തായിരുന്നു! സ്വയം’വേദികള്‍ അലങ്കരിക്കാതെ’ അതെല്ലാം അദ്ദേഹം തന്റെ ശിഷ്യര്‍ക്കായി നല്കി, അവരെ നേതാക്കളും വാഗ്മികളും എഴുത്തുകാരുമാക്കി. അവരുടെ വളര്‍ച്ചയായിരുന്നു ആ യഥാര്‍ത്ഥ നേതാവിന്റെ സംതൃപ്തി. മിസോറാം ഗവര്‍ണ്ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉള്‍പ്പെടെ അങ്ങനെ എത്രയോ പേര് ! സ്വര്‍ഗീയ ഭാസ്കര്‍ റാവുജിയെ ഓര്‍മ്മിപ്പിക്കുന്ന അസുലഭ പ്രവര്ത്തകന്. സംഘ പ്രസ്ഥാനങ്ങള്‍ക്ക് ഒന്നാന്തരം നേതൃത്വം കൊടുക്കാന്‍ കഴിവുള്ള അനുപമ വ്യക്തിത്വം. എന്നെ സംബന്ധിച്ച് പറഞ്ഞാല്‍, ഭാസ്കര്‍ റാവുജിക്ക് ശേഷം എനിക്ക് ആ ശൂന്യത നികത്തുന്നത് ആര്. ഹരിയേട്ടനും സി.കെ. ശ്രീനിവാസന് ചേട്ടനും (തലശ്ശേരി) വേണുവേട്ടനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: