ആന്റീഗ്വ: വിന്‍ഡീസിന്റെ ഇതിഹാസ ബാറ്റ്സ്മാന് സര് എവര്ട്ടന് വീക്സ് (95) അന്തരിച്ചു. കരീബിയന്‍ നാടുകളില്‍ ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് പ്രധാന പങ്ക് വഹിച്ചയാളാണ് വീക്സ്. 1948-58 കാലഘട്ടത്തില്‍ വെസ്റ്റ്ഇന്‍ഡീസിനായി 48 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച വീക്സ് 58.61 ശരാശരിയില്‍ 4,455 റണ്‍സ് നേടി. 207 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.
ക്രിക്കറ്റിനെ മുന്നോട്ടു നയിച്ച വഴികാട്ടിയെന്നും വിന്‍ഡീസ് ക്രിക്കറ്റിന്റെ സ്ഥാപക പിതാവെന്നും വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അനുസ്മരിച്ചു. വിന്‍ഡീസ് ക്രിക്കറ്റിന്റെ ത്രീ ഡബ്ല്യൂസ് എന്നറിയപ്പെടുന്ന മൂന്ന് പേരില്‍ ഒരാളാണ് എവര്ട്ടണ് വീക്സ്. ത്രീ ഡബ്ല്യൂസിലെ ക്ലൈഡ് വാല്‍കോട്ട്, ഫ്രാന്ക് വോറല്‍ എന്നിവര്‍ നേരത്തെ അന്തരിച്ചിരുന്നു. 2019ല്‍ ഹൃദയാഘാതം ഉണ്ടായതിന് ശേഷം പൂര്‍ണ വിശ്രമത്തിലായിരുന്നു വീക്സ്.
1949ല്‍ ഇന്ത്യക്കെതിരെ തുടര്‍ച്ചയായി നാല് സെഞ്ചുറികള്‍ നേടി ചരിത്രം കുറിച്ചിരുന്നു. സര് എവര്ട്ടണ് വീക്സിനൊപ്പമുള്ള നിമിഷം അഭിമാനകരമായിരുന്നെന്നും അദ്ദേഹത്തോടൊപ്പം ചെലവഴിച്ച നിമിഷങ്ങളില്‍ സന്തോഷവും ഉന്മാദവും ലഭിച്ചിരുന്നെന്നും മുന്‍ വിന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ഇയാന്‍ ബിഷപ് ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: