തിരുവനന്തപുരം: ക്ഷേത്ര ഉത്സവങ്ങളില്‍ കലാപരിപാടികള്‍ നടത്തുന്നതിന് മുന്‍കൂട്ടി അനുമതിവേണമെന്ന ദേവസ്വം ബോര്‍ഡിന്റെ ബൈലാഭേദഗതിക്കെതിരെ നാടക കലാകാരന്മാര് പ്രതിഷേധ ധര്‍ണ നടത്തി. ദേവസ്വം ബോര്‍ഡ് ആസ്ഥാന ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.
ഉറക്കമൊഴിഞ്ഞും പൊതുജനങ്ങളെ ആനന്ദിപ്പിക്കുന്ന കലാകാരന്മാരെ ദ്രോഹിക്കുന്ന നടപടിയില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്മാറണം. കലാകാരന്മാരെ പട്ടിണിക്കിടുന്ന നിയമങ്ങള്‍ക്കെതിരെ ശക്തമായ സമരത്തിന് ബിജെപി പിന്തുണ നല്‍കുമെന്നും വി.വി. രാജേഷ് പറഞ്ഞു. ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ചരടുവലിച്ചയാളാണ് ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങളില്‍ കലാപരിപാടികള്‍ സംഭാവനയായി മാത്രമെ നടത്താവു എന്നും ഇങ്ങനെ സംഭാവന ചെയ്യുന്നവര്‍ മുന്‍കൂട്ടി പണമടച്ചാല്‍ മാത്രമെ അനുമതി നല്കുവെന്നുമുള്ള ബൈലാ ഭേദഗതി മാറ്റണം. കലാകാരന്മാര്ക്ക് ദുരിതം സമ്മാനിക്കുന്ന നിലപാടില്‍നിന്ന് ബോര്‍ഡ് പിന്മാറണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് നാടക കലാകാരന്മാര് ദേവസ്വം ബോര്‍ഡ് ഓഫീസിനുമുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
57 കളില്‍ ഇടതുപക്ഷത്തിനുവേണ്ടി പ്രവര്‍ത്തിച്ച നാടക കലാകാരന്മാരെയാണ് കൊടും പട്ടിണിക്കിടുന്നതെന്നും പ്രളയവും മഹാമാരിയും കഴിഞ്ഞ് ഉത്സവ കാലത്തെ പ്രതീക്ഷയോടെ കത്തിരിക്കുന്ന കലാകാരന്മാരെ വീണ്ടും ദുരിതത്തിലാക്കുന്നതാണ് ബോര്‍ഡ് നടപടിയെന്നും കലാകാരന്മരുടെ കൂട്ടായ്മ ആരോപിച്ചു. പ്രതിഷേധ കൂട്ടായ്മയുടെ കണ്‍വീനര്‍ തിട്ടമംഗലം ഹരി അധ്യക്ഷത വഹിച്ചു. പള്ളിപ്പുറം കൃഷ്ണകുമാര്‍, വക്കം ബോബന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: