തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ 2019ല്‍ ഇ ബസ് വാങ്ങാന്‍ വിവാദ കരാര്‍ ഒപ്പിട്ട ഇ മൊബിലിറ്റി എക്സ്പോ ഇവോള്‍വിന്റെ മുഖ്യ സംഘാടകരും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ്. 4500 കോടിക്ക് 3000 ഇലക്ട്രിക് ബസ് കെഎസ്ആര്‍ടിസിക്ക് വേണ്ടി വാങ്ങാന്‍ കരാര്‍ ഒപ്പിട്ടശേഷം ധനവിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ വിവാദ കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ മുഖ്യമന്ത്രി ഏകപക്ഷീയമായി ഏല്‍പ്പിക്കുകയായിരുന്നു.
2019 ജൂണ്‍ 29നും 30നും ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തിലായിരുന്നു ഇ മൊബിലിറ്റി എക്സ്പോ ‘ഇവോള്വ’്. എക്സ്പോ മീറ്റിലേക്ക് കമ്പനികളെ ക്ഷണിച്ചതും രജിസ്ട്രേഷന് അടക്കമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്തതും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് ആണ്. വെബ്സൈറ്റില്‍ ഇപ്പോഴും ബന്ധപ്പെടാനുള്ള നമ്പരും ഇമെയിലും (പിഡബ്ലുസി.കോം) പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിന്റെ ഡൊമൈനില്‍ ആണ്. അന്ന് എക്സ്പോയുടെയും ഉദ്ഘാടന സെഷന്റെയും സ്പോണ്‍സറും ഇവരായിരുന്നു. മാത്രമല്ല ഇലക്ട്രോണിക് വാഹനങ്ങളുടെ നിര്‍മാണം, ശുദ്ധഊര്ജ്ജത്തിലേക്കുള്ള മാറ്റം, ഇ-മൊബിലിറ്റിക്കുള്ള ധനസഹായവും ഫ്രെയിംവര്‍ക്കും, സാങ്കേതികവിദ്യയുടെ ഭാവി-ഹൈബ്രിഡ് ഇന്ധന സെലും തുടങ്ങിയ സെഷനുകളുടെ എല്ലം പശ്ചാത്തല പഠനവും വിവരണവും നല്കിയതും ഇവരാണ്. ഈ എക്സ്പോയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് കമ്പനിയായ ഹെസ്സുമായി കെഎസ്ആര്‍ടിസിക്ക് 3000 ഇ ബസ് വാങ്ങാനുള്ള കരാര്‍ നല്‍കിയത്.
ജൂണ്‍ 29ന് ഒപ്പിട്ട കരാര്‍ ധനസെക്രട്ടറി തള്ളിയതോടെയാണ് സാധ്യതാ പഠനത്തിന് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. വിദേശകമ്പനിയുമായി കരാര്‍ ഒപ്പിട്ടശേഷം സാധ്യതാ പഠനം നടത്തുന്നത് ഒരു പക്ഷേ ലോക ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും. സെക്യൂരിറ്റീസ് എക്സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ രണ്ടു വര്‍ഷത്തേക്കുള്ള നിരോധനം നിലനില്‍ക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയന് ടെന്‍ഡര്‍ വിളിക്കാതെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് സാധ്യതാ പഠന കരാര്‍ നല്‍കിയത്. നിരവധി വ്യാപാര ഇടപാടിലെ നികുതി വെട്ടിപ്പില്‍ ആരോപണ വിധേയമായ കമ്പനിയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ സര്‍വീസില്‍ (നിക്സി) അംഗങ്ങളായവരെ തെരഞ്ഞെടുക്കാന്‍ ടെന്‍ഡര്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ വാദം.
എന്നാല്‍ നെക്സിയില്‍ നിന്ന് കമ്പനിയെ തെരഞ്ഞെടുക്കുമ്പോള്‍ കാബിനറ്റ് കൂടി ആ വിവരം നെക്സിയെ അറിയിക്കണം. ഇതെല്ലാം തള്ളിയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സുമായി സാധ്യതാപഠനത്തിന് കരാര്‍ ഒപ്പിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: