കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയടക്കമുള്ള സംഘടനകളുമായി തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാനുള്ള മുസ്ലിം ലീഗ് ശ്രമത്തിനെതിരെ ഇകെ സുന്നിവിഭാഗം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം പരസ്യമായി വ്യക്തമാക്കിയിരുന്നെങ്കിലും സമസ്ത അഭിപ്രായം പറഞ്ഞിരുന്നില്ല.
എന്നാല്‍ ഇക്കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന മുസ്ലിം ഉന്നതാധികാര സമിതി യോഗത്തിന് ശേഷമാണ് സമസ്ത എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ഇന്നലെ ഇകെ വിഭാഗത്തിന്റെ മുഖപത്രമായ സുപ്രഭാതത്തിലാണ് സമസ്ത മുശാവറ അംഗവും സുന്നി മഹല്ല് ഫെഡറേഷന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഉമ്മര്‍ ഫൈസി മുക്കമാണ് നിലപാട് വിശദീകരിച്ചത്.
ലേഖനത്തില്‍ ലീഗിന്റെ പേരെടുത്ത് പറയുന്നില്ലെങ്കിലും നക്കാപിച്ച രാഷ്ട്രീയ ലാഭത്തിന് വേണ്ടി രാഷ്ട്രീയ സദാചാരവും ധര്‍മ്മവും കാശിക്ക് പറഞ്ഞയക്കരുതെന്നും ഇതിന്റെ അപകടം തിരിച്ചറിഞ്ഞ് ഉചിതമായ നിലപാട് സ്വീകരിക്കണമെന്ന് രാഷ്ട്രീയ അവബോധമുള്ളവരോട് ലേഖനം ആവശ്യപ്പെടുന്നത്.
ജമാഅത്തെ ഇസ്ലാമി അന്തര്‍ദേശീയ മാനമുള്ള മതരാഷ്‌ട്രീയ സംഘടനയാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയം ലോകപൊതുസമൂഹത്തിന് ബോദ്ധ്യമില്ലാത്തതും ജനാധിപത്യഭൂമിക്ക് കനത്ത പ്രഹരമേല്‍പ്പിക്കുന്നതാണെന്നും ലേഖനത്തില്‍ പറയുന്നു. വെല്‍ഫയര്‍ പാര്‍ട്ടിയുമായി ലീഗിന്റെ ബന്ധം സ്വയം കുളം തോണ്ടുന്നതിന് തുല്യമാണെന്നും മദ്ധ്യപൗരസ്ത്യ നാടുകളില്‍ ഉയര്‍ന്നു വരുന്ന രാഷ്‌ട്രീയ അസ്ഥിരതയും തീവ്രവാദ ഗ്രൂപ്പുകളുടെ ഉദയത്തിനും ഇത്തരം രാഷ്‌ട്രീയ ഗ്രൂപ്പുകള്‍ കാരണമായെന്നും ജമാഅത്തെ ഇസ്ലാമിക്കെതിരെ സുന്നി നേതാവ് തുറന്നടിക്കുന്നുണ്ട്.
മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. എ.മജീദ് വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഹകരണമുണ്ടാക്കുമെന്ന് പ്രസ്താവിച്ചിരുന്നു.ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പിന്തുണയുമായി രംഗത്തെത്തി. മുസ്ലിം യൂത്ത്‌ലീഗിന്റെ എതിര്‍പ്പിനെ മറികടന്ന് വെല്‍ഫയര്‍ പാര്‍ട്ടി ബന്ധം യുഡിഎഫുമായി ചര്‍ച്ച ചെയ്യുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കിയതോടെയാണ് സുന്നിവിഭാഗം പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ മുസ്ലിം ലീഗിന്റെ പ്രമുഖ വോട്ട് ബാങ്കിലാണ് വിള്ളല്‍ വീണിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: