Categories: Kozhikode

ലക്ഷങ്ങള്‍ വരവുണ്ട്, എന്നാല്‍ മണല്‍ രസീതിനായി കാത്തിരിക്കേണ്ടത് മണിക്കൂറുകള്‍; ദുരിതവുമായി തൊഴിലാളികള്‍

സാങ്കേതിക തകരാറിനാല്‍ മണല്‍ രസിത് കിട്ടാതെ കറുകപാലം കടവില്‍ വാഹന ഡ്രൈവര്‍മാര്‍ കാത്തിരിക്കേണ്ടി വരുന്നത് മണിക്കൂറുകള്‍.

Published by

വടകര: സാങ്കേതിക തകരാറിനാല്‍  മണല്‍ രസിത് കിട്ടാതെ കറുകപാലം കടവില്‍ വാഹന ഡ്രൈവര്‍മാര്‍ കാത്തിരിക്കേണ്ടി വരുന്നത് മണിക്കൂറുകള്‍. മണല്‍ വിറ്റുകിട്ടുന്ന വകയില്‍ ലക്ഷങ്ങള്‍ വരവുണ്ട്. പക്ഷേ കടവിലെ ഓഫീസ് കമ്പ്യൂട്ടറിന് യുപിഎസില്ല. തുറമുഖവകുപ്പിന് കീഴിലുള്ള പുതുപ്പണം കറുകപ്പാലം കടവിലാണ് ഈ ദുരവസ്ഥ. മണല്‍ വിതരണം ഓണ്‍ലൈനാക്കിയതോടെ കടവില്‍ നിന്ന് ലോറിക്കാര്‍ക്ക് പാസ് നല്‍കുന്നതും ഈ സംവിധാനത്തിലാണ്.

മണല്‍ കയറ്റിക്കഴിഞ്ഞ ശേഷം വൈദ്യുതി മുടങ്ങിയാല്‍ പിന്നെ പാസ് കിട്ടില്ല. വൈദ്യുതി വരുന്നതുവരെ കാത്തിരിക്കാനാണ് ലോറിക്കാരുടെയും ഉപഭോക്താക്കളുടെയും വിധി. മഴക്കാലത്ത് ഇതൊരു പതിവാണ്. ചിലപ്പോള്‍ ലോറി ഡ്രൈവര്‍മാര്‍ തന്നെ ജനറേറ്റര്‍ വാടകയ്‌ക്കെടുത്തു കൊണ്ടുവന്നാണ് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. 

ഒരു ലോഡ് മണലിന് 5146 രൂപയാണ് ഉപഭോക്താവില്‍നിന്ന് ഈടാക്കുന്നത്. ഇതില്‍ 1900 രൂപയാണ് തൊഴിലാളികളുടെ കൂലി. 300 രൂപ നഗരസഭയ്‌ക്ക് കിട്ടും. ബാക്കി മുഴുവന്‍ തുറമുഖവകുപ്പിനാണ്. ഒരു ദിവസം 60 ലോഡ് മണല്‍ വിതരണം ചെയ്യാനാണ് അനുമതി. ഇപ്പോള്‍ 30 മുതല്‍ 40 വരെ ലോഡ് പോകുന്നുണ്ട്. ഈ വകയില്‍ ദിവസം ഒരുലക്ഷം രൂപയോളം തുറമുഖവകുപ്പിന് കിട്ടുന്നുണ്ട്. എന്നിട്ടും യുപിഎസ് സ്ഥാപിക്കാനാകുന്നില്ല. പലതവണ തൊഴിലാളികളും ലോറിക്കാരുമെല്ലാം ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതാണ്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by