തിരുവനന്തപുരം: ഈ പുസ്തകത്തട്ടിൽ പൂക്കുന്നത് നന്മയുടെ നല്ലപാഠം. പത്തു വർഷത്തിനിടെ നൂറിലധികം നിർധന വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ സൗജന്യമായി നൽകാനായ സന്തോഷത്തിലാണ് പുസ്തകശാല ഉടമ ശ്രീകുമാർ.
തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിൽ റോഡിലാണ് കവടിയാർ ഭഗവതിനഗർ നാരായണീയത്തിൽ ശ്രീകുമാറിന്റെ (50) മൂൺസ്റ്റാർ ബുക്ക് ഷോപ്പ്. എൽകെജി മുതൽ ഗവേഷണ വിദ്യാർഥികൾക്കു വരെ പഠനത്തിനുള്ള പുസ്തകങ്ങൾ ഇവിടെ വിൽപ്പനയ്‌ക്കുണ്ട്. അധികവും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തവ. ആയിരം രൂപയ്‌ക്ക് മുകളിലാണ് ഒരു സെറ്റ് പുസ്തകത്തിന്റെ വില. പഠിക്കാൻ സമർത്ഥരായ നിർധന വിദ്യാർഥികൾക്ക് ഇവ സൗജന്യമാണ് ശ്രീകുമാറിന്റെ ഷോപ്പിൽ.
തലസ്ഥാനത്തെ ഒട്ടുമിക്ക കോളേജുകളിലെയും അധ്യാപകർ തങ്ങളുടെ ക്ലാസുകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പഠിക്കാൻ മിടുക്കന്മാരായ കുട്ടികൾക്കു വേണ്ടി ശുപാർശ ചെയ്യും. വൈകാതെ ശ്രീകുമാറിന്റെ പുസ്തകവണ്ടി അവർക്കരികിലെത്തും. പുസ്തകവിതരണം മാത്രമല്ല, നിരാലംബർക്ക് ചികിത്സാ സഹായം, സഹജീവികൾക്ക് കരുതലായി പ്രവർത്തിക്കുന്ന സേവാഭാരതിക്ക് സാമ്പത്തിക സഹായം ഇവയൊക്കെ ശ്രീകുമാർ കർമമാക്കുന്നു.
സേവനം തപസ്യയാക്കിയ ശ്രീകുമാർ വിവാഹം കഴിച്ചിട്ടില്ല. തന്റെ വരുമാനം സമൂഹത്തിലെ ഇല്ലായ്‌മ അനുഭവിക്കുന്നവർക്ക് കൈത്താങ്ങാക്കുകയാണ് ഈ മനുഷ്യൻ. ലോക്ഡൗൺ ആയതോടെ കച്ചവടം തീരെയില്ല. പക്ഷേ, ദാനവും ധർമവും കൈവിടാൻ ഒരുക്കമല്ല ശ്രീകുമാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: