പേരാമ്പ്ര: ചെങ്ങോടുമലയില്‍ ക്വാറി കമ്പനി വന്‍തോതില്‍ കാടുകള്‍ നശിപ്പിച്ചതോടെ കാട്ടു ജീവികള്‍ ജനവാസ കേന്ദ്രത്തിലിറങ്ങി ഭീഷണി സൃഷ്ടിക്കുന്നു. ചൊവ്വാഴ്ച മലയുടെ താഴ്വാരമായ വേട്ടൂണ്ട ഭാഗത്ത് പെരുമ്പാമ്പിനെ കണ്ടെത്തിയതാണ് അവസാന സംഭവം. നാട്ടുകാര്‍ ചേര്‍ന്ന് പാമ്പിനെ പിടിച്ച് പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതരെ ഏല്‍പ്പിച്ചു.
പാമ്പുപിടുത്തക്കാരന് സുരേന്ദ്രന് കരിങ്ങാട് എത്തി പാമ്പിനെ പെരുവണ്ണാമൂഴി വനമേഖലയില്‍ വിട്ടു. കാട്ടുപന്നിയേയും മുള്ളന്‍പന്നിയേയും കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഇവിടുത്തുകാര്‍. ചേന, ചേമ്പ്, കപ്പ, വാഴ ഉള്‍പ്പെടെയുള്ള മുഴുവന്‍ കൃഷികളും പന്നികള്‍ നശിപ്പിക്കുകയാണ്. നരയംകുളത്ത് തറേങ്കില്‍ വേലായുധന്റെ വീട്ടുവളപ്പിലെ നാല് വര്‍ഷം പ്രായമായ തെങ്ങില്‍ തൈ പന്നികള്‍ നശിപ്പിച്ചു. മൂലാട്, ആവറാട്ട്മുക്ക് ഭാഗങ്ങളിലും പന്നി ശല്യം രൂക്ഷമാണ്. മാസങ്ങള്‍ക്ക് മുമ്പ് ഈ മലയുടെ താഴ്വാരത്ത് നിന്ന് ഒരു മാനിനെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. മലയില്‍ നിന്നിറങ്ങിയ കുരങ്ങ് കൂട്ടാലിട ടൗണിലെത്തി യിരുന്നു. ഇവിടെ മയിലിനേയും കണ്ടെത്തിയിട്ടുണ്ട്.
നിരവധി കാട്ടു ജീവികള്‍ ചെങ്ങോടുമലയില്‍ ഉണ്ടായിട്ടും ക്വാറിക്ക് പാരിസ്ഥിതികാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടു വന്ന സംസ്ഥാന വിദഗ്ധ സമിതി അംഗങ്ങള്‍ ചെങ്ങോടുമലയില്‍ ഒരു ജീവികളേയും കണ്ടെത്തിയിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ക്വാറി മുതലാളി വില കൊടുത്തു വാങ്ങിയ റിപ്പോര്ട്ടാണെന്നാരോപിച്ച് നാട്ടുകാര്‍ സമരത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: