Categories: Idukki

പോലീസിന്റെ കൈത്താങ്ങ്, ജില്‍ഡയ്‌ക്കും ചേച്ചിക്കും ഇനി പഠനം മുടങ്ങില്ല

മക്കള്‍ക്കു ഓണ്‍ലൈന്‍ പഠനത്തിനു കഴിയുന്നില്ലെന്ന വിഷമവുമായി സഹായം അഭ്യര്‍ഥിച്ചാണ് ചക്കുപള്ളം ആറാംമൈല്‍ കൊല്ലംപറമ്പില്‍ ജയമോളും കുട്ടികളുടെ വല്യച്ചന്‍ പാപ്പച്ചനും കഴിഞ്ഞ ദിവസം കുമളി പോലീസ് സ്റ്റേഷനിലെത്തിയത്

Published by

ഇടുക്കി:  പഠിക്കാന്‍ മിടുക്കികളായ പെണ്‍കുട്ടികളുടെ സങ്കടത്തിനു പോലീസിന്റെ ആശ്വാസം. പത്താം ക്ളാസുകാരിയായ ജില്‍ഡയ്‌ക്കും  പ്ളസ്ടുവിനു പഠിക്കുന്ന ചേച്ചിക്കും ഇനി തങ്ങള്‍ക്കു പഠിക്കാനാവില്ലെന്ന സങ്കടമേ വേണ്ട.  

മക്കള്‍ക്കു ഓണ്‍ലൈന്‍ പഠനത്തിനു കഴിയുന്നില്ലെന്ന വിഷമവുമായി സഹായം അഭ്യര്‍ഥിച്ചാണ് ചക്കുപള്ളം ആറാംമൈല്‍ കൊല്ലംപറമ്പില്‍ ജയമോളും കുട്ടികളുടെ വല്യച്ചന്‍ പാപ്പച്ചനും കഴിഞ്ഞ ദിവസം കുമളി പോലീസ് സ്റ്റേഷനിലെത്തിയത്. വളരെ നിര്‍ധനരായ ഇവരുടെ വീട്ടില്‍ മൊബൈല്‍ ഫോണും ടിവിയുമൊന്നുമില്ല. ലോക്ഡൗണ്‍ ആയതിനാല്‍ കുട്ടികളുടെ അമ്മയ്‌ക്കു ജോലിയുമില്ലാത്ത അവസ്ഥ.  

കുടുംബത്തിന്റെ സ്ഥിതി മനസിലാക്കിയ എസ് ഐ പ്രശാന്ത് പി നായരും സഹപ്രവര്‍ത്തകരും ചേര്‍ന്നു പുതിയ സ്മാര്‍ട്ട്ഫോണ്‍ നല്‍കാന്‍ തീരുമാനിച്ചു. പോലീസിന്റെ അഭ്യര്‍ഥനയും കുട്ടികളുടെ  സ്ഥിതിയും അറിഞ്ഞ, കുമളിയിലെ മൊബൈല്‍ ഫോണ്‍ വ്യാപാരിയായ ജിബിന്‍ 8000 രൂപയുടെ ഫോണ്‍ സൗജന്യമായി നല്‍കാന്‍ തയാറായതോടെ കാര്യങ്ങള്‍ എളുപ്പമായി.  തുടര്‍ന്നു എസ്‌ഐ പ്രശാന്ത് ജില്‍ഡയ്‌ക്കു ഫോണ്‍ കൈമാറി.  ജിബിന്റെ നല്ല മനസിനു ജില്‍ഡയും പോലീസ് ഉദ്യോഗസ്ഥരും നന്ദി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക