ആലപ്പുഴ: പച്ചക്കറി വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കായംകുളവും പരിസര പ്രദേശങ്ങളും ആശങ്കയില്‍. കായംകുളം മാര്‍ക്കറ്റ് അടച്ചു. മാര്‍ക്കറ്റില്‍ നഗര സഭയുടെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ അണുനശീകരണം തുടങ്ങി. നഗരസഭയിലെ മാര്‍ക്കറ്റും, വ്യാപാരിയുടെ വീടും സ്ഥിതിചെയ്യുന്ന നാലും ഒമ്പതും വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണുകളാക്കി.
ഇയാള്‍ക്ക് ആശുപത്രിയില്‍ കൂട്ടിരുന്ന മകള്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ ഇവരുടെ കുടുംബത്തിനൊപ്പം ഇയാള്‍ ചികിത്സയില്‍ കഴിഞ്ഞ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ 55 ജീവനക്കാരും ക്വാറന്റൈനില്‍ പ്രവേശിച്ചു. ഡോക്ടര്‍മാരുള്‍പ്പെടെയാണ് നിരീക്ഷണത്തില്‍ പോയത്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന കായംകുളം സ്വദേശിയെ ആദ്യം ചികിത്സിച്ചവരാണിവര്‍. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് കായംകുളത്ത് മാര്‍ക്കറ്റില്‍ പച്ചക്കറിയുമായി വന്ന അന്യസംസ്ഥാന ലോറി ജീവനക്കാരില്‍ നിന്നാകാം ഇയാള്‍ക്ക് രോഗ ബാധയുണ്ടായതെന്നാണ് നിഗമനം. രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇവരുടെ സാമ്പിള്‍ ശേഖരിക്കും.
രോഗിയെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയിലെ ഐസിയു അടച്ചു പൂട്ടി. ഇയാളുടെ ആരോഗ്യനിലയിലും ആശങ്കയുണ്ട്. വെന്റിലേറ്ററില്‍ കഴിയുന്ന ഇയാളുടെ ജീവന് രക്ഷിക്കാനായി പ്ലാസ്മ ചികിത്സ ആരംഭിച്ചു. വീട്ടിലും കടയിലും പരിസരത്തുമായി പ്രാഥമികസമ്പര്‍ക്കത്തിലേര്‍പ്പെട്ട ഇരുപതിലധികം പേര് ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കടയിലൂടെ തിരിച്ചറിയാന്‍ കഴിയാത്ത നിരവധിപേര്‍ ഇടപെട്ടതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവവും അടിയന്തര പ്രാധാന്യവും കണക്കിലെടുത്ത് കൂടുതല്‍ ഇടങ്ങളിലേക്ക് നിയന്ത്രണം വന്നേക്കും. ഈ വാര്‍ഡുകളിലെ റോഡുകളില്‍ വാഹന ഗതാഗതം നിരോധിച്ചു.
ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ കഴിയാത്തതും ആശങ്കയാണ്. ഓര്‍മ്മക്കുറവുള്ളതിനാല്‍ ഇദ്ദേഹത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാകുന്നില്ല. ഇതാണ് ജില്ലാ ഭരണകൂടത്തെ കുഴക്കുന്നത്. നേരത്തെ കോവിഡ് സ്ഥിരീകരിച്ച മറ്റു ചിലരും കായംകുളത്തെ നിരവധിയിടങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനിടെയാണ് കൂടുതല്‍ ആളുകളുമായി ഇടപഴകാന്‍ സാദ്ധ്യതയുള്ള വ്യാപാരിക്കും രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: