ഡോക്ടേഴ്സ് ഡേയില്‍ ഈ ചോദ്യം പ്രസക്തമാകുന്നു, ബ്രേക് ദ ചെയിന്‍ എന്ന പ്രചാരണത്തില്‍ രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധം മുറിയുന്നോ. രോഗവും രോഗിയും തമ്മിലുള്ള ബന്ധം ഇല്ലാതാകേണ്ടതുതന്നെ. പക്ഷേ, രോഗമില്ലാതെ വരില്ല, രോഗം ബാധിക്കാതെ നോക്കണമെന്നാണ് എല്ലാ ഉപദേശങ്ങളും. ഒരു രോഗം മറ്റൊന്ന് വരാതിരിക്കാനുള്ള കവചം പോലുമാകുകയും ചെയ്യുമ്പോള്‍. പക്ഷേ, കൊറോണക്കാലം എല്ലാം തകിടം മറിച്ചു. രോഗിക്ക്, മുമ്പ് ഏറ്റവും പ്രിയപ്പെട്ട സഹായിയായിരുന്ന ഡോക്ടറെയും പേടി. അഭയസ്ഥാനമായിരുന്ന ആശുപത്രിയെ പേടി. ചികിത്സയെ പേടി. ഈ സാഹചര്യത്തില്‍, ഡോക്ടേഴ്സ് ഡേയില്‍, കേരളത്തിലെ ആദ്യ കോവിഡ് ആശുപത്രിയായ കളമശേരി മെഡിക്കല്‍ കോളെജിലെ രണ്ട് ഡോകര്മാര് ജന്മഭൂമിയോട് സംസാരിക്കുന്നു.
ഡോ. ഉണ്ണികൃഷ്ണന്.ജി , കളമശേരി മെഡിക്കല്‍ കോളെജിലെ പാത്തോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസേസിയേഷന് (സിഎംസിടിഎ) സെക്രട്ടറിയുമാണ്. ഡോക്ടര്‍ പറയുന്നു:
ഡോക്ടേഴ്സ് ഡേയില്‍ എല്ലാവര്ക്കും ആരോഗ്യം ആശംസിക്കുന്നു. ഈ കൊറോണക്കാലത്ത് എല്ലാവരും ആശങ്കയിലാണ്. എന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇത്രയും സങ്കീര്‍ണമായ സാംക്രമിക രോഗ ബാധയുണ്ടായതായി കണ്ടിട്ടില്ല. എന്നാല്‍, കേരളം ഏറെ പ്രതിരോധിച്ചു നില്ക്കുന്നു. ജനസാന്ദ്രതയും ആരോഗ്യ സംരക്ഷണ സാഹചര്യങ്ങളും ഒക്കെ കുറവുള്ള പ്രദേശങ്ങളില്‍ പോലും രോഗബാധയുടെ തോത് മറ്റിടങ്ങളിലേതിനേക്കാള്‍ കുറവാണ്.
പക്ഷേ, രോഗത്തെ ഭയപ്പെടുന്നതുപോലെ ചികിത്സയെ ഭയപ്പെടരുത്. സാങ്കേതിക സംവിധാനങ്ങളും മറ്റും വെച്ച് ടെലി മെഡിസിനും വീഡിയോകോള്‍ ട്രീറ്റ്മെന്റും പോരാതെ വരും. അര്‍ബുദം, വൃക്ക രോഗങ്ങള്‍ തുടങ്ങിയ ക്രിട്ടിക്കല്‍ കേസുകള്‍ക്ക് ഡോക്ടറും രോഗിയും ആശുപത്രിയും ഒന്നിച്ചേ പറ്റൂ. അല്ലാതുള്ള പേടികളും ഒഴിവാക്കലും ചികിത്സയെ ബാധിക്കും. രോഗിയുടെ ഹിസ്റ്ററി, നേരില്‍ കാണല്‍, പരിശോധന, ചികിത്സ എന്നിങ്ങനെയാണ് രോഗ നിവാരണ വഴി. അതില്‍ ലബോറട്ടറികളിലെ പരിശോധന പോലും രോഗിയെ കാണാതെ പറ്റില്ല.
കൊറോണയെ പേടിച്ചിട്ടു കാര്യമില്ല. വരാതെ കരുതുകയാണ് വേണ്ടത്. മറ്റ് സാംക്രമിക രോഗങ്ങളേക്കാള്‍ വേഗം പകരുന്നു, പടരുന്നുവെന്നതാണ് ഇതിന്റെ അപകടം. മറ്റ് വൈറല്‍ രോഗങ്ങളുമായി നോക്കുമ്പോള്‍ സങ്കീര്‍ണത കുറവുമാണ്. മരണ നിരക്ക് കുറവാണ്. ചികിത്സ ഇന്നത് എന്നു പറയാനാവില്ല. എന്നാല്‍ പ്രായമായവര്‍ക്കും മറ്റു രോഗമുള്ളവര്‍ക്കും പിടിപെട്ടാല്‍ അപകട സാധ്യത കൂടുതലാണ്. അതിനാല്‍ പേടിയല്ല, ജാഗ്രതയാണ് വേണ്ടത്. ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ഒപ്പമുണ്ട്.
ഡോ. വി.വി. ബിബിന്‍ ജീവന്, കളമശേരി മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗം ലക്ചററാണ്. കഴിഞ്ഞയാഴ്ചയും കൊറോണാ വാര്‍ഡിലായിരുന്നു ഡ്യൂട്ടി. അദ്ദേഹം പറയുന്നു: സര്‍വരും സുഖമായിരിക്കട്ടെ എന്നാണ് ഏത് ഡോക്ടറുടെയും ആഗ്രഹം. ചികിത്സിക്കുമ്പോള്‍ ഡോക്ടര്‍ക്ക് രോഗിയാണ് പ്രധാനം, രോഗം ഏതായാലും. കഴിഞ്ഞയാഴ്ച ഞാന്‍ കൊറോണാ വാര്‍ഡിലായിരുന്നു. മറ്റ് അസുഖങ്ങളുള്ള രോഗികളെ ചികിത്സിക്കുന്നപോലെതന്നെയായിരുന്നു മനസ്. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുവെന്നുമാത്രം. അതായത് രോഗികള്‍, ചികിത്സയ്ക്ക് ആശുപത്രിയെ പേടിക്കരുത്, ഡോക്ടറെ പേടിക്കരുത്. അതേ സമയം കരുതല്‍ വേണം.
കൂടുതല്‍ കരുതല്‍ വേണ്ട കാലമാണ്. ഇന്ത്യയില്‍ വൈറസ് ബാധ പരമാവധിയിലെത്തിക്കഴിഞ്ഞാലേ രോഗത്തിന്റെ പിന്മാറ്റമാകൂ. അതുവരെ ശ്രദ്ധ വേണം. സര്‍ജിക്കല്‍ മാസ്ക്കെങ്കിലും ധരിച്ചേ രോഗ സാധ്യത ഉറപ്പുള്ള സ്ഥലങ്ങളില്‍ പോകാവൂ. പക്ഷേ, ഇപ്പോള്‍ കാണുന്ന പ്രവണത അങ്ങനെയല്ല. തൂവാലകൊണ്ടും ഷാളുകൊണ്ടും മുഖം മറച്ച് മാളുകളിലും മറ്റ് രോഗ വ്യാപന സാധ്യതയുള്ളയിടത്തും പോകുന്നത് അപകടകരമാണ്. സംരക്ഷണമില്ലാതെ ബസ് സ്റ്റോപ്പിലും ആശുപത്രിയിലും പോകുന്നതും ഒരേ ഫലം ചെയ്യും.
ചികിത്സയുടെ തുടര്‍ വിലയിരുത്തലുകള്‍ക്കോ അത്ര ഗൗരവമല്ലാത്ത രോഗങ്ങള്‍ക്കോ ടെലി-വീഡിയോ കോള്‍ ചികിത്സ മതിയായേക്കും. പക്ഷേ, രോഗിയെ അടുത്തു കാണാതെ, തൊട്ടു നോക്കാതെ ഫിസിക്കല്‍ വിലയിരുത്തലില്ലാതെയുള്ള ചികിത്സ ഫലത്തെ ബാധിക്കാം. അതേ സമയം വരുംകാലത്ത് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ആവശ്യമായും വരാം. കൊറോണക്കാലം കഴിഞ്ഞാല്‍ ചികിത്സ എങ്ങനെയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ കാര്യങ്ങള്‍ ഫഌയിഡ് സിറ്റുവേഷനിലാണ്. പേടിക്കുകയല്ല വേണ്ടത്, കൂടുതല്‍ സൂക്ഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: