നരേന്ദ്രമോദി 2014 ല്‍ അധികാരമേറ്റതു മുതല്‍ ഇന്നുവരെ അനിതര സാധാരണമായ മാറ്റം ഭാരതത്തിന്റെ സമസ്ഥ മേഖലകളിലും പ്രകടമാണ്. കൂടുതല്‍ നീതിപൂര്‍വ്വവും സമത്വാധിഷ്ഠിതവുമായി രാഷ്ട്രനിര്‍മ്മാണ പ്രക്രിയ അതിവേഗം മുന്നേറുന്നു. വിവരസാങ്കേതിക വിദ്യ ഗുണപരമായി വിന്യസിച്ചപ്പോഴുണ്ടായ മാറ്റം പാവങ്ങളായ കോടിക്കണക്കിന് ഭാരതീയരെ കൂടുതല്‍ സ്വതന്ത്രരും അവകാശബോധം ഉള്ളവരുമാക്കി എന്നതാണ്. 2015 ജൂലൈ 1-ാം തീയതി ‘ഡിജിറ്റല്‍ ഇന്ത്യ’ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ സാധ്യതകള്‍ ഇത്രമാത്രമുണ്ടാകുമെന്ന് കരുതിയിരുന്നില്ല. അന്ന് രാജ്യത്ത് നിലനിന്നിരുന്ന മൂന്നാം തലമുറ (3ജി) മൊബൈല്‍ ഫോണ്‍ സാങ്കേതികവിദ്യയും അതുവഴി നല്കാമായിരുന്ന പരമാവധി വയര്‍ലെസ് ഇന്റര്‍നെറ്റ് വേഗത സെക്കന്റില്‍ 9 മെഗാബൈറ്റും മാത്രമായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ അടിസ്ഥാനപ്പെടുത്തി ഒരു രാജ്യത്തിന് മുന്നേറാന്‍ ഈ വേഗത തീര്‍ത്തും അപര്യാപ്തമായിരുന്നു. അതിനാല്‍ നാലാം തലമുറ (4ജി) മൊബൈല്‍ സാങ്കേതികവിദ്യയ്ക്ക് പെട്ടെന്നു തന്നെ അനുമതി നല്കി. അതില്‍ നിന്ന് ലഭിച്ച അനുപമമായ ഇന്റര്‍നെറ്റ് വേഗത പരമാവധി പ്രയോജനപ്പെടുത്തി ഡിജിറ്റല്‍ വിപ്ലവത്തിന് ആക്കംകൂട്ടാനും സാധിച്ചു.
മൂന്ന് പ്രധാന ഘടകങ്ങളിലൂന്നിയാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി നമ്മുടെ രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്നത്.
1. ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക.
2. രാപകല്‍ വ്യത്യാസമില്ലാതെ ജനങ്ങള്‍ക്ക് ഭരണകൂടത്തെ ആശ്രയിക്കാനും സേവനങ്ങള്‍ നേടിയെടുക്കാനുമുള്ള അവസരം നല്‍കുക.
3. രാജ്യത്തെ എല്ലാ പൗരന്മാരുടെയും ഡിജിറ്റല്‍ സാങ്കേതിക ശാക്തീകരണം ഉറപ്പുവരുത്തുക.
ലോകത്തെയാകെ അമ്പരപ്പിച്ചുകൊണ്ട് നമ്മുടെ രാജ്യത്ത് വിവരസാങ്കേതിക മുന്നേറ്റം സൃഷ്ടിക്കുവാന്‍ ഈ പദ്ധതിയില്‍ക്കൂടി സാധിച്ചു. ഇന്റര്‍നെറ്റ് സേവനം രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും എത്തിക്കാന്‍ ഭാരത് നെറ്റ് പ്രോഗ്രാം എന്ന അനുബന്ധപദ്ധതി വഴി സാധിച്ചു. 4,33,646 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല രാജ്യത്ത് അങ്ങോളമിങ്ങോളം വലിച്ചുകഴിഞ്ഞു. 1,51,735 ഗ്രാമപഞ്ചായത്തുകളെ ഫൈബര്‍ ശൃംഖല വഴി ബന്ധിപ്പിച്ചിരിക്കുന്നു. അതില്‍ 1,38,440 ഗ്രാമപഞ്ചായത്തുകള്‍ ഡിജിറ്റല്‍ സേവനം സജ്ജമാക്കിക്കഴിഞ്ഞു. 51,748 ഗ്രാമപഞ്ചായത്തുകളില്‍ വൈഫൈ സൗകര്യം സജ്ജീകരിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. കേരളത്തിലും ഈ പദ്ധതി മുന്നേറിയിട്ടുണ്ട്.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഗ്രാമപ്രദേശവാസികള്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നഗരവാസികളെ കടത്തിവെട്ടി. 10 ശതമാനം കൂടുതല്‍ ആളുകള്‍ ഗ്രാമപ്രദേശങ്ങളില്‍ നഗരവാസികളേക്കാള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. ഏറ്റവും പുതിയ കണക്കുപ്രകാരം 50.4 കോടി ജനങ്ങള്‍ ഭാരതത്തില്‍ നിരന്തരം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരായിട്ടുണ്ട്. രാജ്യത്തെ 12,000 പോസ്റ്റ് ഓഫീസുകള്‍ ഫൈബര്‍ ശൃംഖല വഴി ബന്ധിപ്പിക്കുകയും പോസ്റ്റല്‍ പേമെന്റ് ബാങ്കുകള്‍ ആരംഭിക്കുകയും ചെയ്തു. കോവിഡ് കാലത്ത് ഉപഭോക്താവിന് തന്റെ ഏത് ബാങ്ക് അക്കൗണ്ടിലേയും പണം ആവശ്യത്തിന് വീട്ടുപടിക്കല്‍ എത്തിക്കുന്നത് ഈ ബാങ്കാണ്. രാജ്യത്താകമാനം സ്ഥാപിച്ചിട്ടുള്ള കോമണ്‍ സര്‍വ്വീസ് സെന്ററു( സിഎസ്സി) കള്‍ രാജ്യത്ത് നിലനിന്നു പോന്ന ഐടി സാങ്കേതിക വിദ്യ അറിയുന്നവരും അറിയാത്തവരും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരാനുള്ള സാഹചര്യമൊരുക്കി. ഇത്തരം ഒരു ലക്ഷം സിഎസ്സികള്‍ ഇന്ന് രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. ലക്ഷക്കണക്കിന് യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്കുന്നു. അതുപോലെതന്നെ പുതിയ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ ഭൂരിഭാഗവും ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതവുമാണ്.
കാര്യക്ഷമം, ലളിതം
രാജ്യത്ത് സാമ്പത്തിക സ്ഥിതി സമത്വം കൊണ്ടുവരാന്‍ ലക്ഷ്യം വച്ചുള്ള പ്രധാനമന്ത്രി ജന്‍ധന്‍യോജന പ്രകാരം ഇന്നുവരെ 38.73 കോടി സാധാരണ ജനങ്ങള്‍ ബാങ്ക് അക്കൗണ്ടിന് ഉടമകളായി മാറി. 29.13 കോടി ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് റൂപേ ഡെബിറ്റ് കാര്‍ഡുകള്‍ നല്കി. ജന്‍ധന്‍, ആധാര്‍, മൊബൈല്‍ യോജന വഴി ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ എളുപ്പമാക്കി. ഏറ്റവും അത്യാവശ്യക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു പണം എത്തിക്കാന്‍ ഇന്ന് സാധിക്കുന്നു. ലോകം ഇന്നുവരെ കണ്ടതില്‍ ഏറ്റവും വലിയ ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ ഒന്നാം കോവിഡ് പാക്കേജോടു കൂടി രാജ്യത്ത് നടന്നുകഴിഞ്ഞു. രാജ്യത്തെ എല്ലാ ജന്‍ധന്‍ അക്കൗണ്ടിലേയ്ക്കും മൂന്ന് തവണകളായി 1500 രൂപ നിക്ഷേപിച്ചു കഴിഞ്ഞു. 2020 ഏപ്രില്‍ 22 വരെയുള്ള കണക്കുപ്രകാരം 33 കോടി അക്കൗണ്ടുകളിലേയ്ക്ക് 31235 കോടി രൂപ ഡിജിറ്റല്‍ ഇടപാട് വഴി ഇതുവരെ അയച്ചുകൊടുത്തിട്ടുണ്ട്. അതായത് അമേരിക്കയുടെ ജനസംഖ്യയുടെ അത്രതന്നെ ജനങ്ങള്‍ക്ക്.
രാജ്യത്ത് ഇ-ഗവേണന്‍സ് കാര്യക്ഷമമായി എന്നുള്ളതാണ് എടുത്തുപറയേണ്ട മറ്റൊരു വസ്തുത. ഐടി അധിഷ്ഠിതമായ നൂതനസംവിധാനങ്ങളാണ് ഇതിനുവേണ്ടി രാജ്യം ആശ്രയിക്കുന്നത്. ഒട്ടുമിക്ക അപേക്ഷകളും ഓണ്‍ലൈനാക്കി. ഒരിക്കല്‍ സമര്‍പ്പിച്ച അപേക്ഷ സ്ഥിതിവിവരം അറിയാന്‍വേണ്ടി ട്രാക്ക് ചെയ്യാനും ഇന്ന് ഒരു ഉപഭോക്താവിന് സാധിക്കുന്നു. എല്ലാ അപേക്ഷാഫോറങ്ങളും ലഘൂകരിച്ചു. പേപ്പര്‍ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ലോക്കര്‍ സംവിധാനം രാജ്യത്ത് ആരംഭിച്ചു. പേമെന്റ് ഗേറ്റ്വേകള് സൃഷ്ടിച്ച് മൊബൈല്‍ അധിഷ്ഠിത ബാങ്കിംഗ് സേവനം നമ്മുടെ വിരല്‍ തുമ്പില്‍ ഉറപ്പുവരുത്തിയിരിക്കുന്നു. ഭീം (ഭാരത് ഇന്റര്‍ഫെയ്സ് ഫോര്‍ മണി) ഇത്തരത്തില്‍ ഭാരതസര്‍ക്കാര്‍ നല്‍കിവരുന്ന ഒരു ഗേറ്റ്വേയാണ്. ഇന്ന് ഇന്ത്യയിലെ ഭൂരിപക്ഷം പൗരന്മാരും സ്വന്തമായി ഡിജിറ്റല്‍ ഐഡന്റിറ്റി ഉള്ളവരായി മാറിയിരിക്കുന്നു. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഭാരതപൗരന്മാര്‍ക്ക് നല്കുന്ന ബയോ മെട്രിക് അധിഷ്ഠിത ആധാര്‍ നമ്പര്‍ വഴിയാണ് ഇതു സാധിച്ചത്. സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും അര്‍ഹരായവരുടെ കൈയ്യില്‍ തന്നെ എത്തുന്നു എന്ന് ഉറപ്പുവരുത്താന്‍ ഇത് സഹായിക്കുന്നു. ഓണ്‍ലൈന്‍ ആതുരസേവനം, മെഡിക്കല്‍ റെക്കോഡ്, മരുന്നുവിതരണം, രോഗവിവരങ്ങളുടെ കൈമാറ്റം, മൊബൈല്‍ ബാങ്കിംഗ്, പോസ്റ്റല്‍ പേമെന്റ് ബാങ്കിംഗ്, ഓണ്‍ലൈനായി വിലനിലവാരം അറിയല്‍, വിപണികണ്ടെത്തല്‍, കാര്‍ഷിക സാങ്കേതിക വിദ്യകളുടെ കൈമാറ്റം, വിത്ത്, വളം വിതരണം അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്തത്തത്ര സേവനങ്ങള്‍ ഇന്ന് നമ്മുടെ രാജ്യത്ത് ഡിജിറ്റലൈസ് ചെയ്തുകഴിഞ്ഞു.
ഡിജിറ്റല്‍ ഇന്ത്യ പ്രക്രിയയുടെ ഭാഗമായി രാജ്യത്തുണ്ടായ സാമൂഹിക, സാമ്പത്തിക ഉന്നമനം എടുത്തുപറയേണ്ടതാണ്. വിവര സാങ്കേതിക വിദ്യകളുടെ ഉപയോഗം സൃഷ്ടിക്കുന്ന സാമ്പത്തിക മുന്നേറ്റം അപരിമിതമാണ്. ഒരു പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യമായ 5 ട്രില്യന്‍ ഡോളര്‍ സാമ്പത്തിക വ്യവസ്ഥയിലേയ്ക്ക് ഭാരതത്തെ അതിവേഗം എത്തിക്കാന്‍ ഡിജിറ്റല്‍ ഇന്ത്യയ്ക്ക് കഴിയും. വിവര സാങ്കേതിക വിദ്യയിലെ നൂതന സങ്കേതങ്ങളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ്ഡേറ്റ, ഇന്റര്‍നെറ്റ് ഓഫ് തിംഗ് എന്നിവ നമ്മുടെ രാജ്യത്ത് വലിയ സാധ്യതകള്‍ തുറക്കുകയാണ്. ലോകത്ത് ഒരു ദിവസം സൃഷ്ടിക്കപ്പെടുന്ന ഭീമമായ ഡേറ്റകളുടെ അവലോകനം, തരംതിരിക്കല്‍ എന്നിവ ഇന്നത്തെ സംവിധാനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാതെ വരുമ്പോള്‍ അത് പരിഹരിക്കുന്നതാണ് ബിഗ് ഡേറ്റ. ഒരു നെറ്റ് വര്‍ക്കില്‍ ബന്ധിപ്പിക്കാവുന്ന ഉപകരണങ്ങളുടെ എണ്ണം അനേകം കോടി മടങ്ങ് വര്‍ദ്ധിക്കുമ്പോള്‍ അത് കൈകാര്യം ചെയ്യാന്‍ പുതിയ സംവിധാനം അത്യാവശ്യമാണ്. അത്തരം ഒരു സംവിധാനമാണ് ഇന്റര്‍നെറ്റ് ഓഫ് തിംഗ്. അനന്തസാധ്യത രാജ്യത്തിന് തുറന്നുതരുന്ന മറ്റൊരു നൂതന സാങ്കേതിക വിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. ഇവ ഓരോന്നും ഉത്പാദിപ്പിക്കാന്‍ പോകുന്ന റവന്യൂ തിട്ടപ്പെടുത്താന്‍ തന്നെ പ്രയാസമാണ്. ഇപ്രകാരം 2025-ഓടുകൂടി 5 ട്രില്യണ്‍ ഡോളര്‍ സാമ്പത്തികവ്യവസ്ഥ എന്ന നമ്മുടെ പ്രഖ്യാപിത ലക്ഷ്യത്തിലേയ്ക്ക് നമ്മള് അടിയുറച്ച ചുവടുകളുമായി മുന്നേറുകയാണ്. സാമൂഹിക രംഗത്ത് നഗര-ഗ്രാമ അന്തരം (വളര്‍ച്ചയുടെ കാര്യത്തില്‍) ഒരു വലിയ അളവുവരെ കുറച്ചുകൊണ്ടുവരാന്‍ ഡിജിറ്റല്‍ ഇന്ത്യയിലൂടെ നമുക്ക് സാധിക്കും.
വി. രഘുനാഥ്
(ഉന്നതവിദ്യാഭ്യാസ അധ്യാപകസംഘം സംസ്ഥാന ഉപാധ്യക്ഷന്‍)
9142382266
പ്രതികരിക്കാൻ ഇവിടെ എഴുതുക: