പേരൂര്‍ക്കട: പൊന്മുടി വനമേഖലയ്ക്കു പുറമേ ദുര്‍ഘട വനമേഖലയായ കോട്ടൂര്‍ ആയിരംകാല്‍ സെറ്റില്‍മെന്റ് കോളനിയിലും ആമല സെറ്റില്‍മെന്റ് കോളനിയിലും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കി. ദുര്‍ഘട വനമേഖലയില്‍ ഒന്നര മണിക്കൂര്‍ ജീപ്പില്‍ യാത്ര ചെയ്ത് എത്തേണ്ട ഈ പ്രദേശങ്ങളില്‍ കുട്ടികള്‍ക്കായി പഠനസൗകര്യമൊരുക്കിയതോടെ കോളനി നിവാസികളാകെ സന്തോഷത്തിലാണ്.
ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിനൊപ്പം കുറ്റിച്ചല്‍ പഞ്ചായത്തും കുറ്റിച്ചല്‍ പ്രൈമറി ഹെല്‍ത്ത് സെന്ററും ഈ ഉദ്യമത്തില്‍ പങ്കു ചേര്‍ന്നു. ടെലിവിഷനും ഡിഷ് കണക്ഷനും രണ്ടു സ്ഥലത്തും സ്ഥാപിക്കുകയുണ്ടായി. നിര്‍ധനരായ പല കുട്ടികളും ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയതു മുതല്‍ പഠന സൗകര്യങ്ങളില്ലാത്തതിനാല്‍ വിഷമത്തിലായിരുന്നു.
ക്ലാസുകളും നഷ്ടപ്പെട്ടു. ഇക്കാര്യം ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് തീരുവനന്തപുരം ശാഖയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെയാണ് പഠനസൗകര്യമില്ലാത്ത കുട്ടികള്‍ക്ക് വേണ്ടതായ സഹായം ചെയ്യാന്‍ ശിശുരോഗ വിദഗ്ധരുടെ സംഘടന തീരുമാനമെടുത്തത്. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ നേതൃത്വത്തില്‍ പഠനസൗകര്യമൊരുക്കുക മാത്രമല്ല, ടെലിവിഷന്റെ പ്രവര്‍ത്തനം ആറു മാസത്തേക്ക് ഉറപ്പു വരുത്തുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന് പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കുറ്റിച്ചല്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോയി ജോണ്‍, തിരുവനന്തപുരം ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് ശാഖാ പ്രസിഡന്റ് ഡോ. പി. ബെന്നറ്റ് സൈലം, സംസ്ഥാന പ്രസിഡന്റ് നോമിനി ഡോ. റിയാസ്, സെക്രട്ടറി ഡോ. പ്രിയ ശ്രീനിവാസന്, വൈസ് പ്രസിഡന്റ് ഡോ. അഞ്ജു കണ്മണി, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: