പേട്ട: വിഎസ്എസ്സി ജീവനക്കാരന് കൊറോണ രോഗം ബാധിച്ച സംഭവത്തില്‍ മന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി തൃപ്പാദപുരം കെ. ജയകുമാര്‍. കൊറോണ ബാധിതനായ ജീവനക്കാരനെ ചൂണ്ടി വിഎസ്എസ് സിയിലെ മുഴുവന്‍ ജീവനക്കാരേയും അടച്ചാക്ഷേപിച്ച വെളിപ്പെടുത്തലാണ് മന്ത്രി കടകംപളളി സുരേന്ദ്രന് നടത്തിയത്.
അറിവും വിദ്യാഭ്യാസവും വിവരവും ഉള്ളവര്‍ പോലും സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ അശ്രദ്ധ കാണിക്കുന്നുവെന്നാണ് മന്ത്രിയുടെ ഭാഷ്യം. എന്നാല്‍ ഒരു ജീവനക്കാരന്റെ രോഗപശ്ചാത്തലത്തില്‍ വിഎസ്എസ്സിയിലെ മുഴുവന്‍ ജീവനക്കാരുടേയും നേര്‍ക്ക് വിരല്‍ ചൂണ്ടുമ്പോള്‍ ഇതേ ജീവനക്കാരുടെ സാമ്പത്തിക സഹായം കഴിഞ്ഞ പ്രളയകാലത്ത് സര്‍ക്കാരിന് ഏറ്റുവാങ്ങേണ്ടിവന്നത് ഓര്‍ക്കേണ്ടത് അത്യാവശ്യമാണ്.
കഴിഞ്ഞ 15 മുതല്‍ വീട് പണിയെ തുടര്‍ന്ന് അവധിയിലായ വ്യക്തിയാണ് വിഎസ്എസ്സി ജീവനക്കാരന്. പുറമെ നിന്നും രോഗബാധയേറ്റിരിക്കാമെന്നുള്ള സൂചനയാണുള്ളത്. ഇദ്ദേഹത്തിന് രോഗബാധയേല്‍ക്കാനുള്ള ഉറവിടം കണ്ടെത്താന്‍ ഇതുവരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. രോഗവ്യാപനത്തില്‍ സര്‍ക്കാരിന്റെ പിഴവ് മറയ്ക്കാനുള്ള ഗൂഢശ്രമമാണ് വിഎസ്എസ്സി ജീവനക്കാരനെ പഴിചാരി മന്ത്രി നടത്തിയത്.
കഴിഞ്ഞയാഴ്ച ഓട്ടോ ഡ്രൈവറെയും ഈയാഴ്ച വിഎസ്എസ്സി ജീവനക്കാരനേയുമാണ് സര്‍ക്കാര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും സുരക്ഷാവീഴ്ചകളാണ് രോഗവ്യാപനത്തിന് കാരണം. ഇതിന് വ്യക്തതയുണ്ടാക്കാതെ രോഗികളേയും അവരുടെ പ്രവര്‍ത്തനങ്ങളേയും സമ്പര്‍ക്കം പുലര്‍ത്തിയവരേയും അടച്ചാക്ഷേപിക്കുന്നത് ശരിയായ നടപടിയല്ലെന്നും ജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: