പുനലൂര്‍: ചാലിയക്കര കനാല്‍ അക്വഡക്ടിന്റെ കൈവരികള്‍ തകര്‍ന്നത് അപകടഭീഷണി ഉയര്‍ത്തുന്നു. ചാലിയക്കര ആറിന് കുറുകെ 50 അടിയോളം ഉയരത്തിലെ കൂറ്റന്‍ കോണ്‍ക്രീറ്റ് തൂണുകളില്‍ 40 വര്‍ഷം മുമ്പ് കല്ലട ജലസേചനപദ്ധതിയുടെ വലതുകര കനാല്‍ കടന്നുപോകുന്നതിനാണ് അക്വഡക്ട് നിര്‍മിച്ചത്. ഇവിടെ നിന്നുള്ള ദൂരക്കാഴ്ചകള്‍ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ്. ഈ കൈവരികളും കോണ്‍ക്രീറ്റ് ഉപരിതലവും തകര്‍ന്ന നിലയിലാണ്.
നാലു പതിറ്റാണ്ടായിട്ടും അറ്റകുറ്റപ്പണിക്ക് കെഐപി അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ നിശ്ചിത കൃഷിയിടങ്ങളില്‍ വെള്ളം എത്തിക്കുന്നതിനുള്ള കനാലാണിത്. ശുദ്ധമായ വായു ശ്വസിച്ചുകൊണ്ട് അല്പസമയം ചെലവഴിക്കാന്‍ നേരത്തെ പല ഭാഗങ്ങളില്‍ നിന്നും വാഹനങ്ങളില്‍ യുവാക്കള്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇത് സാമൂഹ്യവിരുദ്ധരുടെ കൂട്ടായ്മയായി മാറിയതോടെ നാട്ടുകാര്‍ക്ക് ശല്യവുമായി.
തെന്മല പഞ്ചായത്തില്‍പ്പെട്ടതാണ് ഈ ഭാഗം. അക്വാഡക്ട് അറ്റകുറ്റപ്പണി നടത്തി സൗന്ദര്യവത്കരിച്ചാല്‍ ഇവിടം ഒരു മിനി വിനോദ സഞ്ചാര കേന്ദ്രമാക്കാനും സാധിക്കും. റബ്ബര്‍ എസ്റ്റേറ്റുകളുടെയും വനാതിര്‍ത്തിയുമായതിനാല്‍ ഫാം ടൂറിസം പദ്ധതിയുമായി ഈ മേഖലയെ ബന്ധപ്പെടുത്താനും സാധിക്കും. പൊതുജന പങ്കാളിത്തമുള്ള സംരംഭത്തിനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: