ന്യൂദല്‍ഹി:2030 ഓടെ ഇന്ത്യയുടെ ഗതാഗത മേഖലയില്‍ 1.7 ഗിഗാടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് ബഹിര്‍ഗമനവും 600 മില്യണ്‍ ടണ്‍ എണ്ണ ഉപയോഗവും ഒഴിവാക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇലക്ട്രിക് മാര്‍ഗത്തിലൂടെ പൊതുഗതാഗതം ചെലവു കുറഞ്ഞതും ശുദ്ധവും മെച്ചപ്പെട്ട ചരക്കുകടത്തും സാധ്യമാവും.
നിതി ആയോഗും റോക്കി മൗണ്ടെയ്ന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും (ആര്‍എംഐ) ചേര്‍ന്ന്” റ്റുവാര്‍ഡ്സ് എ ക്ളീന്‍ എനര്‍ജി ഇക്കണോമി: പോസ്റ്റ് കോവിഡ് ഓപ്പര്‍ച്യുണിറ്റി ഫോര്‍ ഇന്‍ഡ്യാസ് എനര്‍ജി ആന്‍ഡ് മൊബിലിറ്റി സെക്ടര്‍’ എന്ന വിഷയത്തില്‍ നടത്തിയ പഠനത്തില്‍ വ്യകക്തമാക്കുന്നു.കോവിഡ് അനന്തര ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുപ്പ് ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതിന് ശുദ്ധവും മാറ്റംവരുത്താവുന്നതും ചെലവു കുറഞ്ഞതുമായ ഊര്‍ജം ഭാവി ഇന്ത്യക്കായി കരുതണമെന്നു റിപ്പോര്‍ട്ട് പറയുന്നു . ഈ പരിശ്രമങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍, ഊര്‍ജസംരക്ഷണം, പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ ഉള്‍പ്പെടുത്തണം.
ഇന്ത്യയില്‍ ശുദ്ധ ഊര്‍ജ്ജത്തിലേക്കുള്ള മാറ്റത്തെ കോവിഡ് -19 എങ്ങനെ സ്വാധീനിക്കുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രത്യേകിച്ചും ഗതാഗത, ഊര്‍ജ്ജ മേഖലകളില്‍. കൂടാതെ ശുദ്ധ ഊര്‍ജ്ജ സമ്പദ്വ്യവസ്ഥയിലേക്കുള്ള നീക്കത്തിന് വേഗം കൂട്ടാനുമായി രാഷ്‌ട്ര നേതാക്കള്‍ക്കായി നയതന്ത്രപരമായ അവസരങ്ങളും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ‘ ശുദ്ധ ഊര്‍ജം ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുപ്പിനും അന്താരാഷ്‌ട്ര തലത്തില്‍ മല്‍സരശേഷിക്കുള്ള സുപ്രധാനമാര്‍ഗമാണെന്നും നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.
ഭാവി ഇന്ത്യയുടെ ശുദ്ധ ഊര്‍ജപദ്ധതികള്‍ക്ക് നയരൂപീകരണം നടത്തുന്നവര്‍ക്കും മറ്റു പ്രധാനചുമതലക്കാര്‍ക്കും പരിഗണിക്കാനായി റിപ്പോര്‍ട്ട് നാലു ആശയങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നു.
1) ചെലവു കുറഞ്ഞ ഊര്‍ജ പദ്ധതികളില്‍ നിക്ഷേപം
2) മാറ്റം വരുത്താവുന്ന സുരക്ഷിത ഊര്‍ജപദ്ധതികള്‍ക്ക് പിന്തുണ നല്‍കുക
3) കാര്യക്ഷമതയ്‌ക്കും മല്‍സരശേഷിക്കും മുന്‍ഗണന നല്‍കുക
4)സാമൂഹ്യ–പരിസ്ഥിതി സമത്വം പ്രോല്‍സാഹിപ്പിക്കുക
എന്നിവയാണവ
















