ഗോഹട്ടി: ഹിന്ദു ആചാരപ്രകാരം സീമന്തരേഖയില്‍ സിന്ദൂരം ധരിക്കാന്‍ വിസമ്മതിക്കുന്നത് ഭാര്യ വിവാഹം അംഗീകരിക്കാന്‍ തയ്യാറാകാത്തതിന് തുല്യമാണെന്ന് ഗോഹട്ടി ഹൈക്കോടതി. ഇതേത്തുടര്‍ന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് യുവാവ് നല്കിയ ഹര്‍ജിയും കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് അജയ് ലാബയും ജസ്റ്റിസ് സൗമിത്ര സൈഖിയുമടങ്ങിയ രണ്ടംഗ ബെഞ്ചാണ് യുവാവിന് വിവാഹ മോചനം അനുവദിച്ചത്. സിന്ദൂരം ധരിക്കാന്‍ തയാറാവാത്തത് താന്‍ അവിവാഹിതയാണെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഭര്‍ത്താവുമായുള്ള വിവാഹത്തെ അംഗീകരിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം നടപടി. ഭര്‍ത്താവുമായി കുടുംബ ജീവിതം ആഗ്രഹിക്കുന്നില്ല എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നതെന്നും യുവാവിന് വിവാഹ മോചനം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ കോടതി നിരീക്ഷിച്ചു. 2012ലാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഉടനെ തന്നെ, ഭര്‍ത്താവിന്റെ കുടുംബക്കാരുമായി ഒത്തുപോകാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ് ഇരുവരും വഴക്കായി. തുടര്‍ന്ന് 2013 ല്‍ ഇരുവരും പിരിഞ്ഞു കഴിയാന്‍ തുടങ്ങി. അതിനിടെ ഭര്‍ത്താവും ഭര്‍ത്താവിന്റെ കുടുംബക്കാരും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുന്നു എന്ന് കാണിച്ച് യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഈ ആരോപണം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
വയസായ അമ്മയെ പരിചരിക്കുക എന്ന മനുഷത്വപരമായ കര്‍ത്തവ്യത്തില്‍ നിന്ന് ഭര്‍ത്താവിനെ അകറ്റാന്‍ ശ്രമിച്ച ഭാര്യയുടെ നടപടിയേയും കുടുംബ കോടതി വിമര്‍ശിച്ചു. ഭാര്യയുടെ ഇത്തരം പ്രവൃത്തികള്‍ തന്നെ ക്രൂരതയ്ക്കുള്ള തെളിവാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: