ശ്രീനഗര്‍: കശ്മീരില്‍ അടുത്ത രണ്ട് മാസത്തേക്കാവശ്യമായ പാചക വാതക സിലിണ്ടറുകള്‍ കരുതാന്‍ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്കി. കാര്ഗിലിനോടു ചേര്‍ന്നുള്ള ദന്ദര്ബാല് പ്രദേശത്തെ സ്കൂള്‍ കെട്ടിടം സൈന്യത്തിനായി ഒഴിഞ്ഞു കൊടുക്കാനും ഉത്തരവു വന്നതോടെ അതിര്‍ത്തിയില്‍ അടിയന്തര സൈനിക നീക്കങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ലഫ്റ്റനന്റ് ഗവര്‍ണര്‍ ജി.സി. മുര്‍മുവിന്റെ ഓഫീസ് അടിയന്തര പ്രാധാന്യത്തോടെ എന്ന വിശേഷണത്തോടെയാണ് രണ്ട് ഉത്തരവുകളും ഇറക്കിയത്.
കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ പാക്കിസ്ഥാന് തുടര്‍ച്ചയായി നടത്തുന്ന ഷെല്ലാക്രമണങ്ങള്‍ക്ക് സൈന്യം തിരിച്ചടിക്കുന്നതിനിടെയാണ് ഈ അടിയന്തര തീരുമാനങ്ങള്‍. തുടര്‍ച്ചയായുണ്ടാകുന്ന മണ്ണിടിച്ചില്‍ കാരണം ശ്രീനഗര്‍-ജമ്മു ദേശീയപാത അടച്ചിടാന്‍ സാധ്യതയുള്ളതിനാലാണ് പാചകവാതക സിലിണ്ടറുകള്‍ ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് അധികൃതരുടെ വിശദീകരണം. ബാലാക്കോട്ട് ആക്രമണസമയത്തും ഇതേ തരത്തിലുള്ള നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
സിലിണ്ടറുകള്‍ ശേഖരിക്കാനായി എണ്ണക്കമ്പനികള്‍ക്ക് നല്കിയ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. ശ്രീനഗര്‍-ലഡാക്ക് ദേശീയപാതയിലെ 16 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിട്ടുനല്‍കണമെന്നായിരുന്നു നിര്‍ദേശം. സുരക്ഷാസേനാംഗങ്ങളുടെ അമര്‍നാഥ് യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ക്കായാണ് ഇതെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പോലീസും നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: