കാസര്‍കോട്: കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം എയര്‍പോര്‍ട്ടിലും റെയില്‍വെ സ്റ്റേഷനിലുമിറങ്ങുന്നവര്‍ അവിടെ നിന്ന് നേരിട്ട് താമസിക്കാനുദ്ദേശിക്കുന്ന റൂം ക്വാറന്റൈനിലേക്കോ/സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപന നിരീക്ഷണത്തിലേക്കോ, അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിച്ച് പോകണമെന്നാണ് നിയമം. എന്നാല്‍ ജൂണ്‍ 27 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയ മംഗളൂരു സ്വദേശികള്‍ മംഗലാപുരത്തേക്ക് നേരിട്ട് പോകുന്നതിന് പകരം ജില്ലാ ഭരണകൂടത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെ കാസര്‍കോട്ടെ മൂന്ന് ഹോട്ടലുകളില്‍ താമസിച്ചതായി പോലീസ് നല്കിയ വിവരത്തെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം ഇടപെട്ടത്.
മാനദണ്ഡങ്ങള്‍ അനുസരിച്ച് തന്നെയാണ് പ്രസ്തുത വ്യക്തികളെ അവരുടെ സ്ഥലത്തേക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ എത്തിച്ചിട്ടുള്ളത്. ഇങ്ങനെ വരുന്ന വ്യക്തികളെ സംബന്ധിച്ച വിവരങ്ങള്‍ പോലീസ്, ആരോഗ്യ വകുപ്പ്, റവന്യു ഉദ്യോഗസ്ഥരെ അറിയിക്കാത്തതിനാണ് ഹോട്ടല്‍ ഉടമകള്‍ക്കെതിരെ കേസെടുത്തത്. തഹസില്‍ദാരുടെ അനുമതിയോടെയാണ് ഈ വ്യക്തികള്‍ അവിടെ താമസിച്ചതെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ തഹസില്‍ദാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളതാണ്. അതിനാല്‍ ചില തത്പര കക്ഷികള്‍ നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെയും വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ ഹോട്ടലുകളില്‍ പാര്‍പ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോവിഡ് 19 വ്യാപനം തടയുന്നതിന് കാസര്‍കോട്ടെ നല്ലവരായ ജനങ്ങള്‍ ഇതുവരെയും നല്കി വരുന്ന സഹകരണം തുടര്‍ന്നും ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ഡി.സജിത് ബാബു അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: