കോഴിക്കോട്: വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിച്ച പ്രദേശത്ത് വീട് നിര്‍മാണത്തിനും ബാങ്ക് വായ്പ അനുവദിക്കുന്നതിനും അടക്കമുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ആറ്, പത്ത് വാര്‍ഡുകളിലാണ് വിദ്യാഭ്യാസമേഖലയായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് ജനം ദുരിതമനുഭവിക്കുന്നത്. ജനവാസമേഖലയെ വിദ്യാഭ്യാസമേഖലയായി പ്രഖ്യാപിച്ചതോടെ വീടുനിര്‍മാണമടക്കം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതോടെ പ്രദേശത്തെ പലരുടെയും വീട് നിര്‍മാണം അനിശ്ചിതാവസ്ഥയിലായി. ജനവാസകേന്ദ്രങ്ങളായ സമീപപ്രദേശങ്ങളടക്കം വ്യവസായമേഖലയായി നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം ശക്തമായതോട ഈ പ്രഖ്യാപനം പിന്‍വലിക്കുകയായിരുന്നു.
വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നതോടെ 2019 മാര്‍ച്ച് ഒന്നിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് അഞ്ചു മാസത്തിനകം റീസര്‍വേ പൂര്‍ത്തിയാക്കാനും ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാനും തീരുമാനിച്ചു. എന്നാല്‍ പതിനഞ്ച് മാസം പിന്നിട്ടിട്ടും വീട് നിര്‍മാണത്തിന് പഞ്ചായത്ത് അനുമതി നല്‍കാത്തതാണ് നാട്ടുകാരെ ദുരിതത്തിലാക്കിയിരിക്കുന്നത്. ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണുമെന്ന് ഒരു വര്‍ഷം മുമ്പ് ഗ്രാമപഞ്ചായത്ത് പ്രമേയം പാസ്സാക്കിയിരുന്നെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കാതെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിക്കുന്നു.
പഞ്ചായത്തിന്റെ നടപടിക്കെതിരെ നാട്ടുകാരെ അണിനിരത്തി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ബിജെപി. ഇതിന്റെ ആദ്യപടിയായി ഇന്നലെ പള്ളിപ്പുറത്ത് ധര്‍ണ നടത്തുകയും ജില്ലാ കലക്ടറെ കണ്ട് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. ജൂലൈ ഒന്നിന് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: