Categories: India

നിങ്ങളുടെ രാജ്യത്ത് ഇത് ലഭ്യമല്ല; വിലക്കിനു തൊട്ടുപിന്നാലെ ടിക് ടോക് ആപ്പ് ബ്ലോക്ക് ചെയ്ത് പ്ലേസ്റ്റോര്‍; മറ്റു ആപ്പുകളും ഉടന്‍ പ്രവര്‍ത്തനരഹിതമാകും

Published by

ന്യൂദല്‍ഹി: ദേശീയ സുരക്ഷ മുന്‍നിര്‍ത്തി 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച നടപടി പ്രാബല്യത്തില്‍. ഉത്തരവിറങ്ങി മണിക്കൂറുകള്‍ക്കകം ഇന്ത്യയില്‍ വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്ന ടിക് ടോക് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ബ്ലോക്ക് ചെയ്തു. ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടിക് ടോക് നീക്കാന്‍ ആപ്പിളിലും ഗൂഗിളിനും ഇന്നലെ രാത്രിയോടെ ആണ് നിര്‍ദേശം നല്‍കിയത്. ചെറുവീഡിയോകള്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ച് തയ്യാറാക്കിയ ടിക് ടോക് ആപ്പില്‍ ഇന്ത്യയില്‍ 54 ലക്ഷത്തോളം സജീവ അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.  ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നും ഇനി ഇന്ത്യയില്‍ ടിക്ടോക് ഡൗണ്‍ലോഡ് ചെയ്യാനാവില്ല. ‘നിങ്ങളുടെ രാജ്യത്ത് ഈ ആപ്പ് ലഭ്യമല്ല’ എന്ന സന്ദേശമാണ് ഇപ്പോള്‍ ലഭിക്കുന്നത്. കേന്ദ്രം നിര്‍ദേശിച്ച 59 ആപ്പുകളും 24 മണിക്കൂറിനുള്ളില്‍ പ്രവര്‍ത്തനരഹിതമാകും.

ടിക് ടോക്കിന് പുറമെ ഷെയര്‍ഇറ്റ്, യുസി ബ്രൗസര്‍, ഹലോ, ലൈക്കീ, യൂക്യാം മേക്ക്അപ്പ്, വീചാറ്റ്, വിഗോ വീഡിയോ ഉള്‍പ്പടെ 59 ആപ്ലിക്കേഷന്‍സാണ് നിരോധിച്ചിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്‌ക്കും ദേശീയ സുരക്ഷയ്‌ക്കും പ്രതിരോധത്തിനും ആത്യന്തികമായി തടസ്സമാകുന്ന വിഷയങ്ങള്‍ വലിയ ആശങ്കയാണെന്നും ഇതില്‍ അടിയന്തര നടപടി ആവശ്യമാണെന്നും കേന്ദ്രം പറയുന്നു.  ചൈന അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടാക്കിയതോടെയാണ് കേന്ദ്രം കടുത്ത നടപടികളിലേക്ക് കടന്നത്.  

ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും 130 കോടി ഇന്ത്യക്കാരുടെ സ്വകാര്യത പരിരക്ഷിക്കുന്നതിലും ആശങ്കയുണ്ട്. ഇത്തരം ആശങ്കകള്‍ നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്‌ക്കും ഭീഷണിയാണെന്ന് അടുത്തിടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.  ഇന്ത്യയ്‌ക്ക് പുറത്തുള്ള സ്ഥലങ്ങളുള്ള സെര്‍വറുകളിലേക്ക് ഉപയോക്താക്കളുടെ ഡാറ്റ അനധികൃതമായി മോഷ്ടിക്കുന്നതിനും രഹസ്യമായി കൈമാറുന്നതിനുമായി ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ചില മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ നിരവധി ഉറവിടങ്ങളില്‍ നിന്ന് വിവര സാങ്കേതിക മന്ത്രാലയത്തിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാരണത്താലാണ് 59 ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by