മാഡ്രിഡ്: ലാ ലിഗയില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയുടെ വീഴ്ച മുതലാക്കി റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി. എസ്പാന്യോളിനെ മടക്കമില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച റയല്‍ മാഡ്രിഡ് 32 മത്സരങ്ങളില്‍ 71 പോയിന്റുമായി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
റയലിനെക്കാള്‍ രണ്ട് പോയിന്റിന് പിന്നില്‍ നില്ക്കുന്ന ബാഴ്സലോണയാണ് രണ്ടാം സ്ഥാനത്ത്. 32 മത്സരങ്ങളില്‍ 69 പോയിന്റ്.
കഴിഞ്ഞ ദിവസം ബാഴ്സ നിര്‍ണായക മത്സരത്തില്‍ സെല്‍റ്റ വിഗോയോട് സമനില പിടിച്ചതിനെ തുടര്‍ന്നാണ് റയല്‍ മാഡ്രിഡിന് മുന്നില്‍ക്കയറാന്‍ അവസരം ഒരുങ്ങിയത്്. ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയിച്ചാല്‍ റയലിന് ലാ ലിഗ കിരീടത്തില്‍ മുത്തമിടാം. എസ്പാന്യോളിനെതിരെ കരീം ബെന്‍സേമ സാഹസികമായി നല്കിയ ബാക്ക് പാസാണ് റയലിന്റെ വിജയഗോളിന് വഴിയൊരുക്കിയത്. ബെന്‍സെമയുടെ പാസ് മുതലാക്കി കസീമിറോ എസ്പാന്യോളിന്റെ ഗോള്‍ വല കുലുക്കി.
ബെന്‍സേമയുടെ മിന്നുന്ന പ്രകടനമാണ് ഗോളിന് വഴി തുറന്നത്്. ഈ ഗോള്‍ ബെന്‍സേമയ്ക്ക് സമര്‍പ്പിക്കുന്നതായി കസീമിറോ മത്സരശേഷം പറഞ്ഞു.
ബെന്‍സേമയുടെ പ്രകടനത്തില്‍ ഞാന്‍ അത്ഭുതപ്പെടുന്നില്ല. കാരണം പിച്ചില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ബെന്‍സേമയ്ക്ക് നന്നായി പന്ത് നിയന്ത്രിക്കാനും കഴിയുമെന്ന്് റയല്‍ മാഡ്രിഡ് പരിശീലകന് സിനദിന്‍ സിദാന് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: