തിരുവനന്തപുരം: നിയന്ത്രണങ്ങളും മുന്‍കരുതലുകളും കാറ്റില്‍പ്പറത്തി നഗരത്തില്‍ പലയിടങ്ങളിലും അലക്ഷ്യമായ മാസ്ക് വില്‍പ്പന സജീവം. യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ പെട്ടിക്കടകളിലും പച്ചക്കറി വില്‍ക്കുന്ന കടകളിലും ഉള്‍പ്പെടെ മുഖാവരണങ്ങള്‍ തൂങ്ങിക്കിടക്കുന്ന കാഴ്ചകളാണ് നഗരത്തിലെങ്ങും കാണുന്നത്. ആളുകളെ ആകര്‍ഷിക്കാന്‍ പല നിറങ്ങളിലുള്ള മുഖാവരണങ്ങള്‍ വിപണിയിലെത്തിയതോടെ കടയുടെ വെളിയിലേക്ക് തട്ട് അടിച്ചും വള്ളിയില്‍ തൂക്കിയിട്ടുമാണ് മിക്കയിടത്തും വില്പന കൊഴിപ്പിക്കുന്നത്.
കൃത്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ കട്ടി കുറഞ്ഞ തുണിയിലുള്ള മാസ്ക്കുകളാണ് പലയിടത്തും വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. മാസ്ക് വയ്ക്കാത്തവര്ക്കെതിരെയുള്ള നിയമനടപടി പോലീസ് ജില്ലയില്‍ കര്‍ശനമാക്കിയതോടെയാണ് സുരക്ഷയില്ലാത്ത മാസ്കുകള്‍ ജില്ലയില്‍ വില്‍പ്പനയ്ക്ക് സജീവമായത്.
റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ പുകയും അന്തീക്ഷത്തിലെ പൊടിയും ഏറ്റുകിടക്കുന്നതാണ് ആളുകള്‍ വാങ്ങി ഉപയോഗിക്കുന്നതെന്നും ആക്ഷേപമുണ്ട്. ചില കടയ്ക്കുള്ളില്‍ മുന്‍കരുതലുകളൊന്നുമില്ലാതെ മുഖാവരണങ്ങള്‍ കൂട്ടിയിട്ടാണ് വില്‍പ്പന. ഇവയില്‍നിന്ന് ആളുകള്‍ മാസ്ക്കുകള്‍ മുഖത്ത് വച്ചുനോക്കി ഇഷ്ടപ്പെട്ടില്ലെങ്കില്‍ തിരിച്ചിടുന്നെന്നും ആക്ഷേപമുണ്ട്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് കടകള്‍ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ മുഖാവരണങ്ങള്‍ കൂടുകളില്‍ പിന് ചെയ്തായിരുന്നു വില്‍പ്പനയെങ്കില്‍ ഇപ്പോള്‍ സ്ഥിതി മാറിക്കഴിഞ്ഞു. ജില്ലയില്‍ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ പോലീസും ആരോഗ്യവകുപ്പും പരിശോധനകള്‍ കര്‍ശനമാക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: