ന്യൂദല്‍ഹി: കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍, ജീവിതവും ജീവിതമാര്‍ഗങ്ങളും ഒരുപോലെ സംരക്ഷിക്കാന്‍ രാജ്യത്തെ എല്ലാ പൗരന്മാരും ശ്രദ്ധിക്കണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. മിക്ക ലോകരാജ്യങ്ങളും, ലോക്ഡൗണ്‍ നടപടികള്‍ അവസാനിപ്പിച്ച്, സമ്പദ് വ്യവസ്ഥ കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
നമ്മുടെ രാജ്യത്തിന്റെ ശക്തി ആത്മീയതയിലുള്ള ആശ്രയത്തിലും ശാസ്ത്രത്തിലുള്ള വിശ്വാസത്തിലുമാണ്. സുരക്ഷിതരായി കഴിയാന്‍ നിലവില്‍ നമുക്ക് മുന്‍പിലുള്ള മാര്‍ഗങ്ങള്‍, മുഖാവരണങ്ങളുടെ ഉപയോഗം, സാമൂഹിക അകലം പാലിക്കല്‍, കൃത്യമായ ഇടവേളകളിലുള്ള കൈകഴുകല്‍ എന്നിവ മാത്രമാണ്. ഇവയ്ക്കൊപ്പം തന്നെ, രോഗപ്രതിരോധശേഷി കൂട്ടുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള, പരമ്പരാഗത ഭക്ഷണങ്ങള്‍, ഔഷധ സസ്യക്കൂട്ടുകള് എന്നിവയുടെ ഉപയോഗവും ശീലിക്കാന്‍ ശ്രദ്ധിക്കണം. വീടുകളില്‍ തന്നെ ചെയ്യാന്‍ സാധിക്കുന്ന യോഗ, പ്രാണായാമ, വ്യായാമമുറകള്‍ എന്നിവ നമ്മുടെ ശരീരത്തെ കരുത്തുള്ളതാക്കുന്നതിനൊപ്പം, വൈറസ് ബാധയില്‍ നിന്നു സംരക്ഷിക്കുമെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. കുടുംബങ്ങളുമായും, സുഹൃത്തുക്കളുമായും നിരന്തരം ബന്ധം പുലര്‍ത്താന്‍ ശ്രദ്ധിക്കണമെന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം, വെര്‍ച്വല്‍ ആണെങ്കില്‍ കൂടിയും, ഒരുമയുടെ അനുഭവം പകരാന്‍ സാങ്കേതികവിദ്യ സഹായിക്കുന്നതായും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: