പരപ്പ: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതെ വഴിമുട്ടി നില്ക്കുന്ന സഹോദരിമാരെ സഹായിക്കാന്‍ സിപിഎം നേതാവും കിനാനൂര്‍ കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡന്‍ുമായ ബാലകൃഷ്ണന് പത്ര വാര്‍ത്ത കാണേണ്ടി വന്നു. ഇതിന്റെ ജാള്യത മറയ്ക്കാനാണ് രഘുനാഥിന്റെ വീട്ടിലേക്ക് ഫോണുമായെത്തിയത്. വാര്‍ഡ് മെമ്പറുകൂടിയായ വൈസ് പ്രസിഡന്റിന്റെ വീട്ടിനു തൊട്ടരികെ താമസിക്കുന്ന രഘുനാഥ്-സുമ ദമ്പതികളുടെ രണ്ട് പെണ്മക്കള്ക്ക് പഠിക്കാന്‍ വൈദ്യുതിയും ഓണ്‍ലൈന്‍ പഠന സൗകര്യവുമില്ലാതെ കഴിഞ്ഞ് കൂടുന്നത് കഴിഞ്ഞ ദിവസം ജന്മഭൂമി ദിനപത്രത്തില്‍ വാര്‍ത്ത വന്നിരുന്നു.
പത്രവാര്‍ത്ത വന്നതിനെ തുടര്‍ന്ന് ജാള്യത മറക്കാനായി മറ്റുള്ളവര്‍ സഹായവുമായെത്തുന്നതിന് മുന്നെ ഫോണുമായി ഓടിയെത്തുകയായിരുന്നു വൈസ് പ്രസിഡണ്ടും സിപിഎം നേതാക്കളും. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ഈ കുടുംബം വീടും വൈദ്യുതിയുമില്ലാതെ വര്‍ഷങ്ങളായി കഷ്ടത അനുഭവിക്കുകയാണ്. വീടിനായി പല തവണ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും നിരാകരിച്ചു. റേഷന്‍ കാര്‍ഡ് എപിഎല്‍ ആയതിനാല്‍ മറ്റാനുകൂല്യങ്ങളൊന്നും കിട്ടിയിരുന്നില്ല. കാര്‍ഡ് ബിപിഎല്ലിലേക്ക് മാറ്റാന്‍ സപ്ലൈ ഓഫീസില്‍ അപേക്ഷ കൊടുത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്ന് കുടുംബം കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. പ്രധാനമന്ത്രിക്ക് കുട്ടികള്‍ കത്തയക്കുകയും ചെയ്തിരുന്നു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്തും പ്രവര്‍ത്തകരും കഴിഞ്ഞ ദിവസം ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് കളക്ടറെ ബന്ധപ്പെട്ട് പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കളക്ടര്‍ ഇടപെട്ട് വീടും വൈദ്യുതിയും ലഭ്യമാക്കാനും റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കാനും ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്കി. ഈ വിവരങ്ങള്‍ അറിഞ്ഞ ഉടനെയാണ് നാണക്കേട് മറക്കാന്‍ സ്മാര്‍ട് ഫോണുമായി വൈസ് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ വീട്ടിലെത്തിയത്.
സാമൂഹ്യമാധ്യമത്തില്‍ കണ്ടാണ് കുടുംബത്തിന്റെ ദൈന്യത മനസ്സിലായതെന്നാണ് പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ വാദം. സ്വന്തം വീടിന് തൊട്ടരികിലുള്ള കുടുംബത്തിന്റെ ദുരിതം മനസ്സിലാക്കാന്‍ സാമൂഹ്യ മാധ്യമത്തില്‍ വാര്ത്തവരേണ്ടി വന്നുവെന്ന സിപിഎം നേതാവിന്റെ പരാമര്‍ശം പാര്‍ട്ടിക്കും പഞ്ചായത്തിനും നാണക്കേടാണെന്ന് അണികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: